തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ മാര്‍ ജോസഫ് പാംപ്ലാനിയുമായി ‘ഏഷ്യാനെറ്റ് ന്യൂസ്’ നടത്തിയ ഇന്‍റര്‍വ്യൂ ഇന്നലെ നിരവധി പേര്‍ അയച്ചുതന്നു, അതില്‍ ഏതാനും പേര്‍ ഉയര്‍ത്തിയ ഒരു ആശങ്ക ”മാര്‍ ജോസഫ് പാംപ്ലാനി കാസയെ തള്ളിപ്പറഞ്ഞു” എന്നതായിരുന്നു. ഇക്കാര്യം പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായും കണ്ടു.
ഈ ഇന്‍റര്‍വ്യൂവിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ചോദ്യത്തിന് മാര്‍ പാംപ്ലാനി നല്‍കിയ മറുപടിയുടെ വെളിച്ചത്തില്‍ വേണം ”കാസ”യെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രതികരണത്തെ വിലയിരുത്താന്‍. ചോദ്യമിതാണ്:
🔷 തെരഞ്ഞെടുപ്പു കാലമാണ് ഇനി വരാനിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. സഭാ വിശ്വാസികള്‍ക്ക് എന്തെങ്കിലും സന്ദേശം കൊടുക്കുമോ?
മാർ ജോസഫ് പാംപ്ലാനിയുടെ മറുപടി: “ഒരിക്കലും കൊടുക്കില്ല. സഭ സഭയുടെ വിശ്വാസികളെn വേണ്ടത്ര വിദ്യാഭ്യാസം നല്‍കി സ്വതന്ത്രമായി ചിന്തിക്കാനും ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനും ഉള്ള വിവേകവും വിവേചനശേഷിയുമുള്ള സമൂഹമായിട്ടാണ് വളര്‍ത്തിയിട്ടുള്ളത്. ഞങ്ങളാരും പ്രത്യേകിച്ച് ഒരു നിര്‍ദ്ദേശവും പറയാതെ ശരിയായ തീരുമാനം ശരിയായ സമയത്ത് എടുക്കാന്‍ ഞങ്ങളുടെ ജനത്തിന് കഴിയും എന്ന ഉത്തമവിശ്വാസം ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ട് മറ്റേതൊരു വിഭാഗത്തില്‍പ്പെട്ടവര്‍ ഇന്നവര്‍ക്കാണ് ഞങ്ങളുടെ പിന്തുണ എന്നു പറഞ്ഞാലും കേരളസഭയില്‍ അപ്രകാരമൊരു പ്രസ്താവന ഉണ്ടാവുകയില്ല. ഇന്ന പാര്‍ട്ടിയാണ് നമ്മുടെ പാര്‍ട്ടി എന്ന പ്രസ്താവന ഉണ്ടാവുകയില്ല”
സഭാമക്കളേക്കുറിച്ച് കേരളത്തിലെ കത്തോലിക്കാ സഭയുടെ ആത്മവിശ്വാസമാണ് മാര്‍ പാംപ്ലാനിയുടെ ഈ വാക്കുകളില്‍ പ്രതിഫലിച്ചത്. വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള ഒരു സമൂഹമായി കേരളത്തിലെ ക്രൈസ്തവരെ മുഴുവന്‍ രൂപപ്പെടുത്തുവാന്‍ സഭയ്ക്ക് സാധിച്ചു. ഇത് മഹത്തായ കാര്യമാണ്. ഇതിലൂടെ ഓരോ മലയാളി ക്രൈസ്തവനും സ്വന്തമായ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വീക്ഷണം ഉണ്ടായി. തല്‍ഫലമായി രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമകളായി തരംതാഴാതെ ഉചിതമായ സമയത്ത് യുക്തമായ തീരുമാനങ്ങളെടുക്കാന്‍ ഓരോ ക്രൈസ്തവനും കഴിയുന്നു. കാലികമായുള്ള സാഹചര്യങ്ങളേ വിലയിരുത്തി അവര്‍ കമ്യൂണിസ്റ്റിനെയോ കോണ്‍ഗ്രസിനെയോ ബിജെപിയെയോ പിന്തുണയ്ക്കുന്നു. രാഷ്ട്രീയ അടിമയായി അധഃപതിക്കാതെ രാജ്യത്തിനുവേണ്ടി, ജനാധിപത്യത്തിനുവേണ്ടി, മതേതരത്വത്തിനുവേണ്ടി അവര്‍ നിലകൊള്ളുന്നു. മാര്‍ പാംപ്ലാനി വച്ചുപുലര്‍ത്തുന്ന ഈ ആത്മവിശ്വാസം കേരള സഭയുടെ ശക്തിയാണ്. ഇതിന്‍റെ വെളിച്ചത്തില്‍ വേണം “കാസ”യെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രതികരണത്തെ സമീപിക്കാന്‍.
🔷ചോദ്യം: കാസ സഭയുടെ പിന്തുണയുള്ള സംഘടനയാണോ?
ഉത്തരം: “കാസ സഭയുടെ പിന്തുണ ചോദിച്ച് ഇതുവരെയും വന്നിട്ടില്ല, സഭ അവരെ ഒരു ഔദ്യോഗിക സംഘടനയായി എവിടെയും ഏറ്റുപറഞ്ഞിട്ടുമില്ല”
🔷ചോദ്യം: പക്ഷേ അതില്‍ പുരോഹിതര്‍ ഉള്‍പ്പെടെയുണ്ട്
“ഉണ്ടാകാം, ഇല്ലാതിരിക്കാം. കാരണം ഞങ്ങള്‍ ആരും സഭയുടെ ഏതെങ്കിലും ഒരു ഔദ്യോഗിക വിഭാഗത്തില്‍നിന്ന് കാസ സഭയുടെ സംഘടനയാണെന്ന് പറഞ്ഞിട്ടില്ല. അവരുടെ അഭിപ്രായസ്വാതന്ത്ര്യങ്ങളുടെ വെളിച്ചത്തില്‍ സംസാരിക്കുന്നുണ്ടാകാം….”
ഇവിടെ മാര്‍ ജോസഫ് പാംപ്ലാനി നില്‍കിയിരിക്കുന്ന മറുപടിയും രാഷ്ട്രീയത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്‍റെ മറുപടിയും ചേര്‍ത്തു ചിന്തിക്കേണ്ടതുണ്ട്. സ്വതന്ത്രമായ രാഷ്ട്രീയ ബോധവും സാമൂഹിക വീക്ഷണവും ആവശ്യത്തിന് വിദ്യാഭ്യാസവുമുള്ള ക്രൈസ്തവരുടെ സംഘടനയാണ് “കാസ” അവര്‍ക്ക് സംഘടിക്കാനും പ്രവര്‍ത്തിക്കാനും സഭയുടെ ഔദ്യോഗിക അംഗീകാരം ആവശ്യമില്ല. അതിനാല്‍ “കാസ” സഭയുടെ പിന്തുണ ചോദിച്ച് ഇതുവരെയും ആരേയും സമീപിച്ചിട്ടില്ല. സഭാതനയര്‍ തങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗിക്കില്ല, അവര്‍ ക്രൈസ്തവ മൂല്യങ്ങളില്‍ നിലകൊള്ളുമെന്നും പരിധികള്‍ ലംഘിക്കില്ല എന്നും ഉത്തമബോധ്യമുള്ളതിനാല്‍ ഔദ്യോഗികമായി “കാസ”യെ അംഗീകരിക്കുകയോ തള്ളിപ്പറയുകയോ ചെയ്യേണ്ട കാര്യവും സഭയ്ക്കില്ല. ഇത് “കാസ”യെ സംബന്ധിച്ച്, സഭയിലെ ഭക്തസംഘടനകള്‍ അല്ലാതെയുള്ള മറ്റേതൊരു സംഘടനയേയും രാഷ്ട്രീയപാര്‍ട്ടികളേയും സംബന്ധിച്ച് സഭ കൈക്കൊള്ളുന്ന ഏറ്റവും നല്ല നിലപാടായി മനസ്സിലാക്കുന്നു.
ഇതിനെ വളച്ചൊടിച്ചും വേണ്ടവിധം മനസ്സിലാക്കാതെയുമാണ് “മാര്‍ ജോസഫ് പാംപ്ലാനി കാസയെ തള്ളിപ്പറഞ്ഞു” എന്നു ചിലര്‍ പ്രചരിപ്പിക്കുന്നത് എന്നാണ് എന്‍റെ വിലയിരുത്തല്‍.
മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രതികരണത്തെ വളരെ ആഴത്തില്‍ പരിശോധിച്ചാല്‍, “കാസ”യ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാവിധ അംഗീകാരവും സഭയുടെ പക്ഷത്തുനിന്നുണ്ട് എന്ന് അദ്ദേഹം അടിവരയിട്ട് പ്രസ്താവിക്കുകയായിരുന്നു എന്നുവേണം കരുതാന്‍.
കടപ്പാട് : മാത്യു ചെമ്പുകണ്ടത്തിൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group