വത്തിക്കാനിലെ ഇത്തവണത്തെ പുൽക്കൂട് പെറുവിൽനിന്ന്…

വത്തിക്കാനിൽ ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് വേണ്ടിയുള്ള പുൽക്കൂട് പെറുവിൽനിന്നും ക്രിസ്തുമസ് മരം വടക്കേഇറ്റലിയിലെ ആന്തലോ എന്ന സ്ഥലത്തുനിന്നുമാണ് എത്തുക.

വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയുടെ മുന്നിലെ ചത്വരത്തിൽ ഈ വർഷം സ്ഥാപിക്കാനുള്ള പുൽക്കൂടാണ് പെറുവിലെ ഹുവാങ്കവെലിക്ക പ്രദേശത്തുള്ള ചോപ്‌ക്ക ഗ്രാമത്തിൽ നിന്ന് കൊണ്ടുവരികയെന്ന് വത്തിക്കാൻ ഗോവെർണറേറ്റ് അറിയിച്ചു.പെറുവിലെ ഹുവാങ്കവെലിക്കയിൽനിന്നുള്ള കലാകാരൻമാർ നിർമ്മിച്ച മുപ്പതിലധികം പ്രതിമകളും മറ്റു വസ്തുക്കളും പുൽക്കൂട്ടിൽ ഇടംപിടിക്കും. ചോപ്‌ക്ക സമൂഹത്തിന്റെ പാരമ്പര്യരീതിയിലുള്ള വസ്ത്രങ്ങളായിരിക്കും യേശുവിന്റെയും കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ഉൾപ്പെടെയുള്ള പ്രതിമകൾക്ക് അണിയിക്കപ്പെടുന്നത്. പ്രാദേശികമായ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതായിരിക്കും പുൽക്കൂട്ടിലെ ഓരോ വസ്തുക്കളും. അതുപോലെതന്നെ, പെറുവിൻറെ ദേശീയ ചിഹ്നമായ ആൻഡിയൻ കോണ്ടർ ഉൾപ്പെടെ, പെറുവിൽനിന്നുള്ള പക്ഷിമൃഗാദികളുടെയും പ്രതിമകൾ ഇത്തവണ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ എത്തും.

വടക്കൻ ഇറ്റലിയിലെ, ഡോളോമിത്തി മലനിരകളിലെ ഉൾപ്പെടുന്ന ത്രെന്തോ പ്രദേശത്തെ ആന്തലോ എന്ന സ്ഥലത്തുനിന്നായിരിക്കും ഇത്തവണത്തെ ക്രിസ്തുമസ് മരം വത്തിക്കാനിലേക്ക് കൊണ്ടുവരുന്നത്. ഇരുപത്തിയെട്ടു മീറ്റർ ഉയരമുള്ള ഈ മരം തെന്ത്രോ പ്രേദേശത്തുനിന്നുള്ള വനസംരക്ഷണവിഭാഗമാണ് എത്തിക്കുന്നത്. ഇതിന്റെ അലങ്കാരം നിർവഹിക്കുന്നതും അവിടെനിന്നുള്ള ഒരു പ്രതിനിധിസംഘമായിരിക്കും. എന്നാൽ മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും ഇതിന്റ ദീപാലങ്കാരം, കുറഞ്ഞ ഊർജ്ജോപയോഗമുള്ള എൽ ഇ ഡി ബൾബുകൾ ഉപയോഗിച്ച് വത്തിക്കാൻ നേരിട്ട് നിർവ്വഹിക്കും.

തിരുപ്പിറവിയുമായി ബന്ധപ്പെട്ട ക്രിസ്തുമസ് പുൽക്കൂടിന്റെയും മരത്തിന്റെയും ഉദ്‌ഘാടനം വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഡിസംബർ പത്തിന് വൈകുന്നേരം അഞ്ചുമണിക്ക്, വത്തിക്കാൻ ഗവർണ്ണർ ആർച്ച്ബിഷപ് ഫെർണാണ്ടോ വേർഗെസ് അൽസാഗ നിർവ്വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഉദ്‌ഘാടനം നടക്കുക. പതിവുപോലെ, യേശുവിന്റെ ജ്ഞാനസ്നാനം ആഘോഷിക്കുന്ന ഞായറാഴ്ച, 2022 ജനുവരി ഒൻപതു വരെ ഈ ക്രിസ്തുമസ് അലങ്കാരങ്ങൾ വത്തിക്കാനിൽ ഉണ്ടാകും..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group