സീറോ മലബാര്‍ സഭയുടെ കീഴിലുള്ള സാഗര്‍ രൂപതയിലെ അനാഥാലയത്തിലെ കുട്ടികളെ ഒഴിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം കോടതി തടഞ്ഞു.
സാഗര്‍ ജില്ലയിലെ ഷാംപുര സെന്റ് ഫ്രാന്‍സിസ് സേവാധാം ഓര്‍ഫനേജിലെ കുട്ടികളെ ഒഴിപ്പിക്കാനുള്ള നീക്കമാണു മധ്യപ്രദേശ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
അനാഥാലയത്തിനു രജിസ്ട്രേഷന് ഇല്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കു 12 ഓടെയാണു ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയത്. 145 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്റെ രജിസ്ട്രേഷന് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ കൃത്യസമയങ്ങളില്‍, ആവശ്യമായ രേഖകളോടെ അധികൃതര്‍ക്കു നല്കിയിട്ടുള്ളതാണെന്നു ഡയറക്ടര്‍ ഫാ. സിന്റോ വര്‍ഗീസ് മാളിയേക്കല്‍ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ പിന്മാറാന് തയാറായില്ല. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കോവിഡിന്റെയും അതിശൈത്യത്തിന്റെയും കാലഘട്ടത്തില്‍ അടിയന്തരമായി കുട്ടികളെ ഒഴിപ്പിക്കേണ്ട സാഹചര്യമെന്തെന്നു വിശദീകരിക്കാന്‍ ശിശുക്ഷേമ സമിതിയോടു കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവിന്റെ പകര്‍പ്പ് എത്തിച്ചശേഷമാണു പോലീസും ഉദ്യോഗസ്ഥരും മടങ്ങിപ്പോയത്.
18 വയസില്‍ താഴെയുള്ള 44 കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ 29ന് ഇവിടത്തെ മൂന്നു കുട്ടികളെ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരെത്തി മാതൃഛായ എന്ന പേരിലുള്ള മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റിയിരുന്നു. ഇവരെ തിരിച്ചെത്തിക്കണമെന്ന കോടതി നിര്‍ദേശം ശിശുക്ഷേമ സമിതി പാലിച്ചിട്ടില്ല.
സാഗറിലും മധ്യപ്രദേശിന്റെ മറ്റു മേഖലകളിലും സഭയുടെ സാമൂഹ്യസേവന സ്ഥാപനങ്ങള്‍ക്കു നേരേ സംഘടിതമായി നടക്കുന്ന നീക്കങ്ങളുടെ ഭാഗമാണ് സെന്റ് ഫ്രാന്‍സിസ് ഓര്‍ഫനേജിനു നേരേയും നടക്കുന്നതെന്നു സാഗര്‍ രൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗം ഡയറക്ടര്‍ ഫാ. തോമസ് ഫിലിപ്പ് പറഞ്ഞു.
സഭാസ്ഥാപനങ്ങള്‍ക്കു നേരേ വര്‍ഗീയശക്തികളുടെ നുണപ്രചാരണങ്ങളും സജീവമാണ്. ഇതിനു പിന്നില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ചില പ്രാദേശിക മാധ്യമങ്ങളുമുണ്ട്. കോടതിയില്‍നിന്നു നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും ഫാ. തോമസ് ഫിലിപ്പ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group