മനുഷ്യ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പോരാളികൾ ആകണം ക്രൈസ്തവർ : അഭിവന്ദ്യ കുര്യാക്കോസ് മാർ സെവേരിയൂസ്

പുളിങ്കുന്ന് : സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും അനുയായികളായ എല്ലാ സഭാ മക്കളും ഐക്യത്തോടെ ഒന്നായി മുന്നേറണമെന്നും മനുഷ്യ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പോരാളികളായി ക്രൈസ്തവർ മാറണമെന്നും ക്നാനായ യാക്കോബായ സഭയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മാർ സെവേരിയോസ്.

പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഇടവക ദിനവും – കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധ്യാത്മിക ദാരിദ്ര്യമാണ് ഇന്നു വളരെ കൂടുതൽ. എന്നാൽ ഭൗതിക ദാരിദ്ര്യം ഇല്ല. പരസ്പരം പോരടിക്കാതെ ക്രൈസ്തവർ വിശ്വാസ കൂട്ടായ്മയിൽ വളർന്ന് വിശ്വാസത്തിന്റെ വിളനിലമായി കുടുംബങ്ങൾ മാറണമെന്നും പിതാവ് കൂട്ടിച്ചേർത്തു.

നാളെയുടെ പ്രതീക്ഷകളായ യുവജനങ്ങൾ താങ്കളുടെ യുവത്വം സഭയോട് ചേർന്ന് സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കണമെന്നും മാർ സെവേരിയൂസ് മെത്രാപ്പോലീത്ത യുവാക്കളെ ഓർമിപ്പിച്ചു.

സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ചില തിന്മകൾ സമൂഹത്തെയും കുടുംബത്തെയും ഉൻമൂലനം ചെയ്യാൻ കഴിയുന്ന മാരക വിപത്താണെന്ന് മയക്കുമരുന്നുകളുടെ വ്യാപനം സംബന്ധിച്ച് ഇടവക വികാരി ഫാ. ടോം പുത്തൻകളം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
വിവാഹ ബന്ധങ്ങൾ തകർച്ചയിലേക്ക് നയിക്കുന്ന തെറ്റായ പുതിയ പ്രവണതകളെക്കുറിച്ച് ജാഗരൂകരാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഫാ. ജയ്സൺ മാവേലി CMI, റവ.സി. ജ്യോതിസ് മരിയ CMC എന്നിവർ ആശംസ നേർന്നു സംസാരിച്ചു. രാവിലെ നടന്ന സമൂഹ ബലിയോട് കൂടി ആരംഭിച്ച സമ്മേളനത്തിൽ വിവിധ ഭക്ത സംഘടനകൾ, സൺഡേ സ്കൂൾ, വിവിധ റീജണുകൾ തുടങ്ങിയവരുടെ കലാപരിപാടികൾ അവതരിപ്പിച്ചു. 3000ത്തിൽ പരം ഇടവക അംഗങ്ങൾ സമ്മേളനത്തിനും സ്നേഹവിരുന്നിലും പങ്കെടുത്തു.ഫാ. ബ്ലെസ് കരിങ്ങണാമറ്റം സ്വാഗതവും, ഫാ. സിറിൽ കൈതക്കളം നന്ദിയും പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group