കൊച്ചി :പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ല. എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ പ്രോട്ടോകോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യ മരുന്നുകള്‍ കെ.എം.എസ്.സി.എല്‍. മുഖേന ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
ജാഗ്രതാ കാമ്പയിന്റെ ഭാഗമായി ‘മാരിയില്ലാ മഴക്കാലം’ എന്ന പേരില്‍ പ്രത്യേക കാമ്പയിന്‍ ആരംഭിച്ചു. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതമായി നടത്തിയിരുന്നു. ശുചീകരണത്തില്‍ നിരന്തരമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. വീടും പരിസരവും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. ഇതിലൂടെ ഡെങ്കിപ്പനി, സിക പോലുള്ള കൊതുകുജന്യ രോഗങ്ങള്‍ പ്രതിരോധിക്കാം. കൊതുകിന്റെ ഉറവിട നശീകരണം അതുകൊണ്ടുതന്നെ ഉറപ്പാക്കേണ്ടതാണ്. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. വീടിന്റെ അകത്തെ ചെടിച്ചട്ടികളും മണിപ്ലാന്റും ഫ്രിഡ്ജിന്റെ ഡ്രേയും കൊതുകിന്റെ ഉറവിടമാകുന്നതിനാല്‍ വലിയ ദോഷം ചെയ്യും. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ വരാതിരിക്കാന്‍ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. മാലിന്യങ്ങള്‍ വലിച്ചെറിയരുത്. പാഴ് വസ്തുക്കള്‍ മഴവെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ മൂടിവയ്ക്കുക. സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടി കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആക്രി സാധനങ്ങള്‍ മഴനനയാതിരിക്കാന്‍ മേല്‍ക്കൂര ഉണ്ടായിരിക്കണം. നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകളിലും മറ്റുമുള്ള വെള്ളം അടച്ച് സൂക്ഷിക്കണം. ആരോഗ്യ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും ഇക്കാര്യം ഉറപ്പ് വരുത്തണം.
രോഗം ബാധിച്ചാല്‍ ശ്രദ്ധിക്കാതിരുന്നാല്‍ എലിപ്പനി ഗുരുതരമാകും. അതിനാല്‍ മണ്ണിലും വെള്ളത്തിലും ഇറങ്ങുന്നവര്‍, ജോലി ചെയ്യുന്നവര്‍, കളിക്കുന്നവര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ എന്നിവര്‍ എലിപ്പനി ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഹൈ റിസ്‌ക് ജോലി ചെയ്യുന്നവര്‍ ഗ്ലൗസും കാലുറയും ഉപയോഗിക്കണം തുടങ്ങിയ ഒട്ടനവധി നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group