ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ പുതുതായി പ്രതിഷ്ഠിച്ച പരി. മറിയത്തിന്റെ ഐക്കൺ ശ്രദ്ധേയമാകുന്നു.

ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ കൊച്ചുപള്ളിയിൽ പുതുതായി പ്രതിഷ്ഠിച്ച പരി. ദൈവ മാതാവിന്റെ ഐക്കൺ ശ്രദ്ധയാകർഷിക്കുന്നു.റോമിലെ മരിയ മേജർ ബസിലിക്കയിലെ പുരാതനപ്രസിദ്ധമായ “റോമൻ ജനതയുടെ സംരക്ഷക” എന്നറിയപ്പെടുന്ന ഐക്കൺന്റെ പകർപ്പാണ് ഇവിടെ പുതിയതായി സ്ഥാപിച്ചിരിക്കുന്നത്.മരപ്പണിക്കാരനായ മാർ യൗസേപ്പിന്റെ പണിപ്പുരയിൽ ദൈവപുത്രനായ ഈശോ പണിത ഒരു മേശയുണ്ടായിരുന്നെന്നും പരിശുദ്ധ കന്യകാമറിയം ഈശോയുടെ ശിഷ്യനായ യോഹന്നാന്റെകൂടെ എഫേസൂസിലേയ്ക്ക് താമസം മാറ്റിയപ്പോൾ ഇതുംകൂടി കൊണ്ടുപോയെന്നും മേശയുടെ ദേവദാരുപ്പലകയിൽ സുവിശേഷകനായ വിശുദ്ധ ലൂക്കാ ഈ ഐക്കൺ സ്ഥാപിച്ചുവെന്നുമാണ് പരമ്പരാഗതവിശ്വാസം.റോമാ മാർപ്പാപ്പാമാർ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതിനു മുമ്പും പിമ്പും ഈ അത്ഭുത ഐക്കണിന്റെ മുമ്പിൽ പ്രാർത്ഥിക്കുക പതിവാണ്.സുവിശേഷം കയ്യിലേന്തിയ ഉണ്ണീശോയെ ചേർത്തുപിടിച്ചിരിക്കുന്ന മാതാവിന്റെ ഐക്കൺന്റെ മുകളിൽ ‘ദൈവമാതാവ്’ എന്നതിന്റെ ആദ്യാക്ഷരങ്ങൾ ഗ്രീക്കിൽ രേഖപ്പെടുത്തിയിരിക്കുന്നു. ദൈവകൃപ സൂചിപ്പിക്കുന്ന ചുവന്ന വസ്ത്രമാണ് മറിയം ധരിച്ചിരിക്കുന്നത്. അതിന്മേൽ രാജകീയമഹത്ത്വത്തെ സൂചിപ്പിച്ചുകൊണ്ട് സ്ലീവാമുദ്ര ചാർത്തിയ സ്വർണ്ണക്കരയുള്ള അഗാധനീല മേൽവസ്ത്രവും ഉണ്ട്. ഇത് ദിവ്യരഹസ്യങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച മറിയത്തിന്റെ ധ്യാനാത്മകതയെ സൂചിപ്പിക്കുന്നു . തന്റെ രാജ്ഞിപദത്ത സൂചിപ്പിച്ചുകൊണ്ട് മറിയം വലതു കൈവിരലിൽ മോതിരം അണിഞ്ഞിരിക്കുന്നു. ഇടംകയ്യിലെ നീലത്തൂവാലയും മറിയത്തിന്റെ ഉന്നതപദവിയെ സൂചിപ്പിക്കുന്നു. കരങ്ങളുയർത്തി അനുഗ്രഹിക്കുന്ന ഉണ്ണീശോയുടെ പക്കൽ വരുന്നവരെ പരി. മറിയം കടാക്ഷിക്കുകയും ചെയ്യുന്നതായി ഐക്കണിൽ കാണാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group