മണിപ്പൂരിലെ ക്രിസ്ത്യൻ സ്കൂളിൽ നടന്ന സ്ഫോടനത്തിൽ പ്രതിഷേധിച്ച് എല്ലാ കത്തോലിക്കാ സ്കൂളുകളും ഇന്ന് മുതൽ അടച്ചിടും

മണിപ്പൂരിന്റെ തലസ്ഥാന നഗരമായ ഇംഫാലിൽ സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ളവർ സ്കൂളിലുണ്ടായ സ്ഫോടനത്തിൽ പ്രതിഷേധിച്ച് മണിപ്പൂരിലെ എല്ലാ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂൺ ഏഴ് മുതൽ അടച്ചിടാൻ മണിപ്പൂരിലെ കത്തോലിക്കാ എഡ്യുക്കേഷണൽ സൊസൈറ്റി തീരുമാനിച്ചു.

പ്രമുഖ ക്രിസ്ത്യൻ മിഷനറി സ്കൂളിൽ നടന്ന സംഭവത്തെ തുടർന്ന് മണിപ്പൂരിലെ കത്തോലിക്കാ എഡ്യുക്കേഷണൽ സൊസൈറ്റി (സിഇഎസ്എം) എക്സിക്യൂട്ടീവുകളുമായും ആർച്ചുബിഷപ്പ് ഹൗസ് കൂരിയ ഭാരവാഹികളുമായും നടത്തിയ അടിയന്തര യോഗത്തിലാണ് തീരുമാനമെന്ന് സിഎസ്ഇഎം ഡയറക്ടർ ഫാ. സ്റ്റീഫൻ ടൗത്താങ് പറഞ്ഞു. “ജൂൺ അഞ്ചിന് പുലർച്ചെയാണ് ലിറ്റിൽ ഫ്ലവർ സ്കൂളിൽ ചില അജ്ഞാതരായ അക്രമികൾ ബോംബ് സ്ഫോടനം നടത്തിയത്. സ്ഫോടനത്തിൽ സ്കൂൾ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ നശിക്കുകയും ജനൽ ചില്ലുകൾ തകർക്കപ്പെടുകയും ചെയ്തു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല എന്നും ഫാ. സ്റ്റീഫൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പ്രതിഷേധ സൂചകമായി ജൂൺ ആറിന് ലിറ്റിൽ ഫ്ലവർ സ്കൂളിന് മുന്നിൽ ജീവനക്കാരും വിദ്യാർത്ഥികളും കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു . വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സ്കൂളിനെ അക്രമരഹിത മേഖലയാക്കണമെന്നും പ്രതിഷേധക്കാർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. “ഞങ്ങളുടെ സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. ഭയമില്ലാതെ ജീവിക്കാൻ ഞങ്ങളെ അനുവദിക്കൂ. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കൂ. മഹാമാരിയെ ഞങ്ങൾ അതിജീവിച്ചതേയുള്ളു”- എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തി.

വിദ്യാർത്ഥികളുടെ വളർച്ചയ്ക്കും സർവ്വോന്മുഖമായ വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്കൂളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സി. കൈനി മാർത്ത പറഞ്ഞു. ഐക്യദാർഢ്യത്തോടെ പ്രതിഷേധ പരിപാടിയിൽ പങ്കു ചേരാൻ രക്ഷിതാക്കളെയും മുൻകാല വിദ്യാർത്ഥികളെയും സ്കൂൾ ജീവനക്കാരെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഹെഡ്മിസ്ട്രസ് അറിയിച്ചു.

അതേസമയം, മണിപ്പൂർ കാത്തലിക് യൂണിയനും സംഭവത്തെ അപലപിച്ചു രംഗത്തെത്തി. ഇത്തരം അക്രമങ്ങൾ സ്കൂൾ സാഹോദര്യത്തിന് മാത്രമല്ല, വിദ്യാഭ്യാസ അന്തരീക്ഷത്തിനും ദോഷം വരുത്തുമെന്ന് യൂണിയൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വളർച്ചയ്ക്കും വികസനത്തിനും അനുയോജ്യമായ അന്തരീക്ഷം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group