ജാഗ്രതാ നിർദ്ദേശത്തെ ദുർവ്യാഖ്യാനം ചെയ്ത് പാലാ മെത്രാനെതിരെ കേസെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നത് പ്രതിഷേധാർഹമാണെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ
ലോകമെമ്പാടും കാലങ്ങളോളമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചില ആപത്തുകളുടെ ലക്ഷണങ്ങൾ കേരളത്തിലും പ്രകടമാകുന്നു എന്നുള്ള ആശങ്ക ഒരു മെത്രാന്റേത് മാത്രമല്ല, ചിന്തിക്കുന്ന ഓരോ മലയാളിയുടേതും കൂടിയാണ്. മയക്കുമരുന്നിന്റെ വിൽപ്പനയും ഉപയോഗവും വർദ്ധിക്കുന്നത്തിന് ആനുപാതികമായി തീവ്രവാദ പ്രവർത്തനങ്ങളും വർദ്ധിച്ചിട്ടുള്ള ചരിത്രം ലോകത്തിൽ പല രാജ്യങ്ങളിലുമുണ്ട്. അതിന്റെ സൂചനകൾ ഇന്ന് നമുക്കിടയിലും പലരീതിയിൽ പ്രകടമാകുന്നു. കേരളത്തിലെ തീവ്ര സ്വഭാവമുള്ള ചില ഇസ്ലാമിക സംഘടനകൾക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും, കേരളത്തിൽ തീവ്രവാദികളുടെ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെന്നും പോലീസ് മേധാവികളും കേന്ദ്ര അന്വേഷണ ഏജൻസികളും അന്താരാഷ്ട്ര ഏജൻസികളും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.
ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ കേരളത്തിൽ നിന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഇന്ത്യയ്ക്ക് വെളിയിലേക്ക് പോയിട്ടുള്ളവരുടെ എണ്ണം നൂറോളം വരുമെന്ന് ബഹു. മുഖ്യമന്ത്രി തന്നെ കഴിഞ്ഞയിടെ പറയുകയുണ്ടായി. മാത്രമല്ല, കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ ഇസ്ലാം സമൂഹത്തിനിടയിൽ സർക്കാർ നടത്തിയ ഡീറാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ വഴിയായി ആറായിരത്തോളം പേരെ തീവ്രവാദ പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയത് നടുക്കത്തോടെയാണ് മലയാളികൾ കേട്ടത്. സർക്കാർ ഖജനാവിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ഒരു സമുദായത്തിനുള്ളിൽ ഡീറാഡിക്കലൈസേഷൻ നടത്തിവരുന്നുണ്ടെങ്കിൽ ആ സമൂഹത്തിൽ തീവ്രവാദ പ്രചാരണങ്ങളും അതിനായുള്ള സ്വാധീനങ്ങളും സജീവമായുണ്ട് എന്നുള്ളതിന് അത് ശക്തമായ തെളിവ് തന്നെയാണ്. വാസ്തവങ്ങൾ ഇപ്രകാരമായിരിക്കെ, അപൂർവ്വം ചില ഇസ്ലാമിക സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് കത്തോലിക്കാ വിശ്വാസികൾക്ക് പാലാ മെത്രാൻ നൽകിയ മുന്നറിയിപ്പ് വർഗ്ഗീയ പ്രചാരണമാകുന്നത് എങ്ങനെയെന്ന് അത്തരം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളമെമ്പാടും ഒപ്പുശേഖരണവും കാമ്പെയിനിംഗുകളും നടത്തുകയും നിയമനടപടികൾക്കായി പരക്കംപായുകയും ചെയ്യുന്നവർ വ്യക്തമാക്കേണ്ടതുണ്ട്.
ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചു എന്നതാണ് പ്രശ്നമെങ്കിൽ, വർഷങ്ങളായി കേരളത്തിൽ പ്രചരിക്കുന്ന ചില ഗ്രന്ഥങ്ങളിൽ ജിഹാദ് എന്നാൽ, അമുസ്ലീങ്ങളോട് ആയുധവും അടവുകളും ഉപയോഗിച്ച് പോരാടുന്നതും അവരെ ഇല്ലാതാക്കുന്നതുമാണെന്ന് ഊന്നിപ്പറയുന്നതിനെക്കുറിച്ച് ഇസ്ലാമിക പണ്ഡിതർ വ്യക്തമാക്കേണ്ടതുണ്ട്. നാർക്കോ – ജിഹാദ് എന്ന വാക്ക് പതിറ്റാണ്ടുകൾക്ക് മുമ്പ് മുതൽ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നതും അതിൽ വാസ്തവമുണ്ടെന്ന് നിരവധി സാമൂഹിക നിരീക്ഷകർ സ്ഥാപിച്ചിട്ടുള്ളതുമാണ്. അത്തരമൊരു പ്രതിഭാസവും ലോകത്തിൽ നടക്കുന്നുണ്ടെന്നുളളതിന് നിരവധി പത്രവാർത്തകൾ തന്നെ തെളിവായുണ്ട്. അങ്ങനെയല്ലെങ്കിൽ യുക്തിഭദ്രമായ വിശദീകരണങ്ങൾ ഈ സമൂഹത്തിന് നൽകുകയാണ് ആവശ്യം.
ചില തീവ്രവാദ സംഘടനകൾ കേരളത്തിലും തീവ്രവാദ ചിന്തകൾ പ്രചരിപ്പിക്കുന്നുണ്ട് എന്നുള്ളതിന് സമീപകാലത്ത് ചർച്ചാ വിഷയമായ “വിജയത്തിന്റെ വാതിൽ – വാളിന്റെ തണലിൽ” എന്ന ഗ്രന്ഥം തന്നെ ഉത്തമ ഉദാഹരണമാണ്. പീസ് സ്‌കൂൾ സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾ മലയാളികൾ മറന്നിട്ടുണ്ടാകാനിടയില്ല. തീവ്ര ഇസ്ലാമിക പ്രചാരണങ്ങൾ മുതൽ, വിദേശത്തേയ്ക്ക് തീവ്രവാദപ്രവർത്തനങ്ങൾക്കായി പോയതുവരെയുള്ള സംഭവവികാസങ്ങൾ അതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തപ്പെട്ടിരുന്നു. ഇസ്ലാമിക തീവ്രവാദികളെ അനുകരിച്ച് മതമൗലികവാദികൾ ഒരു അദ്ധ്യാപകന്റെ കൈ പരസ്യമായി വെട്ടി മാറ്റിയതും ഇതേ കേരളത്തിൽത്തന്നെയാണ്. സത്യമാകാനിടയാവരുതെന്ന് സാമാന്യജനത എന്നും ആഗ്രഹിക്കുന്ന ചില ആഹ്വാനങ്ങൾ ഇസ്ലാമിക മതപണ്ഡിതർ പൊതുവേദികളിൽ മലയാളത്തിൽ ഉച്ചത്തിൽ വിളിച്ചുപറയുന്ന ചില വീഡിയോകൾ സോഷ്യൽമീഡിയയിൽ ഇപ്പോഴും ലഭ്യമാണ്. ആരാണ് ഇവിടെ വർഗ്ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നതെന്ന് മനസിലാക്കാൻ സാമാന്യബുദ്ധിയുള്ള ആർക്കും ബുദ്ധിമുട്ടുണ്ടാകാനിടയില്ല.
അന്യമതസ്ഥരെ ഇല്ലാതാക്കണമെന്ന് പച്ചയ്ക്ക് ആഹ്വാനം ചെയ്യുന്ന ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരും, തീവ്രവാദ പ്രവർത്തനങ്ങൾക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നവരും അഭിമാനത്തോടെ പറഞ്ഞയക്കുന്നവരും, പൊതു സദസുകളിൽ തീവ്രവാദം പ്രസംഗിക്കുന്നവരും കേരളത്തിലുമുണ്ട് എന്നുള്ളത് തികഞ്ഞ വാസ്തവമായിരിക്കെ, ഒരു ദേവാലയ പ്രസംഗത്തിനിടയിൽ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുക മാത്രം ചെയ്ത മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെതിരെ കേസുമായി മുന്നോട്ടുപോകാൻ ഇസ്ലാമിക സമൂഹം തീരുമാനിച്ചിരിക്കുന്നത് തികച്ചും ദൗർഭാഗ്യകരമാണ്. അഭിവന്ദ്യ പാലാ മെത്രാൻ മറ്റാർക്കും ദ്രോഹം ചെയ്യണമെന്നോ, ആരെയും ഇല്ലാതാക്കണമെന്നോ, ആർക്കെങ്കിലും എതിരെ കരുനീക്കങ്ങൾ നടത്തണമെന്നോ, ആരെയെങ്കിലും വെറുക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. മറിച്ച്, മറ്റുള്ളവരുടെ നാശം ആഗ്രഹിക്കുന്ന ഈ സമൂഹത്തിലെ അപൂർവ്വം ചിലർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മാത്രമാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.
സാധാരണക്കാരും നല്ലവരുമായ ഭൂരിപക്ഷം ഇസ്ലാം മതവിശ്വാസികൾക്ക് യാതൊരു അസ്വസ്ഥതയും തോന്നേണ്ടതില്ലാത്ത ഒരു ദേവാലയ പ്രസംഗത്തെ തുടർന്ന് അത്ഭുതകരമായ കോലാഹലങ്ങളാണ് കേരളത്തിലുണ്ടായത്. സമസ്തയും ജമാഅത്തെ ഇസ്ലാമിയും തുടങ്ങിയ സംഘടനകളും ചില രാഷ്ട്രീയ പാർട്ടികളും വലിയ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാനിടയായി. നിർദോഷമായ ഒരു മുന്നറിയിപ്പ് നൽകിയ പാലാ മെത്രാനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേരളമെമ്പാടും ഒപ്പുശേഖരണം നടന്നു. വാസ്തവത്തിൽ ഒരു ശരാശരി മലയാളി വലിയ കൗതുകത്തോടെയാണ് ഈ സംഭവ വികാസങ്ങളെ നോക്കിക്കണ്ടത്. പൊലീസിന് സ്വമേധയാ കേസെടുക്കാൻ കഴിയുന്ന വിധത്തിൽ അന്യമതസ്ഥരെയും അന്യമതവിശ്വാസങ്ങളെയും അവഹേളിച്ചുകൊണ്ടും മതസ്പർദ്ധ വളർത്തിക്കൊണ്ടും കേരളത്തിൽ നടന്നിട്ടുള്ള പ്രഭാഷണങ്ങൾ പലതുണ്ട്. അത്തരത്തിലുള്ള പുസ്തകങ്ങൾ ഇന്നും പ്രചാരത്തിലുള്ളവയും നിരോധിക്കപ്പെട്ടവയുമുണ്ട്. മതസ്പർദ്ധ വളർത്തുകയും വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ പലതുണ്ടായിട്ടുണ്ട്. അത്തരം നിരവധി അവസരങ്ങളിൽ തിരുത്തൽ നടപടികൾ സ്വയം സ്വീകരിക്കേണ്ടതുണ്ടെന്ന് ഒരിക്കൽപ്പോലും തോന്നിയിട്ടില്ലാത്ത വ്യക്തികളും സംഘടനകളും, പലതും കണ്ടും കേട്ടും തോന്നിയ ആശങ്ക ഒരു വ്യക്തി സ്വന്തം ജനതയുടെ മുന്നിൽ സ്വകാര്യമായി പങ്കുവച്ചതിനെ ക്രിമിനൽ കുറ്റമായി കരുതുന്നു!
വാസ്തവത്തിൽ, പാലാ മെത്രാനെതിരെ ഇമാം കൗൺസിൽ നൽകിയ കേസിൽ, അദ്ദേഹത്തിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവുണ്ടായിരിക്കുന്നത് കേരളത്തിന്റെ മത മൈത്രിയെയും സാമൂഹിക സഹോദര്യത്തെയും തകർക്കുന്ന നടപടിയാണ്. കാരണം, സമൂഹത്തിന്റെ നന്മയാണ് ലക്ഷ്യമാക്കുന്നതെങ്കിൽ ഇമാം കൗൺസിലും ഇസ്ലാമിക സംഘടനകളും ഒറ്റപ്പെടുത്തേണ്ടത് ഈ സമൂഹത്തിൽ തീവ്രവാദ ചിന്തകൾ പ്രചരിപ്പിക്കുകയും വിദ്വേഷം പരത്തുകയും ചെയ്യുന്ന ഇസ്ലാം വിശ്വാസികൾക്കിടയിലെ ഒരു വിഭാഗത്തെയും അവരുടെ വാക്കുകൾ കേട്ട് തീവ്രവാദ പ്രവർത്തനങ്ങൾക്കിറങ്ങുന്ന ചിലരെയുമാണ്. അല്ലാതെ, ഗുരുതരമായ ചില രോഗലക്ഷണങ്ങൾ കണ്ട് തങ്ങളുടെ സമൂഹത്തിന് മുന്നറിയിപ്പ് നല്കുന്നവരെയല്ല. തങ്ങൾക്കിടയിലുള്ള ഗുരുതരമായ അപചയങ്ങൾകണ്ടില്ലെന്ന് നടിച്ചുകൊണ്ട് അതിനെതിരായി മുന്നറിയിപ്പുകൾ നൽകുന്നവർക്കെതിരെ പോരാടാനുള്ള തീരുമാനം ഇത്തരം വിഷയങ്ങളെ ഗൗരവമായി വീക്ഷിക്കുന്ന അനേകർക്ക് ആശങ്കാജനകവും, മുസ്‌ലിം സമുദായത്തിലെ നല്ലവരായ അനേകർക്ക് ദുർമാതൃക നൽകുന്നതുമാണ്. മാത്രമല്ല, ഈ പ്രവൃത്തി മതസൗഹാർദ്ദത്തെക്കുറിച്ചുള്ള തെറ്റായ സന്ദേശം നൽകുകയും ചെയ്യുന്നു. ഒരേ സമൂഹത്തിൽ ഒരുമിച്ചായിരിക്കുന്നവർ എന്ന നിലയിൽ പരസ്പരം പോരായ്മകൾ ചൂണ്ടിക്കാണിക്കാനും തെറ്റുകൾ തിരുത്താൻ അന്യോന്യം സഹായിക്കാനും എല്ലാ സമുദായ നേതൃത്വങ്ങൾക്കും കടമയുണ്ട്. ഈ വിവാദത്തിൽ ക്രിയാത്മകമായ നിലപാടുകൾ സ്വീകരിച്ച് സമൂഹത്തിൽ കടന്നുകൂടിയിട്ടുള്ള ആശങ്കകളെ ഇല്ലായ്മ ചെയ്യാനുള്ള ഉത്തരവാദിത്തമായിരുന്നു ഇസ്ലാമിക സമൂഹം ഏറ്റടുക്കേണ്ടത്.
കേരളത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതും, യുവജനങ്ങളിലും വിദ്യാർത്ഥികളിലും ഒരു വലിയ വിഭാഗം അതിന് അടിപ്പെടുന്നതും തികഞ്ഞ യാഥാർത്ഥ്യങ്ങളാണ്. ഇന്ത്യയിലുൾപ്പെടെ ലോകത്തിൽ വിറ്റഴിക്കപ്പെടുന്ന മയക്കുമരുന്നിൽ 80 ശതമാനവും ഉൽപ്പാദിപ്പിക്കപ്പെടുന്നത് അഫ്ഘാനിസ്ഥാൻ ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ ആണെന്നുള്ളതും, അത് വിറ്റുകിട്ടുന്ന പണം ഉപയോഗിക്കപ്പെടുന്നത് കൂടുതലും തീവ്രവാദ പ്രവർത്തനങ്ങൾക്കാണെന്നുള്ളതും യുഎനും അന്താരാഷ്ട്ര ഏജൻസികളും വെളിപ്പെടുത്തിയിട്ടുള്ള ചില യാഥാർത്ഥ്യങ്ങളാണ്. മയക്കുമരുന്ന് വിതരണ ശൃംഖലയിലെ ഇടനിലക്കാരും അവസാന കണ്ണിയിലുള്ളവരും ഉപഭോക്താക്കളും ജാതി മത വ്യത്യാസങ്ങൾക്ക് അതീതരാണ് എന്നതിനാൽ അതിന്റെ മുഖ്യ ലാഭവിഹിതം പോകുന്നത് തീവ്രവാദ സംഘടനകൾക്കാണ് എന്നത് വാസ്തവമല്ലാതാകുന്നില്ല. ലോകത്തെ മുഴുവൻ ആലസ്യത്തിലകപ്പെടുത്താൻ കഴിയുന്നത്ര വിവിധ രൂപഭാവങ്ങളിലുള്ള മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കാൻ വേദിയൊരുക്കുന്ന അഫ്ഘാനിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെയും അതിന്റെ ലാഭംകൊണ്ട് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെയും തള്ളിപ്പറയാനും ഒറ്റപ്പെടുത്താനുമാണ് ഇസ്ലാമിക സമൂഹം ആർജ്ജവം കാണിക്കേണ്ടത്. അതോടൊപ്പം കേരളത്തിൽ ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി പലരും ഇതിനകം വെളിപ്പെടുത്തിയിട്ടുള്ള വിവിധ തീവ്രവാദ സ്വാധീനങ്ങൾ തിരിച്ചറിഞ്ഞ് തിരുത്തൽ നടപടികൾ സ്വീകരിക്കാനും ഇസ്ലാമിക സമൂഹവും സംഘടനകളും തയ്യാറാകണം.
സാമുദായിക ഐക്യം ഒരു സമൂഹത്തിൽ പുലരാൻ വേണ്ടത് തീവ്രവാദ പ്രവണതകളെയും തിന്മയുടെ സ്വാധീനങ്ങളെയും കണ്ടില്ലെന്ന് നടിച്ച് പുറമെ സൗഹാർദ്ദം നടിക്കുകയും ഐക്യത്തിൽ ജീവിക്കുന്നതായി അഭിനയിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുകയല്ല. മറിച്ച്, സമൂഹത്തിന്റെ പൊതുനന്മയെ ലക്ഷ്യമാക്കി പക്വമായ നിലപാടുകൾ സ്വീകരിക്കുകയും, മറ്റുളവരുടെ ആശങ്കകളെയും മുന്നറിയിപ്പുകളെയും മുഖവിലയ്‌ക്കെടുത്ത് ആവശ്യമായ തിരുത്തൽനടപടികൾക്ക് സ്വയം വിധേയമാകാനുമുള്ള സന്നദ്ധത പ്രകടിപ്പിക്കുകയുമാണ്. അതിലൂടെയേ ഈ സമൂഹത്തിൽ സഹവർത്തിത്വവും സാഹോദര്യവും സാധ്യമാവുകയുള്ളൂ. ഈ ലക്ഷ്യത്തിനായി പരസ്പരാദരവോടും ഐക്യത്തോടും പ്രയത്നിക്കാനുള്ള ഉത്തരവാദിത്തം എല്ലാ മത സമുദായ നേതൃത്വങ്ങൾക്കുമുണ്ടെന്നും കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ വ്യക്തമാക്കി .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group