ആൺ പെൺ അനുപാതം ഏകദേശം സമാനമായ കേരളത്തിൽ ഏതാണ്ട് 26,000 ത്തോളം വരുന്ന പുരുഷന്മാരെ അവിവാഹിതരാക്കി നിർത്തിക്കൊണ്ട് ക്രൈസ്തവ കുടുംബങ്ങളിലെ പെൺകുട്ടികൾ മഠത്തിൽ ചേർന്നതാണ് ഇന്ന് കേരളത്തിൽ കത്തോലിക്കരുടെ എണ്ണം കുറയാൻ കാരണമെന്നാണ് ചിലരുടെ കണ്ടുപിടുത്തങ്ങൾ…കണക്കുകൾ ശരിയാകാതെ തരമില്ല.
അങ്ങനെ നോക്കിയാൽ, സന്യാസി/ സന്യാസിനി എന്നാൽ തലമുറയെ ഇല്ലാതാക്കുന്നവർ, ഒരു സമുദായത്തിന്റെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നവർ എന്ന് മനസ്സിലാക്കേണ്ടി വരും…
സമർപ്പിത ജീവിതം സമുദായ വളർച്ചയ്ക്ക് തടസ്സമോ?
ഈ സെപ്റ്റംബർ മാസത്തിൽ തന്നെ ഇങ്ങനെ ഒരു സംശയം ഉണ്ടായതു നന്നായി എന്ന് തോന്നുന്നു. ക്രിസ്തുവിന്, ഒരു നീലക്കരയുള്ള സാരിയുടുത്ത കൂനുള്ള, ചുക്കി ചുളിഞ്ഞ സ്ത്രീ യുടെ മുഖം ആണെന്ന് നിരീശ്വര വാദികളെ കൊണ്ടുപോലും പറയിച്ച വനിത കൽക്കട്ടായിലെ വി. മദർ തെരേസ ആയിരുന്നു. അഭിമാനത്തോടെ പറയട്ടെ, അവൾ ഒരു സന്യാസിനി ആയിരുന്നു. ഒരു ദേവാലയം പോലും ഇല്ലാതിരുന്ന രാജ്യത്തേക്ക് അവിടുത്തെ ഭരണാധികാരി ഈ സന്യാസിനികളുടെ സേവനം പ്രതീക്ഷിച്ചു വിളിച്ചപ്പോൾ അവൾ പറഞ്ഞു, ഞങ്ങൾക്ക് സേവനത്തിനു ശക്തി ലഭിക്കുന്നത് ഈശോയിൽ നിന്നാണ്. ദൈവാലയം ഇല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ടില്ല. ഭരണാധികാരി അവളുടെ ആവശ്യത്തിന് വഴങ്ങിയത് ചരിത്രം.
ഒരു വിവാഹിതയ്ക്കും ചെയ്യാൻ കഴിയാത്തവിധത്തിൽ സ്വന്തം ജീവിതസാക്ഷ്യം കൊണ്ട് വിവിധ രാജ്യങ്ങളിൽ നാനാ ജാതി മതസ്ഥരുടെ ഇടയിൽ ക്രിസ്തുവിനെ പ്രഘോഷിച്ചവളാണ് മദർ തെരേസ. ഇതുപോലെ ഓരോ കാലഘട്ടത്തിലും എത്രയോ വൈദികരും സമർപ്പിതരും ദൈവത്തെ അറിയാത്ത നാടുകളിൽ ജീവൻ പണയം വച്ചും നാടും വീടും വിട്ടും സുവിശേഷം പകർന്നു കൊടുത്തു ക്രൈസ്തവ വിശ്വാസം പകർന്നു!!
ഒന്നാന്തരം ക്രിസ്തീയ പാരമ്പര്യമുള്ള കുടുംബങ്ങളിൽ അതേ പാരമ്പര്യത്തിൽ തന്നെ വിവാഹം കഴിച്ചും കഴിപ്പിച്ചു കൊടുത്തും ഒക്കെ ജീവിക്കുന്നവരിൽ ആരൊക്കെ സുവിശേഷം പകരുന്നുണ്ട്? ആരൊക്കെ ജീവൻ പണയം വച്ചും ക്രൈസ്തവ മൂല്യങ്ങൾക്കും വിശ്വാസ സംഹിതകൾക്കും വേണ്ടി നിലകൊള്ളുന്നുണ്ട്? എത്രയോ ക്രൈസ്തവ യുവതീ യുവാക്കൾ ആണ് സിനിമയിലേക്കും മറ്റു സോഷ്യൽ മീഡിയ രംഗത്തെ ജോലികൾക്കും നിലനിൽപ്പിനു വേണ്ടി സ്വന്തം ക്രിസ്തീയ വിശ്വാസവും പേരും പോലും മറച്ചു വയ്ക്കുന്നത്? അപ്പോൾ ആരാണ് യഥാർത്ഥത്തിൽ സമുദായ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നത്?
ആരാണ് സന്യാസി/സന്യാസിനി
ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും ആകാൻ ദൈവം തിരഞ്ഞെടുക്കുന്നവർ ആണ് സമർപ്പിതർ. ക്രിസ്തുവിന്റെ സ്നേഹത്താൽ കീഴ്പ്പെടുത്തപ്പെട്ടവർ, വശീകരിക്കപ്പെട്ടവർ, സ്വർഗ്ഗ രാജ്യത്തെ പ്രതി തങ്ങളെ തന്നെ ഷണ്ഡരാക്കിയവർ, അവരാണ് യഥാർത്ഥ സമർപ്പിതർ. അത് പുരുഷനായാലും, സ്ത്രീയായാലും. കാലം എത്ര മാറിയാലും അതാത് കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കായി ദൈവം മനുഷ്യരെ തിരഞ്ഞെടുത്തു മാറ്റി നിർത്തുക തന്നെ ചെയ്യും! മറ്റേതൊരു ലക്ഷ്യത്തോടുകൂടി ഒരാൾ സന്യാസത്തിലേക്ക് പ്രവേശിച്ചാലും ആദ്യം പറഞ്ഞ ധാരണ ശരിയായി വരും. അതായത് തലമുറയെ ഇല്ലാതാക്കുന്നവർ എന്ന ധാരണ. ഏതൊരു സന്യാസ സമൂഹത്തിനും തുടർച്ചയും നിലനിൽപ്പും ഉണ്ടാകുന്നത് തലമുറകളിലൂടെ ആ സന്യാസ സമൂഹത്തിന്റെ പ്രത്യേക സിദ്ധി കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ്. സന്യാസത്തിന്റെ യഥാർത്ഥ ചൈതന്യവും ഊർജ്ജവും ഇല്ലാതെ കയറി വരുന്നവർ മൂലം ഈ സിദ്ധി കൈമാറ്റം നടക്കാതെ വരികയും ശോഷണം സംഭവിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. അപ്പോഴാണ് സന്യസ്തരുടെ എണ്ണം കുറയുകയും, സന്യാസത്തിലേക്ക് വന്നാലും അധികം കഴിയും മുൻപേ പടി ഇറങ്ങുകയും ചെയ്യുന്നത്. അങ്ങനെ ഉള്ള ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ചുറ്റുവട്ടത്തു തന്നെ ഉണ്ട്.
അവിവാഹിതനായ ഈശോ തലമുറയെ ഇല്ലാതാക്കിയവനോ?
കണക്കനുസരിച്ച്, സെൻസസ് റിപ്പോർട്ട് അനുസരിച്ച് സംസാരിച്ചാൽ ഈശോയും ഈ പറഞ്ഞതുപോലെ ഒരു തലമുറയെ നശിപ്പിച്ചവൻ ആകുമോ എന്ന് തോന്നി പോകും. കാരണം അവനും വിവാഹം കഴിക്കാതിരുന്നതിനാൽ ഏതോ ഒരു പെൺകുട്ടി അവിവാഹിതയായി ജീവിച്ചു മരിക്കേണ്ടി വന്നല്ലോ. ദൈവസ്നേഹം കൊണ്ട് 33 വയസ്സിൽ ജീവിതം വെറുതെ തച്ചുടച്ചു കളഞ്ഞ ഒരു വിവരദോഷി എന്ന് ഈശോയെ ഈ തലമുറയിലെ സമുദായ സ്നേഹികൾ വിളിക്കേണ്ടി വരും.
എന്നാൽ സത്യവിശ്വാസത്തിന്റെ വെളിച്ചത്തിൽ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് മിഴി പൂട്ടി ധ്യാനിച്ചാൽ അവൻ അവിവാഹിതനായി നിന്ന് അവശേഷിപ്പിച്ചത് പോലെ കരുത്തുള്ള ഒരു തലമുറയെ മറ്റേത് സമുദായ സ്നേഹിയാണ് അവശേഷിപ്പിച്ചിട്ടുള്ളത്?
ഏത് പീഡനങ്ങളിലും, തിളച്ച എണ്ണയിൽ മുങ്ങിക്കിടന്നും, അലറുന്ന സിംഹങ്ങൾക്കു മുൻപിൽ നിന്നും വിശ്വാസത്തെയും ക്രിസ്തുവിനെയും തള്ളിപ്പറയാത്ത ഇതുപോലെ ശക്തമായ ഒരു തലമുറ അവശേഷിപ്പിച്ച മറ്റ് ആരുണ്ട്?
അതുകൊണ്ട്, തലമുറയെ നിലനിർത്താൻ വിവാഹം കഴിച്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകൽ മാത്രമല്ല പോംവഴി. ഇന്നത്തെ ക്രൈസ്തവ തലമുറ, ചുറ്റുമുള്ളവരോട് ജീവിതം കൊണ്ട് സുവിശേഷം പ്രഘോഷിക്കുകയാണ് ചെയ്യേണ്ടത്. ഒന്നിച്ച് നിന്ന് അബദ്ധ സിദ്ധാന്തങ്ങൾക്കും തിന്മകൾക്കും എതിരെ പോരാടുകയും പ്രാർത്ഥനയിൽ അടിത്തറ ഇട്ട കെട്ടുറപ്പുള്ള ഒരു സമൂഹമായി വളർന്നു വരികയാണ് വേണ്ടത്.
12 മുക്കുവരും ആഗോള കത്തോലിക്കാ സഭയും
സാധാരണക്കാരായ 12 പാവം മുക്കുവരെ കൊണ്ടാണ് ഈശോ തിരുസഭയ്ക്ക് ആദ്യ രൂപം നൽകിയത്. അപ്പോൾ അവരിൽ ചിലർ വിവാഹിതർ ആയിരുന്നു താനും. ഈ 12 പേർ ആലോചിച്ചു തീരുമാനിച്ച് വിവാഹം കഴിക്കാത്തവർ വിവാഹം കഴിച്ചും, കുഞ്ഞുങ്ങൾക്ക് ജന്മം നൽകി അവർക്ക് ജ്ഞാനസ്നാനം നൽകിയും അല്ല അവരുടെ തലമുറ നില നിർത്തിയത്. കത്തോലിക്കാ സഭ ലോകം മുഴുവൻ പടർന്നു പന്തലിച്ചതും അങ്ങനെയല്ല. കുടുംബ ബന്ധങ്ങളും അതുവരെ ജീവിതമാർഗമായി കണ്ടിരുന്ന വഞ്ചിയും വലയും എല്ലാം ഉപേക്ഷിച്ച് നാടും വീടും വിട്ട് ദീർഘദൂര യാത്രകൾ ചെയ്തു പട്ടിണിയും പീഡനവും ദുരിതവും ആപത്തും വാളും മരണവും എല്ലാം നേരിട്ട് നിർഭയരായി സുവിശേഷം പ്രഘോഷിച്ചപ്പോഴാണ് സഭ വളർന്നത്, സമുദായം വളർന്നത്. അപ്പസ്തോല പ്രവർത്തനങ്ങളിൽ പറയുന്നതുപോലെ പ്രതിദിനം ഈ പന്ത്രണ്ട് പേരുടെ ഗണത്തിലേക്ക് വിശ്വസിക്കുന്നവരുടെ എണ്ണം കൂടി വരാൻ കാരണവും അത് തന്നെ. നിർഭയം സാക്ഷ്യം നൽകുക.. വൈദികരും സന്യാസിനികളും കുടുംബ ജീവിതക്കാരും ഏകസ്തരും എല്ലാവരും ഈശോയെ പ്രഘോഷിക്കുക, സുവിശേഷ മൂല്യങ്ങൾ ജീവിക്കുക.. അപ്പൊൾ സമുദായം താനേ വളർന്നുകൊള്ളും.
സമുദായ ബോധമോ സഭാത്മകതയോ?
സമുദായ ബോധം അതിരുകടക്കുമ്പോഴാണ് തീവ്രവാദമായി മാറുന്നത്. ആത്മീയതയും സഭാത്മകതയും ഇല്ലാത്ത സമുദായ ബോധം വിഷമാണെന്ന് തന്നെ പറയേണ്ടിവരും. എല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി ഭാരതത്തിലേക്ക് കടന്നുവന്ന അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹാ കാരണമാണ് നാമിന്ന് ക്രൈസ്തവർ ആയിരിക്കുന്നത്. അതുപോലെതന്നെ വിശുദ്ധരായ ഒരുപാട് വൈദികരും സമർപ്പിതരും ഉയർത്തിയ പ്രാർത്ഥനയുടെയും ഒഴുക്കിയ വിയർപ്പിന്റെയും ഫലം കൂടി ആണ് ഇന്നത്തെ കത്തോലിക്കാ സഭ.
സമുദായ ബോധം മൂത്ത്, വന്ന വഴിയും നിൽക്കുന്ന ഇടവും മറക്കാതിരിക്കാം.
കേരള കത്തോലിക്കാ സഭയിൽ ജനിച്ച് വളർന്ന് വീടും വീട്ടുകാരെയും നാടും നാട്ടുകാരെയും എല്ലാം മറന്നു പ്രേഷിത തീക്ഷണതയാൽ ജ്വലിച്ച് അനേകം രാജ്യങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദിക സന്യസ്ത സഹോദരങ്ങളെയും നന്ദിയോടും അഭിമാനത്തോടും കൂടി ഓർത്തുകൊണ്ട്.. ക്രൈസ്തവ വിശ്വാസത്തിൽ വളരാനും നിലനിൽക്കാനും ഒരു സന്യാസിനി ആയി തീരാനും എനിക്ക് പ്രേരണയും പ്രചോദനവും ധൈര്യവും നൽകിയ എന്റെ സന്യസ്തരായ എല്ലാ അധ്യാപകരെയും നന്ദിയോടെ അനുസ്മരിച്ചു കൊണ്ട്..
കടപ്പാട്: അഡ്വ സി. ജോസിയ എസ്. ഡി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group