വത്തിക്കാൻ സിറ്റി :ജർമൻ ചാൻസിലർ പദവിയിൽനിന്ന് ഒഴിയാൻ ദിനങ്ങൾമാത്രം ശേഷിക്കേ ഫ്രാൻസിസ് മാർപാപ്പയെ കാണാൻ വത്തിക്കാനിൽ എത്തിയ ആംഗല മെർക്കലിന് സ്നേഹോഷ്മള സ്വീകരണം .ജർമ്മനിയിലെ ആദ്യത്തെ വനിതാ ചാൻസലറും ഒന്നര പതിറ്റാണ്ടിലധികം കാലം ജർമ്മനിയെ നയിച്ച ആഞ്ചല മെർക്കലിനെ ഒരുസംഘം സ്വിസ്ഗാർഡുമാരുടെ അകമ്പടിയോടെയാ വത്തിക്കാൻ കൊട്ടാരത്തിലേക്ക് സ്വീകരിച്ചത്.ഏതാണ്ട് 45 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയ്ക്കിടയിൽ യൂറോപ്പ്യൻ യൂണിയൻ, ആഗോള സംഘർഷങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചർച്ചയായി.
കൂടിക്കാഴ്ചയുടെ സമാപനത്തിൽ ഇരുവരും സ്‌നേഹസമ്മാനങ്ങളും കൈമാറി. നിരവധി പുസ്തകങ്ങളാണ് മെർക്കൽ പാപ്പയ്ക്ക് സമ്മാനിച്ചത്. ഞായറാഴ്ച സുവിശേഷ വിചിന്തനങ്ങളെ കുറിച്ചുള്ള മൂന്ന് വാല്യങ്ങൾ, വിഖ്യാത ചിത്രകാരൻ മൈക്കിൾ ആഞ്ചലോയെ കുറിച്ച് കലാ ചരിത്രകാരൻ ഹോർസ്റ്റ് ബ്രഡെകമ്പ് രചിച്ച ഗ്രന്ഥം എന്നിവയും അതിൽ ഉൾപ്പെടുന്നു. സഭ ജൂബിലി വർഷം ആഘോഷിക്കുമ്പോൾ തുറക്കുന്ന ‘ഹോളി ഡോർ’ന്റെ ചെറുപതിപ്പും ചാക്രിക ലേഖനങ്ങൾ ഉൾപ്പെടെയുള്ള പൊന്തിഫിക്കൽ പുസ്തകങ്ങളുമാണ് പാപ്പ മെർക്കലിന് സമ്മാനിച്ചത്.
ജർമൻ ചാൻസലർ എന്ന നിലയിൽ പാപ്പയുമായി നടത്തിയ അവസാന കൂടിക്കാഴ്ചയായിരുന്നു ഇത്. 2005ൽ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മരണത്തിന് ഏതാനും മാസങ്ങൾക്കു ശേഷമാണ് മെർക്കൽ ജർമൻ ചാൻസിലറായത്. ബെനഡിക്ട് 16-ാമൻ പാപ്പയുടെ ഭരണകാലത്ത് ഒരുതവണ വത്തിക്കാൻ സന്ദർശിച്ച അവർ, ഫ്രാൻസിസ് പാപ്പയുമായി നടത്തിയ അഞ്ചാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ഫ്രാൻസിസ് പാപ്പയുടെ സ്ഥാനാരോഹണ തിരുക്കർമങ്ങളിലും മെർക്കൽ പങ്കെടുത്തിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group