ചൈനയിൽ കന്യാസ്ത്രീകളെ നിർബന്ധപൂർവ്വം കോൺവെന്റിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ടുകൾ.

ചൈനീസ് സർക്കാരിന്റെ സമ്മർദത്തെ തുടർന്ന് എട്ട് കത്തോലിക്കാ കന്യാസ്ത്രീകൾ വടക്കൻ പ്രവിശ്യയായ ഷാങ്‌സിയിലെ കോൺവെന്റിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതരായി എന്ന് ഇറ്റാലിയൻ മാസികയായ ബിറ്റർ വിന്റർ റിപ്പോർട്ട് ചെയ്തു. അവർ ഇപ്പോൾ എവിടെയാണെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല.

“ഉദ്യോഗസ്ഥർ ഞങ്ങളെ അപകടകാരികൾ എന്ന് മുദ്ര കുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ഞങ്ങൾ ചെയ്ത കാര്യങ്ങൾ എഴുതാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങൾ ചെയ്തതെല്ലാം വെളിപ്പെടുത്താൻ അവർ ആവശ്യപ്പെട്ടു. ഞങ്ങളുടെ യാത്രകളിൽ ഞങ്ങൾ ഉപയോഗിച്ച വാഹനങ്ങളുടെ ലൈസൻസ് അവരെ കാണിക്കാൻ നിർബന്ധിച്ചു” -ചൈനയിലെ മനുഷ്യാവകാശങ്ങൾക്കും മതസ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകുന്ന മാസികയായ ബിറ്റർ വിന്റർ റിപ്പോർട്ടിൽ പറയുന്നു.

ചൈനയിൽ സന്യാസിനികൾ സർക്കാരിന്റെ നിരന്തരമായ നിരീക്ഷണത്തിനു വിധേയരാണ്. കന്യാസ്ത്രീകളെയും അവരുടെ സന്ദർശകരെയും നിരീക്ഷിക്കാൻ സർക്കാർ നാല് നിരീക്ഷണ ക്യാമറകൾ കോൺവെന്റിൽ സ്ഥാപിച്ചതായി മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. “പലപ്പോഴും കോൺവെന്റിനുള്ളിൽ ഞങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പോലീസുകാർ വരുന്നു. ചിലപ്പോൾ രാത്രിയിലും അവരെത്തും. ഞങ്ങളെ ഉപദ്രവിക്കാൻ സർക്കാർ മോഷ്ടാക്കളെ വരെ നിയോഗിച്ചിട്ടുണ്ട്. ഞങ്ങൾ‌ പാചകം ചെയ്യുന്നതിനിടയിൽ‌ അവർ‌ അടുക്കളയിൽ‌ പ്രവേശിക്കുമായിരുന്നു, അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനും അവർ ഞങ്ങളെ നിർബന്ധിച്ചു. ” -സിസ്റ്റേഴ്സ് പറയുന്നു.

കോൺവെന്റിനുള്ളിൽ നിന്ന് കുരിശുകളും വിശുദ്ധരുടെ ചിത്രങ്ങളും മറ്റ് മതചിഹ്നങ്ങളും നീക്കംചെയ്തു. അവരുടെ കോൺവെന്റ് ഉപേക്ഷിച്ചു പോകുവാനും കന്യാസ്ത്രീകൾ നിർബന്ധിതരായി. കഴിഞ്ഞ കുറച്ച് മാസങ്ങളായി, അവരുടെ വീടുകളിലെ മതചിഹ്നങ്ങൾ മാറ്റി ചെയർമാൻ മാവോയുടെയും പ്രസിഡന്റ് സിൻ ജിൻപിങ്ങിന്റെയും ചിത്രങ്ങൾ സ്ഥാപിക്കണമെന്ന് ഷാങ്‌സി അധികൃതർ നിർബന്ധിക്കുന്നു. “കുരിശ് രക്ഷയുടെ പ്രതീകമാണ്. ഇത് നീക്കംചെയ്യുന്നത് ഞങ്ങളുടെ ശരീരം മുറിപ്പെടുത്തുന്നതിന് തുല്യമാണ്.” സിസ്റ്റേഴ്സ് പറഞ്ഞു.

“സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പള്ളികൾക്കും മത സംഘടനകൾക്കും സംഭാവനയായി പണം സ്വീകരിക്കാൻ കഴിയില്ല. അങ്ങനെ ലഭിക്കുന്ന പണം മുഴുവൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഏൽപ്പിക്കണം”. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ മതവിഭാഗമായ  ത്രീ സെൽഫ് ചർച്ചിലെ ഒരംഗം പറഞ്ഞു.

കഴിഞ്ഞ ഒക്ടോബർ 16 -ന് ചൈനീസ് അധികൃതർ  20 ഓളം സ്വീഡിഷ് മിഷനറിമാരുടെ ശവകുടീരങ്ങൾ  പൊളിച്ചുമാറ്റിയതായി ബിറ്റർ വിന്റർ റിപ്പോർട്ട് ചെയ്തു. അതിൽ ചില ശവകുടീരങ്ങൾക്ക് നൂറിലധികം വർഷം പഴക്കമുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group