കേരളത്തില്‍ ക്രൈസ്തവപൗരോഹിത്യം, സന്ന്യാസം, കൂദാശകള്‍, സഭയുടെ പ്രബോധനങ്ങള്‍ തുടങ്ങിയവ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് ക്രൈസ്തവരെ ഒന്നടങ്കം അലോസരപ്പെടുത്തുന്നു
ക്രൈസ്തവവിരുദ്ധത എങ്ങനെ കലയിലൂടെ പ്രചരിപ്പിക്കാമെന്ന് കേരള പൊതുസമൂഹത്തിന് ഒരിക്കല്‍കൂടി കാട്ടിക്കൊടുത്ത സമകാലികകലാസൃഷ്ടിയാണ് ”കക്കുകളി” എന്ന നാടകം. ക്രൈസ്തവവിശ്വാസത്തെയും ക്രൈസ്തവമൂല്യങ്ങളെയും പരസ്യമായി ആക്ഷേപിക്കുകയാണ് ഈ നാടകത്തിലൂടെ ചെയ്തിരിക്കുന്നത്.
ചത്തവന്റെ വീടുപോലെ ആളുകളെ ആകര്‍ഷിച്ച് നിരാശയുടെ പടുകുഴിയില്‍ തള്ളുന്ന ചില കഥകളുണ്ട്. നിരീശ്വരപ്രത്യയശാസ്ത്രങ്ങള്‍ക്കു വേണ്ടി നാടകമാക്കാന്‍ ഫ്രാന്‍സിസ് നൊറോണ ‘കക്കുകളി’ എന്ന തന്റെ കഥ വിട്ടുകൊടുക്കുന്നു. പ്രത്യയശാസ്ത്രങ്ങള്‍ക്കും മതനിരാസകര്‍ക്കും നാസ്തികര്‍ക്കും ഏറെ ഇഷ്ടപ്പെട്ട നാടകമായി ഇത് പതുക്കെ രൂപപ്പെട്ടു.
ദുഃഖമാണ് മരണവീട്ടിലേക്കെന്നപോലെ പ്രേക്ഷകരെ ഈ നാടകത്തിലേക്ക് ആകര്‍ഷിക്കുന്നത്. ദുഃഖം ശത്രുവിനെപ്പോലും കീഴ്പെടുത്തി ഇല്ലാതാക്കുന്ന വികാരമാണ്. ജീവിതദൈന്യം എന്ന പഴക്കമേറിയ ആകര്‍ഷകപ്പശ തേച്ച് സാധാരണ പ്രേക്ഷകരെക്കൂടി നാടകത്തിലേക്കടുപ്പിക്കാന്‍ എളുപ്പം അണിയറപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു
ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയുടെ സര്‍ഗോത്സവത്തിലും തൃശൂരില്‍ കേരള സംഗീതനാടക അക്കാദമിയുടെ പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക്കിന്റെ വേദിയിലും ഈ നാടകം നിറഞ്ഞാടി. പരിഹാസത്തിലും ക്രൈസ്തവമൂല്യനിരാസത്തിലും കെട്ടിയൊരുക്കിയ ഭൗതികരൂപങ്ങള്‍കൊണ്ട് അതിഭാവുകത്വം നല്‍കി ചതുരംഗം കളിക്കുകയാണ് ഈ നാടകം ചെയ്യുന്നത്.
നാടകത്തിന്റെ മൂലകഥാരചയിതാവായ ഫ്രാന്‍സിസ് നൊറോണ മാര്‍ക്‌സിസംപോലുള്ള ബൃഹദാഖ്യാനങ്ങളെ പൂര്‍ണമായി തിരസ്‌കരിക്കുന്നില്ല. മാര്‍ക്‌സിസത്തിന്റെ നവോത്ഥാനത്തെയും വീണ്ടെടുപ്പിനെയുമാണ് ഈ കഥ സ്വപ്നം കാണുന്നതെന്നു വ്യക്തം. എന്നാല്‍, അത് ഒരു പഴയ സ്റ്റാലിനിസ്റ്റ് റഷ്യന്‍ മാതൃകയുടെ വീണ്ടെടുപ്പല്ല. ക്രിസ്തീയസഭയെ കശാപ്പു ചെയ്യാന്‍ കല്ലിലുരച്ച കത്തി കമ്യൂണിസത്തിനടുത്തെത്തുമ്പോള്‍ കഥാകൃത്ത് ആദരവോടെ താഴെ വയ്ക്കുന്നുണ്ടെങ്കിലും ചില കുത്തുവാക്കുകള്‍ കഥയില്‍ ഒളിച്ചുവച്ചിട്ടില്ലേയെന്നു സംശയം തോന്നാം.
കമ്യൂണിസത്തെ വിമര്‍ശിക്കാനാഗ്രഹിക്കുന്ന ഇടങ്ങളില്‍ വ്യാഖ്യാനിക്കാനാകാത്ത ഒരു ഇരുട്ട് കഥയില്‍ ഇടംപിടിക്കുന്നുണ്ട്. കമ്യൂണിസത്തിന് ക്രിസ്തീയസാദൃശ്യം ഉണ്ടെന്ന് ചോന്നപുണ്യാളന്മാര്‍’ തുടങ്ങിയ ചില വാക്കുകളുടെ കൂട്ടിക്കെട്ടിലൂടെ കഥാകൃത്ത് അടക്കംപറയുന്നു. ഒതളങ്ങ തല്ലിപ്പൊട്ടിച്ചു തിന്ന് സഖാവ് വാസുപിള്ള ആത്മഹത്യ ചെയ്തതെന്തിനാണെന്ന് കഥാകൃത്ത് വ്യക്തമാക്കുന്നില്ല. ‘കൂജയിലെ വെള്ളം കൈക്കുടന്നയില്‍ എടുത്ത് ആനാംവെള്ളംപോലെ തളിച്ചാലും തൂക്കുമ്പോള്‍ ഒരു പൊടിമറ പാര്‍ട്ടിയാപ്പീസിനെ പൊതിയും’ എന്ന ഒരു സദൃശവാക്യത്തില്‍ വിമര്‍ശനത്തെ ഒളിപ്പിച്ച് തടി കഴിച്ചിലാക്കുന്നുണ്ട് ഒരിടത്ത് കഥാകൃത്ത്
മറ്റൊരിടത്ത് ‘ഇതെന്നാടാ കറുമ്പാ കൊംപ്രേരിപ്പെരുന്നാളാ’ എന്ന് പാര്‍ട്ടിസമ്മേളനത്തിനും പള്ളിപ്പെരുന്നാളിനും സാഹോദര്യം കല്പിച്ച് രണ്ടും ഒന്നുതന്നെ എന്ന സൂചനയില്‍ കഥാകൃത്ത് കമ്യൂണിസ്റ്റ് വിമര്‍ശനത്തെ ചുരുക്കിക്കെട്ടുന്നു. വെളുത്ത വാസുസഖാവിരിക്കുന്ന കസേര തുടച്ചു വൃത്തിയാക്കുകയാണ് കറുമ്പനായ അപ്പന്‍സഖാവിന്റെ പണി എന്ന ഒരു കറുത്ത പരിഹാസവും വായനക്കാരനു മണക്കാന്‍ പാകത്തില്‍ കഥാകൃത്ത് ഒളിച്ചുവയ്ക്കുന്നില്ലേ? വാസുസഖാവിന്റെ പുരയിടത്തിനു പിന്നിലേതു പോലെയുള്ള വലിയ കുളമാണ് മഠത്തിനു പിന്നിലെ കുളമെന്നും അത്രയും മുഴുപ്പുള്ള കുളത്തിലൊക്കെ ദുഷ്ടാത്മാക്കളുണ്ടാവുമെന്നാണ് അമ്മ പറയാറുള്ളതെന്നുംകൂടി കഥാകൃത്ത് എഴുതുമ്പോള്‍ ഏതോ ഒരു ഭയം വാക്കുകളെ നിയന്ത്രിക്കുന്നതു അവ്യക്തമായി കാണാം.
”കെട്ടിത്തൂക്കിയ വരാലിന്റെ മുള്ളും തലേം കാറ്റിലാടി. പച്ചമീന്‍ തിന്നു വയറുനിറഞ്ഞ നരച്ച കാക്കകളുടെ സ്തുതിപ്പുയര്‍ന്നു.” നരച്ച കാക്കളുടെ സ്തുതിപ്പ് എന്ന വിശേഷണത്തില്‍ സ്തുതിപ്പ് എന്ന പദം, നരച്ച കാക്കകള്‍ എന്ന പദസംയോജനം കന്യാസ്ത്രീകളുടെ ചിത്രസൂചനയാണു ധ്വനിപ്പിക്കുന്നത്. സ്വന്തം യുക്തിക്കു തോന്നുന്നതൊക്കെത്തന്നെയാണ് ശരിയെന്നും ആ യുക്തി തനിക്കു തോന്നുന്നപോലെ നടപ്പിലാക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നുമുള്ള യുക്തിവാദി ആശയമൊക്കെത്തന്നെയാണല്ലോ നൊറോണയുടെ പുതിയ സുവിശേഷം.
മതദര്‍ശനങ്ങളെ പിന്തുടരുന്നവരെയെല്ലാം തങ്ങള്‍ക്കന്യമായവരായിക്കാണുകയും അവരെ ഏതെങ്കിലും രീതിയില്‍ ആക്രമിക്കുകയോ അവഹേളിക്കുകയോ ചെയ്യുമ്പോള്‍ വന്യമായൊരു മാനസികാനുഭൂതി ലഭിക്കുകയും ചെയ്യുന്ന പച്ചയായ വര്‍ഗീയതയുടെ ചികിത്സിക്കപ്പെടേണ്ട മാനസികാവസ്ഥയാണ് ആധുനികനിരീശ്വരന്‍മാരിലും പ്രവര്‍ത്തിക്കുന്നതെന്നു ചുരുക്കം. യൂണിവേഴ്‌സിറ്റി കലോത്സവവുമായി ബന്ധപ്പെട്ട് തലശേരി ബ്രണ്ണന്‍ കോളജില്‍ എസ്എഫ്‌ഐ പതിപ്പിച്ച പോസ്റ്ററുകളിലുള്ള ക്രൈസ്തവരുടെ വിശുദ്ധ അടയാളങ്ങളെ അപമാനിക്കുന്ന പരാമര്‍ശങ്ങളെല്ലാം ഇത്തരം മാനസികമായ അവസ്ഥ തന്നെയാണ്.
ക്രൈസ്തവവിദ്വേഷം വളര്‍ത്തുന്നതില്‍ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തിനു മുഖ്യപങ്കുണ്ട്. അസത്യങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്രൈസ്തവര്‍ക്കെതിരായ നിലപാടു സൃഷ്ടിച്ചവരില്‍ ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയപ്പാര്‍ട്ടികളും അവയോടു ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുമുണ്ട്.
സമുദായപരമായും രാഷ്ട്രീയപരമായും ക്രൈസ്തവര്‍ സംഘടിക്കപ്പെടുമ്പോള്‍ അസഹിഷ്ണുതയും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നവരാണ് സാധ്യമായ എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് ക്രൈസ്തവവിരുദ്ധത വളര്‍ത്താന്‍ ശ്രമിക്കുന്നവരില്‍ പലരും എന്നതു വ്യക്തമാണ്
നിരീശ്വരപ്രസ്ഥാനങ്ങള്‍ ഒരു സംഘടിത-രാഷ്ട്രീയ ശക്തിയായി വളര്‍ന്ന് അധികാരത്തിലേറുകയോ നിരീശ്വരന്‍മാര്‍ ഭൂരിപക്ഷമാവുകയോ ചെയ്തിടത്തെല്ലാം മറ്റുള്ളവര്‍ക്കു വിശ്വാസസ്വാതന്ത്ര്യം നിഷേധിച്ചും അടിച്ചമര്‍ത്തിയും കൊന്നുംവരെ ഭീകരമായൊരു സാമൂഹികാവസ്ഥയെത്തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ക്രൈസ്തവര്‍ ശ്രേഷ്ഠമായി പരിഗണിക്കുന്ന സകലതിനെയും ദുരുപയോഗിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നടക്കുന്നു.
ക്രൈസ്തവ അടയാളങ്ങളെ മനഃപൂര്‍വമായ അനാദരവിനും അവഹേളനത്തിനും ഇരയാക്കാന്‍ ചില പൈശാചികശക്തികള്‍ സമൂഹത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മതമൂല്യനിരാസങ്ങള്‍ ശൈലിയാക്കിയ പ്രത്യയശാസ്ത്രങ്ങളുടെ നേതാക്കള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ പരസ്യമായി ഇത്തരം നാടകങ്ങളിലൂടെയുള്ള അവഹേളനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നു. ക്രിസ്തുവിനെയും ക്രൈസ്തവവിശ്വാസപ്രമാണങ്ങളെയും അവഹേളിച്ചു സംസാരിക്കുകയും പൗരോഹിത്യ-സന്ന്യസ്തജീവിതങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ നവമാധ്യമങ്ങള്‍ക്കോ നാടകങ്ങള്‍ക്കോ സിനിമകള്‍ക്കോ യൂട്യൂബുകള്‍ക്കോ എതിരെ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല എന്നത് സാധാരണക്കാരെപ്പോലും അദ്ഭുതപ്പെടുത്തുന്നു.
ശക്തമായ നിയമസംവിധാനങ്ങളുടെ അഭാവം ക്രൈസ്തവര്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ക്രൈസ്തവന്യൂനപക്ഷങ്ങള്‍ക്കെതിരേ നിരന്തരം വിദ്വേഷപ്രസ്താവനകള്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് കേരളത്തിലും ഭാരതത്തിലും ക്രൈസ്തവര്‍ക്കുനേരേയുള്ള നിലപാടിന്റെ അപകടകരമായ സൂചനയായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്.
സര്‍ക്കാരുകളുടെ മൗനവും പോലീസിന്റെ മെല്ലെപ്പോക്കും പലപ്പോഴും കുറ്റവാളികള്‍ക്ക് അനുകൂലസാഹചര്യം സൃഷ്ടിക്കുന്നു.
ക്രൈസ്തവവിശ്വാസത്തെയും ക്രിസ്തീയമൂല്യങ്ങളെയും അപഹസിക്കുമ്പോള്‍ അത്തരക്കാര്‍ക്കെതിരേ ചെറുവിരലനക്കാത്ത നിയമസംവിധാനങ്ങള്‍ ആര്‍ക്കുവേണ്ടിയാണ്?
സൈബര്‍ ഇടങ്ങളിലൂടെയുള്ള ആക്രമണങ്ങള്‍ക്കുള്ള ശിക്ഷകള്‍ പലപ്പോഴും അപര്യാപ്തമാണ്.
ക്രൈസ്തവസഭയെയും ക്രിസ്തീയമൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ചശേഷം സാത്താനും അവന്റെ നാമത്തിനും കൈയടി വാങ്ങിക്കൊടുക്കുന്നതായി മലയാളസാംസ്‌കാരികരംഗം മാറിയിരിക്കുന്നു.
ക്രൈസ്തവജീവിതവിശ്വാസരീതികളെ സത്യവിരുദ്ധമായി അവതരിപ്പിച്ച് അപഹാസ്യമായി ചിത്രീകരിക്കാന്‍ ചിലര്‍ ആവേശം കാണിക്കുന്നത് കലാപരമായ ആവിഷ്‌കാരസ്വാതന്ത്ര്യമെന്നു കരുതി അവഗണിക്കാനാവില്ല. മറിച്ച്, ക്രൈസ്തവരെക്കുറിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യക്തമായ അജണ്ടയോടുകൂടി പ്രവര്‍ത്തിക്കുന്ന വര്‍ഗീയ അധാര്‍മികശക്തികളുടെ ഗൂഢാലോചന തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ക്രൈസ്തവര്‍ക്ക് നിതാന്തജാഗ്രത ആവശ്യമായിരിക്കുന്നു.
കടപ്പാട് :ടോണി ചിറ്റിലപ്പിള്ളി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group