ക്രിസ്തുമസിനു വരവേൽക്കാനായി ഒരു നോവേന…

ആഗമന കാലത്തിന്റെ അവസാന ദിനങ്ങളില്‍ ഉണ്ണിയേശുവിനായി ഹൃദയത്തെ ഒരുക്കാന്‍ ഒന്‍പതാം പീയൂസ് പാപ്പ ഒരു നോവേന തിരുസഭയ്ക്കു തന്നിട്ടുണ്ട് . 1846 സെപ്റ്റംബര്‍ 23നാണ് പാപ്പ ഈ നോവേനയ്ക്കു അംഗീകാരം നല്‍കിയത്. വര്‍ഷത്തിലെ ഏതു മാസവും ഇതു ചൊല്ലാമെങ്കിലും ഡിസംബര്‍ മാസത്തില്‍ ക്രിസ്തുമസിനു മുമ്പ് ഈ നോവേന ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് ക്രിസ്തുമസിനുള്ള ഏറ്റവും അടുത്ത ഒരുക്കമാണ്.അഞ്ചു സമര്‍പ്പണ പ്രാര്‍ത്ഥനകള്‍ അടങ്ങിയ ഈ നോവേനയുടെ അവസാനം ഒരു സമാപന പ്രാര്‍ത്ഥനയുണ്ട്. ക്രിസ്തുമസിനു മുമ്പുള്ള 9 ദിവസങ്ങള്‍ ഈ നോവേന ചൊല്ലി നമുക്കു ഒരുങ്ങാം..

*ഒന്നാം സമര്‍പ്പണം

നിത്യ പിതാവേ , നിന്റെ മഹത്വത്തിനും ബഹുമാനത്തിനും, എന്റെയും ലോകം മുഴുവന്റെയും രക്ഷയ്ക്കുമായി ഞങ്ങളുടെ രക്ഷകനായ ക്രിസ്തുവിന്റെ ദിവ്യ ജനന രഹസ്യം ഞാന്‍ സമര്‍പ്പിക്കുന്നു.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദി മുതല്‍ എന്നേക്കും ആമ്മേന്‍.

*രണ്ടാം സമര്‍പ്പണം

നിത്യ പിതാവേ , നിന്റെ മഹത്വത്തിനും ബഹുമാനത്തിനും, എന്റെയും ലോകം മുഴുവന്റെയും രക്ഷയ്ക്കുമായി ,നസ്രത്തില്‍ നിന്നു ബദ്‌ലേഹമിലേക്കുള്ള യാത്രയില്‍ പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവും സഹിച്ച യാതനകളെ ഞാന്‍ സമര്‍പ്പിക്കുന്നു. ലോകരക്ഷന്റെ പിറവിക്കായി ഒരു സ്ഥലം കണ്ടെത്താന്‍ അവര്‍ അനുഭവിച്ച വേദനകളോട് എന്റെ വേദനകളെയും സമര്‍പ്പിക്കുന്നു.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദി മുതല്‍ എന്നേക്കും ആമ്മേന്‍.

*മൂന്നാം സമര്‍പ്പണം

നിത്യ പിതാവേ , നിന്റെ മഹത്വത്തിനും ബഹുമാനത്തിനും, എന്റെയും ലോകം മുഴുവന്റെയും രക്ഷയ്ക്കുമായി , പുല്‍ക്കൂടില്‍ യേശു പിറന്നപ്പോള്‍ അനുഭവിച്ച വേദനകളെ സമര്‍പ്പിക്കുന്നു. അവനു പിറവി കൊള്ളാന്‍ മെത്തയോരുക്കിയ പരുപരുത്ത വൈയ്‌ക്കോലും, സഹിച്ച കൊടും തണുപ്പും , പരുപരുത്ത വസ്ത്രങ്ങളും, ചിന്തിയ കണ്ണീരും മൃദുവായ ഏങ്ങലുകളും ഇന്നു ഹൃദയത്തിലേറ്റു വാങ്ങി ഞാന്‍ കാഴ്ചവെയ്ക്കുന്നു.


പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദി മുതല്‍ എന്നേക്കും ആമ്മേന്‍.
നാലാം സമര്‍പ്പണം
നിത്യ പിതാവേ , നിന്റെ മഹത്വത്തിനും ബഹുമാനത്തിനും, എന്റെയും ലോകം മുഴുവന്റെയും രക്ഷയ്ക്കുമായി , ദൈവാലയത്തില്‍ പരിഛേദനത്തിനു വിധേയനായപ്പോള്‍ ഉണ്ണിയേശു അനുഭവിച്ച വേദനകളെ ഞാന്‍ സമര്‍പ്പിക്കുന്നു. മനുഷ്യകുലത്തിന്റെ രക്ഷക്കായി രക്തം ചിന്താന്‍ ആഗതനായ നിന്നോടു ചേര്‍ന്നു ഞാനും എന്റെ ജീവിതം സമര്‍പ്പിക്കുന്നു.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദി മുതല്‍ എന്നേക്കും ആമ്മേന്‍.

*അഞ്ചാം സമര്‍പ്പണം

നിത്യ പിതാവേ , നിന്റെ മഹത്വത്തിനും ബഹുമാനത്തിനും, എന്റെയും ലോകം മുഴുവന്റെയും രക്ഷയ്ക്കുമായി , ഉണ്ണിയേശുവില്‍ വിളങ്ങി നിന്ന എളിമ, പരിത്യാഗം, ക്ഷമ, സ്‌നേഹം തുടങ്ങിയ എല്ലാം പുണ്യങ്ങളും ഞാന്‍ സമര്‍പ്പിക്കുന്നു. ഞാന്‍ നിനക്കു നന്ദി പറയുകയും സ്‌നേഹിക്കുകയും അവര്‍ണ്ണനീയമായ മനുഷ്യവതാരത്തിനും അനവരതം സ്തുതിക്കുകയും ചെയ്യുന്നു.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദി മുതല്‍ എന്നേക്കും ആമ്മേന്‍.
വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു.

നമുക്കു പ്രാര്‍ത്ഥിക്കാം

ഓ ദൈവമേ, നിന്റെ എകജാതന്‍ മനുഷ്യനായി ഞങ്ങളുടെ ഇടയില്‍ പിറന്നതിനെ സ്മരിച്ചു ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും നന്ദി പറയുകയും അങ്ങേ മഹത്വത്തെ വാഴ്ത്തുകയും ചെയ്യുന്നു. അതു വഴി ഞങ്ങളുടെ ആത്മാക്കള്‍ മനുഷ്യവതാരം ചെയ്ത നിന്റെ പുത്രന്റെ സാദൃശ്യത്തിലേക്കു വളരുമാറാട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും. ആമ്മേന്‍…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group