ദിനംപ്രതി വർധിക്കുന്ന ക്രിസ്തീയ വംശഹത്യയുടെ അവസാന ഉദാഹരണമാണ് ഞായറാഴ്ച പന്തക്കുസ്താ തിരുനാൾ ദിനത്തിൽ നൈജീരിയയിലെ ഓവോ നഗരത്തിലെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ അമ്പതിലധികം വിശ്വാസികൾ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവം. ക്രൈസ്തവരാണെന്നതിന്റെ പേരിൽ മാത്രം രക്തസാക്ഷികളാകേണ്ടി വന്നവരാണ് അവർ. നൈജീരിയയിലെ ആദ്യ സംഭവമല്ല ഇത്. വർഷങ്ങളായി അവിടെ ക്രൈസ്തവരെ തെരഞ്ഞു പിടിച്ച് ഇസ്ലാമിക തീവ്രവാദികൾ കൂട്ടക്കൊല ചെയ്യുന്നു. ഇത്തരം സംഭവങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടുവരാൻ ഇനിയും മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടവിധം ശ്രമിച്ചിട്ടില്ല. ഇതുപോലുള്ള കിരാത സംഭവങ്ങളോട് ഇനിയും ലോകമനഃസാക്ഷി വേണ്ട രീതിയിൽ ഉണരുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല എന്നതു പരിതാപകരമാണ്.
നൈജീരിയയിലെ രക്തസാക്ഷികൾ
2015 ഫെബ്രുവരിയിൽ ലിബിയയിൽ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യാനികൾ കഴുത്തറത്തു കൊല്ലപ്പെട്ട വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പുറത്തുവിട്ടപ്പോഴാണ് ആധുനിക ലോകം ഇസ്ലാമിക ഭീകരതയുടെ ക്രൂരമുഖം കണ്ടു നടുങ്ങിയത്. തങ്ങളുടെ വിശ്വാസം തള്ളിപ്പറയാൻ തയാറാകാതിരുന്ന അവരുടെ കഴുത്തു മുറിച്ചു മാറ്റി രക്തം മെഡിറ്ററേനിയൻ കടലിൽ കലർത്തിയാണ് അന്നു ഭീകരർ തങ്ങളുടെ കൊലവിളി ലോകത്തിനു മുമ്പിൽ പ്രദർശിപ്പിച്ചത്. ആ കിരാത സംഭവം നടന്നു വർഷങ്ങൾ കഴിയുമ്പോഴും നൈജീരിയയിൽ സമാനമായ കൂട്ടക്കൊല ആവർത്തിക്കുന്നതു ലോകം കാണുകയാണ്.
സഹപാഠികളും കൊലയാളികൾ ആകുമ്പോൾ
ഒരു പെൺകുട്ടിയെ സഹപാഠികൾ കല്ലെറിഞ്ഞും മർദിച്ചും തീയിൽ ചുട്ടെരിച്ചും മതമുദ്രാ വാക്യങ്ങൾ വിളിച്ചു കൊണ്ടു നിഷ്ഠുരമായി കൊലചെയ്യുന്ന വീഡിയോ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതാണ്. നൈജീരിയയുടെ വടക്കു പടിഞ്ഞാറുള്ള സോകോറ്റോയിൽ ഡബോറ സാമുവൽ എന്ന വിദ്യാർഥിനിയാണ് മതനിന്ദ ആരോപിക്കപ്പെട്ട് ദാരുണമായി കൊലചെയ്യപ്പെട്ടത്.
ഈ കൊല നടത്തിയത് ഇസ്ലാമിക തീവ്രവാദ സംഘടനയിൽപ്പെട്ടവരായിരുന്നില്ല, മറിച്ച് മുസ്ലിംകളായ സഹപാഠികളായിരുന്നു. അതുവരെ കരുതിയിരുന്നത് നൈജീരിയയിലെ ക്രൈസ്തവഹത്യകൾ ചെയ്തിരുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്നാണ്. പ്രധാനമായും ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, ഫുലാനി തുടങ്ങിയ തീവ്ര ഇസ്ലാമിക ഭീകര ഗ്രൂപ്പുകളിൽപ്പെട്ടവരാണ് സാധാരണക്കാരും സമാധാനകാംക്ഷികളുമായ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത് എന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നാൽ, ആ ധാരണ തെറ്റാണെന്നും സാധാരണക്കാരായ മുസ്ലിം വിശ്വാസികളിൽ, വിശിഷ്യാ, യുവാക്കളിലും വിദ്യാർഥികളിലും പോലും തീവ്രവാദം കുത്തിവയ്ക്കുന്നതിൽ തീവ്രവാദികൾ വിജയിച്ചിരിക്കുന്നു എന്നുമുള്ള വസ്തുത ഡാബോറ സാമുവലിന്റെ നിഷ്ഠുര കൊലപാതകം ലോകത്തിനു മുമ്പിൽ അനാവൃതമാക്കി.
ക്രിസ്തീയ വംശഹത്യയിൽ ഒന്നാമത്
അടുത്ത ചില വർഷങ്ങളിൽ ലോകത്ത് ഏറ്റവുമധികം ക്രൈസ്തവർ അവരുടെ വിശ്വാസത്തെ പ്രതി വധിക്കപ്പെടുന്നത് നൈജീരിയയിലാണ്. 2021ൽ ആറായിരത്തോളം ക്രൈസ്തവർ വിശ്വാസത്തെപ്രതി മാത്രം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. അതിൽ എൺപത് ശതമാനത്തോളം പേർ കൊല്ലപ്പെട്ടത് ഇസ്ലാമിക ഭീകരരാൽ നൈജീരിയയിലാണ്. 2009 മുതലുള്ള കണക്കുകളനുസരിച്ച് 40,000ത്തോളം ക്രൈസ്തവർ ബൊക്കോ ഹറാമിന്റെ ആക്രമണങ്ങളിൽ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്. വർഷം തോറും ആക്രമണങ്ങൾ വർധിച്ചു വരികയാണ്. 2022 ജനുവരിക്കും മാർച്ചിനും ഇടയിൽ മാത്രം 531 ക്രൈസ്തവരാണ് ഇത്തരത്തിൽ ഇസ്ലാമിക ഭീകരരുടെ ഇരകളായിത്തീർന്നത്.
എന്തുകൊണ്ട് ഈ ആക്രമണങ്ങൾ?
ഈ ആക്രമണങ്ങൾക്കെല്ലാം ഒരേയൊരു കാരണമേയുള്ളൂ; അതു സമ്പൂർണ ഇസ്ലാമിക രാഷ്ട്രത്തിന്റെ നിർമിതിയുടെ ഭാഗമാണ്. ലോകം മുഴുവന് ഒറ്റ ഇസ്ലാമിക രാഷ്ട്രമാക്കുക എന്ന ലക്ഷ്യം ഇത്തരം തീവ്രസംഘടനകൾ പലപ്പോഴും പരസ്യമായി പ്രസ്താവിച്ചിട്ടുള്ളതാണ്. മാത്രവുമല്ല, ഓരോ കൊലപാതകത്തിലൂടെയും ക്രൂരകൃത്യത്തിലൂടെയും പൊതു സമൂഹത്തെ ഭയചകിതരാക്കാനും മനോവീര്യം തകർക്കാനും അവർ ലക്ഷ്യമിടുന്നു. ഇസ്ലാമിസ്റ്റുകൾ വിഭാവനം ചെയ്യുന്നത് ഇസ്ലാം മതം മാത്രമുള്ള ലോകമാണ്, ആ വിശ്വാസമനുസരിച്ചുള്ള ലോകക്രമമാണ്. അതിനായി അവിശ്വാസികളെ മുഴുവന് കൊന്നൊടുക്കണം എന്ന ആശയമാണ് ഇസ്ലാമിസ്റ്റുകളും ജിഹാദികളും പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നത്.
തീവ്രവാദികൾ പിടിമുറുക്കുന്ന മതം അസമാധാനത്തിന്റേത്
തീവ്രവാദ ചിന്തകളിൽ പെടാത്ത, മിതവാദികളായ മുസ്ലിം വിശ്വാസികളും നൈജീരിയയിൽ ഇസ്ലാമിക മതതീവ്രവാദികളാൽ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. അതായത്, അവരുടെ രീതികളോടും വിശ്വാസ-നിയമ വാഖ്യാനങ്ങളോടും സമരസപ്പെടാത്തവരെല്ലാം തുടച്ചു നീക്കപ്പെടേണ്ടതാണ് എന്ന ആശയമാണ് ഇവരുടേതെന്ന് സാരം. അസമാധാനം ബോധപൂർവ്വം ഇവിടെ നിർമ്മിച്ചെടുത്തു കൊണ്ട് സമാധാനത്തിന്റെ മതം വളർത്താമെന്നു കരുതുന്ന ഈ വൈരുദ്ധ്യം പൊതുസമൂഹം ഇനിയും തിരിച്ചറിയേണ്ടതുണ്ട്.
*കണ്ണടച്ച് ഇരുട്ടാക്കുന്നവർ
ക്രൈസ്തവർ കൊല ചെയ്യപ്പെടുമ്പോൾ അത് ഒറ്റപ്പെട്ട സംഭവമാക്കാനും നിസാരവത്കരിക്കാനും വിവിധ ലോകരാഷ്ട്രങ്ങളും മുഖ്യധാരാ മാധ്യമങ്ങളും നിരന്തരം ശ്രമിക്കുന്നതായിട്ടാണു കണ്ടുവരുന്നത്. ചില മാധ്യമങ്ങൾക്ക് ഈ കൊലപാതകങ്ങൾ വെറും ഭീകര ആക്രമണങ്ങളും കൊലപാതകികൾ ഐഡന്റിറ്റിയില്ലാത്ത ഭീകരരുമാണ്.
ലോകത്തിൽ പലയിടത്തും നടന്നു കൊണ്ടിരിക്കുന്ന ക്രൈസ്തവ പീഡനങ്ങളും ക്രിസ്തീയ വംശഹത്യകളും യാദൃച്ഛിക സംഭവങ്ങളായി കാണുന്ന റിപ്പോർട്ടുകൾക്കപ്പുറം ആർജവമുള്ള സത്യസന്ധമായ പഠനങ്ങളും നിലപാടുകളും സ്വീകരിക്കാൻ ആധുനിക സമൂഹം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, തിരികെ ഇരുണ്ട യുഗങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾ നാംതന്നെ നിർമ്മിച്ചെടുക്കുകയാണ് എന്നു പറയേണ്ടി വരും.
കേരളത്തിലും തീവ്രവാദം പിടിമുറുക്കുന്നുവോ?
ഒരു കുട്ടിയുടെ കൊലവിളി മുദ്രാവാക്യം കേരളം കേട്ടിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ഉറങ്ങിയും ഉണർന്നുമൊക്കെയുള്ള തീവ്രവാദികളുടെ സാന്നിധ്യമുള്ള നാടാണ് ഇവിടമെന്ന് ഐക്യരാഷ്ട്രസഭയും പോലീസ് മേധാവികളും വിവിധ അന്വേഷണ ഏജൻസികളും വെളിപ്പെടുത്തിയിട്ടുണ്ട്. എന്തിനേറെ, ഇവിടെ ഡി-റാഡിക്കലൈസേഷൻ പ്രക്രിയകൾക്ക് ഗവർമെന്റ് തന്നെ നേതൃത്വം കൊടുക്കുന്നു എന്നു മുഖ്യമന്ത്രിയും വെളിപ്പെടുത്തിയിട്ടുണ്ട്.
പക്ഷേ, റാഡിക്കൽ സംഘടനകളും പ്രസ്ഥാനങ്ങളും ഇവിടെ പുഷ്ടിപ്പെടുകയാണോ എന്ന സംശയം ബലപ്പെടുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഭാരതം മുഴുവന് ഇസ്ലാമിക രാജ്യമാക്കും എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒട്ടനവധി സംഘടനകൾ നമ്മുടെ രാജ്യത്തു പ്രവർത്തിക്കുന്നു എന്നതു വ്യക്തമാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം ഈ നാട്ടിൽ ഐക്യവും സമാധാനവും നഷ്ടപ്പെടുത്തുന്ന എല്ലാറ്റിനോടും സന്ധിയില്ലാത്ത നിലപാട് ഭരണകൂടങ്ങൾ സ്വീകരിച്ചേ മതിയാകൂ.
നൂറ്റാണ്ടുകളായി സാമൂഹികവും സാംസ്കാരികവുമായ ക്രിയാത്മക ഇടപെടലുകൾ നടത്തി, രാഷ്ട്ര പുനർനിർമ്മാണത്തിനു സർക്കാരുകൾക്കൊപ്പം നിന്നും, സമാധാനവും സന്തോഷവും നിലനിൽക്കുന്ന ഒരു സമൂഹത്തെ പടുത്തുയർത്താൻ പ്രതിജ്ഞാബദ്ധമായ ഒരു സമൂഹമാണ് കേരളത്തിലെ ക്രൈസ്തവർ.
ഇരുണ്ട യുഗങ്ങളുടെ തെറ്റുകളെ തിരുത്തിയും ഏറ്റുപറഞ്ഞും, സമാനതകളില്ലാത്ത കരുതലും മാനവിക സ്നേഹവും ലോകത്തു വളർത്തിയെടുക്കാനുള്ള നയമാണ് ക്രൈസ്തവ സമൂഹം ഒന്നടങ്കം പിൻചെല്ലുന്നത്. ഈ ആധുനിക ലോകത്തിൽ, മാനവികതയിൽ അടിയുറച്ച ഒരു സമൂഹ നിർമ്മിതി മുന്നിൽ കാണുന്ന ക്രൈസ്തവരെയും കത്തോലിക്കാ സഭയെയുമാണ് ഇന്നു മതമൗലികവാദികൾ ശത്രുക്കളായി കാണുന്നത് എന്നുള്ളത് ഒരു വൈരുദ്ധ്യമാണ്.
ഇത്തരം വൈരുദ്ധ്യങ്ങൾ മൂലം രൂപപ്പെടുന്ന ആശയക്കുഴപ്പങ്ങൾ ഈ കാലഘട്ടത്തിൽ കൂടുതൽ പ്രതിസന്ധികൾക്കു വഴിയൊരുക്കുന്നു. മതമൗലികവാദവും തീവ്രവാദ പ്രവണതകളും ഏതു പ്രത്യയശാസ്ത്രത്തിന്റെ മറവിൽ രൂപംകൊള്ളുന്നതായാലും ചെറുക്കപ്പടേണ്ടതുതന്നെയാണ്. മാനവികതയ്ക്കാണ് ഇവിടെ പ്രാമുഖ്യം ലഭിക്കേണ്ടത്.
മതേതര സമൂഹം ഒരേ മനസ്സോടെ ഐക്യത്തിനും സഹവർത്തിത്വത്തിനുമായി മുന്നോട്ടു വരുകയും എല്ലാവിധ മൗലികവാദങ്ങളെയും അകറ്റി നിർത്തുകയുമാണ് ഈ കാലഘട്ടത്തിലെ സങ്കീർണ്ണ പ്രശ്നങ്ങൾക്കും തീവ്രവാദ ഭീഷണികൾക്കുമുള്ള പ്രതിവിധി. ഈ ലക്ഷ്യം മുന്നിൽക്കണ്ട് ഭരണ കൂടങ്ങൾ നിലപാടുകൾ സ്വീകരിക്കുന്നതോടൊപ്പം ഓരോ സമുദായവും വ്യക്തമായ നയരൂപീകരണങ്ങൾ നടത്തി തങ്ങൾക്കൊപ്പമുള്ളവരെ ബോധവത്കരിക്കാനും തയാറാകണം. അല്ലാത്തപക്ഷം, ഈ കാലഘട്ടത്തിലെ നൈജീരിയയായി നാളത്തെ കേരളം മാറിയേക്കാം.
കടപ്പാട് :ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
(സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ)
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group