എല്ലാ മതങ്ങളിലെയും ദളിത് വിഭാഗങ്ങൾക്ക് പട്ടികജാതി പദവി നൽകണം എന്ന രംഗനാഥ മിശ്ര കമ്മീഷന്റെ റിപ്പോർട്ടിനോടു യോജിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ.
മറ്റു മതങ്ങളിലേക്കു പരിവർത്തനം നടത്തുന്നവർക്ക് അതുവരെയുള്ള അവരുടെ ജാതി നഷ്ടപ്പെടുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ വ്യക്തമാക്കി.
യഥാർത്ഥ സാഹചര്യങ്ങൾ വിലയിരുത്തി വിശദമായ പഠനം നടത്താതെയാണ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്നാണ് കേന്ദ്രം കുറ്റപ്പെടുത്തുന്നത്.
രാജ്യത്തെ സാമൂഹികാന്തരീക്ഷത്തെക്കുറിച്ച് വളരെ സങ്കുചിത മനോഭാവമാണ് കമ്മീഷൻ വച്ചുപുലർത്തിയത്. അതിനാൽ തന്നെ കമ്മീഷൻ റിപ്പോർട്ടിനെ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും പാർലമെന്റിന്റെയും രാഷ്ട്രപതിയുടെയും അധികാരത്തെ മാനിക്കുകയാണു വേണ്ടതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽ വിശ്വസിക്കുന്ന പിന്നാക്ക വിഭാഗങ്ങളും മറ്റു മതങ്ങളിൽ വിശ്വസിക്കുന്ന പിന്നാക്ക വിഭാഗങ്ങൾ തമ്മിലും പ്രകടമായ വ്യത്യാസമുണ്ടെന്ന് സത്യവാങ്മൂലത്തിൽ ന്യായീകരിക്കുന്നു. മാത്രമല്ല പല ഹിന്ദു ജാതികളിലുമുള്ള പോലെ അടിച്ചമർത്തലും തൊട്ടുകൂടായ്മയും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഇടയിൽ ഇല്ലാത്തതു കൊണ്ടാണ് ആ മതങ്ങളിലേക്കു പരിവർത്തനം ചെയ്തവരെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുത്താത്തതെന്നും കേന്ദ്രം വിശദീകരിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group