കോട്ടയം: ക്രൈസ്തവ വിവാഹ രജിസ്‌ട്രേഷൻ ബിൽ നടപ്പിലാക്കാനുള്ള ശുപാർശ കേരള സർക്കാർ നിരാകരിക്കണമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോമലബാർ സിനഡൽ കമ്മീഷൻ.
ക്രൈസ്തവർക്ക് വിവാഹം കേവലം ഒരു സാമൂഹിക ഉടമ്പടിയല്ല, ദൈവിക മാനങ്ങളുള്ള കൂദാശയാണെന്നും വിവാഹത്തിന്റെ ഒരുക്കവും കാലവും സ്ഥലവും നിയമങ്ങളും കാർമ്മികരും ആത്മീയമായി വളരെയേറെ സാംഗത്യമുള്ളവയാണെന്നും
ഇത്തരം കാര്യങ്ങളെ ദുർബലപ്പെടുത്തുന്ന രീതിയിലാണ് നിർദിഷ്ട രജിസ്‌ട്രേഷൻ ബില്ലിന്റെ ശുപാർശകൾ എന്നുള്ളത് ആശങ്കകൾ ഉണർത്തുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി.നിലവിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങളിൽ അപാകതകൾ ഇല്ലാതിരിക്കെ ഇത്തരം ശുപാർശകൾ ഉയർത്തുന്നത് ദുരുദ്ദേശപരമെണെന്നും ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു എന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
സ്ത്രീ-പുരുഷ സമത്വത്തിന്റെ പേരുപറഞ്ഞ് ലിംഗ നിഷ്പക്ഷത പോലുള്ള വാദങ്ങൾ ഉയർത്തുന്നതും ദുരൂഹമാണ്. സ്ത്രീക്കും പുരുഷനും അവരുടെ സ്വത്വവും വ്യതിരിക്തതയും കാത്തുസൂക്ഷിക്കാൻ സാധിക്കുക എന്നതാണ് സമത്വത്തിന്റെ ആദ്യ പടി. സമത്വമുണ്ടാകേണ്ടത് ബാഹ്യപ്രകടനങ്ങളിലല്ല മറിച്ച്, വ്യത്യസ്തതകളെ മാനിച്ച് പരസ്പരം വളർത്തുമ്പോഴാണ്.
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളിൽ വിയോജിപ്പ് ഇല്ലെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ എല്ലാ വിഭാഗക്കാരെയും കേൾക്കാനും വിശ്വാസത്തിലെടുക്കാനും സർക്കാരുകൾ തയ്യാറാകണമെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പാരിസ്ഥിതിക വിഷയങ്ങളിൽ കമ്മീഷൻ ഉൽക്കണ്ഠ രേഖപ്പെടുത്തുകയും സത്വരപരിഹാര നടപടികൾക്കായി ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിർണ്ണയം, മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ, സിൽവർ ലൈൻ റെയിൽ തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളുടെ ആശങ്കകൾ അതീവ പ്രാധാന്യത്തോടെ മനസിലാക്കാനും മനുഷ്യജീവന് പരമപ്രധാന്യം നല്കുന്ന കാഴ്ചപ്പാടോടെ തീരുമാനങ്ങൾ എടുക്കാനും അധികാരികൾ തയ്യാറാകണമെന്നും കമ്മീഷൻ ശക്തമായി അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group