ക്രൈസ്തവ യുവജന സംഗമം ഹിന്ദുത്വവാദികള്‍ തടസ്സപ്പെടുത്തി

മധ്യപ്രദേശ് :മാസങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം ചെയ്ത ക്രൈസ്തവ യുവജന സംഗമം മതപരിവര്‍ത്തനം നടത്തുവാന്‍ ശ്രമിക്കുന്നുവെന്ന വ്യാജ ആരോപണം ഉന്നയിച്ചു കൊണ്ട് മധ്യപ്രദേശിലെ ഹിന്ദുത്വവാദികള്‍ തടസ്സപ്പെടുത്തി. ഏതാണ്ട് ഇരുന്നൂറോളം യുവജനങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ട് ഒക്ടോബര്‍ 3 മുതല്‍ 5 വരെയാണ് സംഗമം നടത്താനിരുന്നത്.

ഖണ്ഡ്വ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവജനങ്ങള്‍ അവരുടെ വാഹനങ്ങളില്‍ സെന്റ്‌ പയസ് സ്കൂളില്‍ എത്തിയപ്പോള്‍, ഇവരെ മതപരിവര്‍ത്തന ത്തിനായി കൊണ്ടുവന്നതാണെന്ന് ആരോപിച്ചു കൊണ്ട് ഒരു സംഘം യുവാക്കള്‍ വാഹനങ്ങള്‍ തടസ്സപ്പെടുത്തുകയായിരുന്നു.

വിശ്വഹിന്ദു പരിഷത്തിന്റേയോ, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ഹിന്ദുന്റേയോ ബജ്രംഗദളിന്റേയോ പ്രവര്‍ത്തകരാണ് ഇവരെന്നാണ് കരുതപ്പെടുന്നത്. വാഹനങ്ങള്‍ തടസ്സപ്പെടുത്തിയ ഹിന്ദുത്വവാദികള്‍ പോലീസിനെ വിളിച്ച് മതപരിവര്‍ത്തനം സംബന്ധിച്ച സംസ്ഥാന നിയമം ലംഘിച്ചതിന്റെ പേരില്‍ സഭാനേതൃത്വത്തിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പോലീസ് അക്രമികളെ തടയുന്നതിന് പകരം യുവജന സംഗമത്തിനെത്തിയ ഇരുന്നൂറുപേരെ ചോദ്യം ചെയ്തുവെന്നത് വിചിത്രമാണെന്ന് ഖണ്ഡ്വ രൂപതയുടെ പബ്ലിക് റിലേഷന്‍ ഓഫീസറായ ഫാ. ജയന്‍ അലക്സ് പറഞ്ഞു.

കേസിനെ കുറിച്ച് തങ്ങള്‍ക്ക് ഭയമില്ലെന്നും, സഭയുടെ പ്രതിച്ഛായ മോശപ്പെടുത്തു വാനുള്ള ശ്രമത്തിലാണ് തങ്ങള്‍ക്ക് വിഷമമെന്നും ഫാ. അലക്സ് കൂട്ടിച്ചേർത്തു . മാസങ്ങള്‍ക്ക് മുന്‍പ് പദ്ധതിയിട്ട ഒരു പരിപാടി നടത്തുവാന്‍ പോലും തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന്‍ പറഞ്ഞ ഫാ. അലക്സ്, സാമ്പത്തിക നഷ്ടത്തിന് പുറമേ ക്രൈസ്തവര്‍ ദുര്‍ബ്ബലരാണെന്ന ധാരണ ഉളവാക്കാന്‍ ഇത് കാരണമായെന്നും വെളിപ്പെടുത്തി. ദളിതരെയും, ഗോത്രവര്‍ഗ്ഗക്കാരെയും ക്രൈസ്തവര്‍ മതപരിവര്‍ത്തനം ചെയ്യുവാന്‍ ശ്രമിക്കുകയാണെന്ന്‍ ഹിന്ദുത്വവാദികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത്തരം വ്യാജപ്രചാരണങ്ങള്‍ മതസൗഹാര്‍ദ്ദത്തിന് വിലങ്ങ് തടിയാകുമെന്നും ഫാ. അലക്സ് ആശങ്ക പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group