ദളിത് ക്രൈസ്തവ സംവംരണ വിഷയത്തിൽ കേന്ദ്ര നിലപാട് പ്രതിഷേധാർഹം: ചങ്ങനാശേരി അതിരൂപത ജാഗ്രതാ സമിതി

ചങ്ങനാശേരി: ഹിന്ദു, സിക്ക്, ബുദ്ധ മതങ്ങളിൽ വിശ്വസിക്കുന്ന പിന്നാക്ക വിഭാഗങ്ങളും മറ്റു മതങ്ങളിൽ വിശ്വസിക്കുന്ന പിന്നാക്ക വിഭാഗങ്ങളും തമ്മിൽ സ്വദേശി, വിദേശി എന്ന തരത്തിലുള്ള വേർതിരിവുണ്ടെന്ന കേന്ദ്ര സർക്കാർ നിലപാട് ഭരണഘടനാവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ചങ്ങനാശേരി
അതിരൂപത ജാഗ്രതാ സമിതി.

ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ പ്രകാരം എല്ലാ മതങ്ങൾക്കും തുല്യപദവിയും തുല്യ അവകാശങ്ങളുമുള്ളതാണ്, ഏതു മതത്തിൽ വിശ്വസിക്കുന്നതിനും എല്ലാ പൗരൻമാർക്കും സ്വാതന്ത്യവുമുള്ളതാണ്. 1947 ൽ മാത്രം രൂപപ്പെട്ട ഒരു രാഷ്ട്രത്തിൻ്റെ അതിർത്തികൾ മാനദണ്ഡമാക്കി പുരാതന കാലത്തു രൂപപ്പെട്ട മതങ്ങളെ സ്വദേശിയെന്നും വിദേശിയെന്നും വേർതിരിക്കുന്നത് യുക്തിരഹിതമാണ്.

ക്രിസ്തുമതം ഒന്നാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ വേരുറച്ചതാണ്. ഇതിനെ വിദേശമതമെന്ന് മുദ്രകുത്തുന്നത് സമൂഹത്തിൽ അനാവശ്യമായ ധ്രുവീകരണങ്ങൾക്കും മതസ്പർദയ്ക്കും വഴിവയ്ക്കുമെന്നും മതങ്ങൾ തമ്മിൽ വേർതിരിക്കുന്നത് യുക്തിരഹിതമാണെന്നും സമിതി അഭിപ്രായപ്പെട്ടു.

മതങ്ങൾ തമ്മിലുള്ള വേർതിരിവ് സർക്കാർ തന്നെ സൃഷ്ടിക്കുന്നത് ന്യായീകരിക്കാവുന്നതല്ല, മാത്രമല്ല സ്വാതന്ത്ര്യപ്രാപ്തി മുതൽ അവസര നിഷേധമനുഭവിക്കുന്ന ദളിത് ക്രൈസ്തവർക്ക് നീതി ഇനിയും അകലെയാണ് എന്ന് കേന്ദ്ര സർക്കാരിൻ്റെ ഈ നിലപാട് അർത്ഥമാക്കുന്നു.അതിനാൽ രാഷ്ട്രീയ ദുരുദ്ദേശത്തോടെ സ്വീകരിച്ചിക്കുന്ന ഭരണഘടനാവിരുദ്ധവും അനീതിപരവുമായ ഈ നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും ഈ നിലപാട് തിരുത്താൻ കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ശക്തമായി ആവശ്യപ്പെടണമെന്നും ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് -ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.