മൂന്നാഴ്ചയ്ക്കിടെ മൂന്ന് ക്രിസ്ത്യൻ പെൺകുട്ടികളെയാണ് പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നും തട്ടിക്കൊണ്ടു പോയത്.
തട്ടിക്കൊണ്ടു പോയവർ മതം മാറ്റി നിർബന്ധിത വിവാഹത്തിന് പ്രേരിപ്പിക്കുന്ന രീതി ആവർത്തിക്കുമോ എന്ന ഭയത്തിലാണ് പെൺകുട്ടികളുടെ വീട്ടുകാർ. ഇതിനെതിരെ അധികൃതരും സർക്കാരും വേണ്ട നടപടികൾ സ്വീകരിക്കാത്തത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനു കാരണമാകുന്നുവെന്ന് ഇരകളുടെ ബന്ധുക്കൾ പറഞ്ഞു.
കറാച്ചിയിൽ 1200 -ഓളം ക്രിസ്ത്യൻ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഓറഞ്ച് ടൗൺ എന്ന പ്രദേശത്തു നിന്നാണ് മെറാബ് എന്ന 15 വയസ്സുകാരിയെ കഴിഞ്ഞ ദിവസo തട്ടിക്കൊണ്ടു പോയത്. “എന്റെ മകൾ പ്രായപൂർത്തിയാകാത്തവളാണ്; അവൾ നിരപരാധിയാണ് – മാർച്ച് ഏഴിന് നോമാൻ എന്നയാൾ തട്ടിക്കൊണ്ടു പോയ പെൺകുട്ടിയുടെ അമ്മ സുമൈറ വേദനയോടെ പറയുന്നു. തട്ടിക്കൊണ്ടു പോയതിന് മൂന്നു പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ തട്ടിക്കൊണ്ടു പോയ ആളെയല്ല പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മെറാബ് ഇപ്പോഴും ഇയാളുടെ കൂടെയുണ്ട്. കുറ്റക്കാർക്കെതിരെ ഗൗരവമായ നടപടിയെടുക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും സിന്ധ് സർക്കാരിനോടും ഞങ്ങൾ ആവശ്യപ്പെടുന്നു. മകളെ തട്ടിക്കൊണ്ടു പോയ നോമാൻ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. എന്റെ മകൾക്കായി എല്ലാവരും പ്രാർത്ഥിക്കണം “- മെറാബിന്റെ അമ്മ പറയുന്നു.
ഫെബ്രുവരി 25 ന്, ഇതേ സ്ഥലത്തു നിന്നും 18 വയസ്സുകാരിയായ മറിയം എന്ന യുവതിയെയും തട്ടിക്കൊണ്ടു പോയിരുന്നു. ബക്കായ് ആശുപത്രിയിലെ പരിശീലനകേന്ദ്രത്തിലേക്ക് പോകുന്നതിനിടെയാണ് യുവതിയെ കാണാതായത്. മിഡ്ഫറി രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു.
തട്ടിക്കൊണ്ടു പോകപ്പെട്ട മൂന്നാമത്തെ ക്രിസ്ത്യൻ പെൺകുട്ടി 15 വയസ്സുള്ള പെർസിക്ല ആണ്. ഫൈസലാബാദിലെ സുമുന്ധരിയിലുള്ള അവളുടെ വീട്ടിൽ നിന്നും മാതാപിതാക്കളുടെ മുന്നിൽ വെച്ചാണ് അവളെ തട്ടിക്കൊണ്ടു പോയത്. മുറിയിൽ ഉറങ്ങുകയായിരുന്ന പെർസിക്ലയെ, മുഹമ്മദ് കാസിം എന്ന മുസ്ലീം യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോയ ശേഷം, ആരോടെങ്കിലും വിവരം പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് ദിലാവർ പറയുന്നു.
മനുഷ്യാവകാശ പ്രവർത്തകനും പാക്കിസ്ഥാൻ ക്രിസ്ത്യൻ അസോസിയേഷന്റെ ഇൻഫർമേഷൻ സെക്രട്ടറിയുമായ നവീദ് ലാസർ പറയുന്നതനുസരിച്ച്, കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഏഴ് ക്രിസ്ത്യൻ പെൺകുട്ടികളെ ഓറംഗി ടൗണിലെ അതേ പ്രദേശത്തു നിന്ന് തട്ടിക്കൊണ്ടു പോകുകയും 120 -ഓളം പെൺകുട്ടികളെ നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്യുകയും ചെയ്തു . പ്രധാനമായും പാവപ്പെട്ട ക്രിസ്ത്യൻ കുടുംബങ്ങളെ ലക്ഷ്യം വച്ചാണ് അക്രമ പ്രവർത്തനങ്ങൾ അരങ്ങേറുന്നത്. അധികാരികൾ ഉടൻ നടപടി സ്വീകരിക്കുവാനും ക്രൈസ്തവർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും സുരക്ഷ നൽകാനും നവീദ് ലാസർ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group