ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 വീണ്ടും റെക്കോർഡ് തിരുത്തി.
ചന്ദ്രയാൻ 3ന്റെ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്ത സ്ഥലത്തുനിന്നും അന്തരീക്ഷത്തിലേക്ക് 40 സെന്റിമീറ്റർ ഉയരുകയും വീണ്ടും 30 മുതൽ 40 സെന്റീമീറ്റർ വരെ അകലത്തിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡിംഗ് നടത്തുകയും ചെയ്തു കൊണ്ടാണ് ചരിത്ര നേട്ടവുമായി ചന്ദ്രയാൻ മുന്നേറിയത്.
ഐഎസ്ആർഒ. ഹോപ്പ് എക്സ്പിരിമെന്റ് എന്ന് വിശേഷിപ്പിച്ച ഈ പരീക്ഷണത്തിന്റെ വീഡിയോയും ഐഎസ്ആർഒ എക്സിൽ പോസ്റ്റ് ചെയ്തു.
ഒരിക്കൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്ത പേടകത്തെ വീണ്ടും ഉയർത്തി സ്ഥലം മാറ്റി സോഫ്റ്റ് ലാൻഡ് ചെയ്യിച്ച ആദ്യ രാജ്യം അമേരിക്കയാണ്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കൂടാതെ ആദ്യ ദൗത്യത്തിൽത്തന്നെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യവും ഇന്ത്യയാണ്.
ബംഗളൂരുവിലെ സെന്ററിൽനിന്നുള്ള കമാൻഡ് സ്വീകരിച്ചാണ് ലാൻഡർ വീണ്ടും ഉയർന്നതും കുറച്ചു മാറി പുതിയ സ്ഥലത്ത് സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്തതും. ഞായറാഴ്ചയായിരുന്നു പരീക്ഷണം.
ഈ പരീക്ഷണത്തിന് മുന്നോടിയായി പ്രഗ്യാൻ റോവറിന് ഇറങ്ങുന്നതിനായി ഒരുക്കിയ റാന്പും ചന്ദ്രാസ് തെർമോഫിസിക്കൽ എക്സ്പെരിമെന്റ് (ചാസ്തേ), ഇൽസ, ലാഗ്മിർ പ്രോബ് (എൽപി) എന്നീ ഉപകരണങ്ങളും മടക്കിവയ്ക്കുകയും ലാൻഡിംഗിന് ശേഷം അവ വീണ്ടും വിന്യസിക്കുകയും ചെയ്തു.
ഭാവിയിൽ ചന്ദ്രനിൽനിന്ന് കല്ലും മണ്ണും ധൂളിയുമടക്കമുള്ള സാമ്പിളുകൾ കൊണ്ടുവരാനുള്ള പരീക്ഷണങ്ങൾ നടത്തും. അതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹോപ് പരീക്ഷണം നടത്തിയതെന്നും ഐഎസ്ആർഒ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group