കൊച്ചി :ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിച്ച് കേരള സർക്കാർ.ഇക്കാര്യത്തില്‍ നിയമപരമായ പുതിയ ഉത്തരവിറക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
ഇതു രേഖപ്പെടുത്തിയ സിംഗിള്‍ ബെഞ്ച്, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവു നിയമപരമല്ലെന്നും ഇത്തരത്തില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നുമാരോപിച്ച് മോസ്റ്റ് ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന് (എംബിസിഎഫ്) ജനറല്‍ സെക്രട്ടറി എസ്. കുട്ടപ്പന് ചെട്ടിയാര്‍ നല്കിയ ഹര്‍ജി തള്ളി.
സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച് (എസ്ഐയുസി) നാടാര്‍ വിഭാഗമൊഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി 2021 ഫെബ്രുവരി ആറിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ 102-ാം ഭരണഘടനാ ഭേദഗതിയനുസരിച്ച് ഏതെങ്കിലുമൊരു വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്നും വ്യക്തമാക്കി ഇതിനെതിരെ ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ജൂലൈ 29ന് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് സര്‍ക്കാര്‍ ഉത്തരവു സ്റ്റേ ചെയ്തു. ഇതിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളി.
ഇതിനിടെയാണ് ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗങ്ങളെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്കുന്ന ഭരണഘടനാ ഭേദഗതി ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. ഇതോടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ അധികാരം കൈവന്നു. ഈ സാഹചര്യത്തില്‍ പഴയ ഉത്തരവു പിന്‍വലിച്ച് നിയമപരമായി പുതിയ ഉത്തരവിറക്കാന്‍ നടപടി തുടങ്ങിയെന്നും പഴയ ഉത്തരവു പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇതനുവദിച്ച സിംഗിള്‍ ബെഞ്ച് ഹര്‍ജിക്കാരന്റെ ആവശ്യം അപ്രസക്തമായെന്ന് വിലയിരുത്തി ഹര്‍ജി തള്ളുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group