യേശു ഒരു സമ്പൂർണ്ണ നേതാവ് ആയിരുന്നു, എന്നാൽ ഭൂമിയിൽ ജീവിച്ചത് ദാസനെപ്പോലെയായിരുന്നു. നമ്മുടെ ജീവിതത്തിലും യേശുവായിരിക്കണം നമ്മുടെ നേതാവ്. ദൈവം എന്തുകൊണ്ടാണ് യേശുവിനെ അത്യധികം ഉയര്‍ത്തിയത്? ദൈവവുമായുള്ള ഉണ്ടായിരുന്ന സമാനത വേണ്ടെന്നുവച്ച് ദാസനായി, ഒന്നുമല്ലാതായി തീര്‍ന്നതുകൊണ്ടാണ് യേശുവിന് എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കപ്പെടുന്നത്. എനിക്ക് ജീവിതം ക്രിസ്തുവാണെന്നു (ഫിലി 1:21) പറഞ്ഞ പൗലോസ് എങ്ങനെയാണ് ക്രിസ്തുവിനെ സ്വന്തം ജീവിതത്തില്‍ ആവിഷ്കരിച്ചത്? താനിരുന്ന കസേരയുടെയും അണിഞ്ഞ ആടയാഭരണങ്ങളുടെയും കൈയിലിരിക്കുന്ന അധികാരദണ്ഡിന്‍റെയും പിന്‍ബലത്തിലല്ല താന്‍ ക്രിസ്തുവിന്‍റെ പിന്‍ഗാമിയാണെന്നു പൗലോസ് സ്ഥാപിക്കുന്നത്, ക്രിസ്തുവിനെപ്പോലെ സ്വന്തം അവകാശം വേണ്ടെന്നുവച്ചു എന്നതിന്‍റെ പിന്‍ബലത്തിലാണ്.
ഗുരുക്കന്മാരും പിതാക്കന്മാരും നേതാക്കന്മാരും ഇല്ലാത്ത ഒരു സമൂഹമായിട്ടാണ് യേശു തന്‍റെ ശിഷ്യസമൂഹത്തെ സ്വപ്നം കണ്ടത്. ഈ ശിഷ്യസമൂഹത്തിന്‍റെ ഘടന ഏതു രൂപത്തിലായിരിക്കണമെന്നത് ഈ സുവിശേഷ വാക്യങ്ങളില്‍നിന്ന് വ്യക്തമല്ലെങ്കിലും ഏതു രൂപത്തിലായിരിക്കരുത് എന്നതു സുവ്യക്തമാണ്. യേശുവിന്‍റെ കാലത്തെ റോമാസമൂഹം അനേകം തട്ടുകളായി അങ്ങേയറ്റം വിഭജിതമായിരുന്നു. അക്കാലത്തെ യഹൂദസമൂഹവും തട്ടുകളായി വേര്‍തിരിക്കപ്പെട്ടിരുന്നു. യേശുവിന്‍റെ ശിഷ്യസമൂഹം കെട്ടിലും മട്ടിലും റോമാ സമൂഹഘടനയോടോ, യഹൂദ സമൂഹഘടനയോടോ ഒരുവിധ സമാനതയും പുലര്‍ത്താന്‍ പാടില്ലെന്നു യേശുവിന് നിര്‍ബന്ധമുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍.
യേശു കൊല്ലപ്പെടുന്നതിന്റെ തലേരാത്രി, ശിഷ്യൻമാരുടെ പാദങ്ങൾ കഴുകി കൊണ്ട് പറഞ്ഞത്, നേതാക്കൻമാരാകാനല്ല, പകരം ദാസൻമാരാകാനാണ് വിളിച്ചിരിക്കുന്നത് എന്നാണ് (യോഹന്നാൻ 13:14). അധികാരപ്രയോഗത്തോട് ഒരുവന്‍ പുലര്‍ത്തുന്ന അകലമാണ് ക്രിസ്തുവിനോടുള്ള അവന്‍റെ അടുപ്പമെന്നാണു പുതിയനിയമം നമ്മുടെ മുമ്പില്‍ നിസ്സംശയം സ്ഥാപിക്കുന്നത്. ജീവിതത്തിൽ നമ്മുടെ നേതാവ് ക്രിസ്തുവും, നാം ക്രിസ്തുവിനെ അനുഗമിക്കുന്നവരുമാകട്ടെ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group