നിർമല കോളജിലെ സംഭവത്തിന്റെ ആധിയടങ്ങും മുന്പ് പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിസ്കാരത്തിനിറങ്ങിയവർ പരത്തുന്നതെന്തോ അതാണ് ഇസ്ലാമോഫോബിയ. ശത്രു പുറത്തല്ല…
യൂറോപ്യൻ രാജ്യങ്ങളിൽ കയറിക്കൂടിയ മുസ്ലിംകൾ ശരിയത്ത് നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതും കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്കരിക്കാൻ മുറിയും സമയവുമൊക്കെ ആവശ്യപ്പെടുന്നതും തമ്മിൽ ആളുകൾ താരതമ്യപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. അത്തരമൊരാവശ്യം നിലനിൽക്കില്ലെന്ന് മൂവാറ്റുപഴ നിർമല കോളജിൽ ക്രൈസ്തവ-മുസ്ലിം നേതൃത്വം ഒന്നിച്ചു തീരുമാനിച്ചതൊന്നും അറിയാത്തവർ ഇനിയുമുണ്ട്.
അവരിൽ ചിലരായിരിക്കാം എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ക്ലാസ്മുറിയിൽ നിസ്കരിക്കാൻ ശ്രമിച്ചത്. വളച്ചുകെട്ടില്ലാതെ പറയാം; പൈങ്ങോട്ടൂരെന്നല്ല, കേരളത്തിലെ ഒരു കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനത്തിലും നിസ്കരിക്കാൻ മുറിയോ നിയമാനുസൃതമല്ലാത്ത സമയമോ അനുവദിക്കില്ല. പള്ളിയും പള്ളിക്കൂടവുമൊന്നും വഖഫ് ബോർഡിന്റെ വകയല്ലെന്ന്, നിസ്കാരത്തിന്റെ പേരിൽ സ്വന്തം സമുദായത്തെ തന്നെ അവഹേളിക്കുന്ന കുട്ടികളോടും അവരുടെ മാതാപിതാക്കളോടും വിവരമുള്ളവർ പറഞ്ഞുകൊടുക്കണം.
കോതമംഗലം രൂപതയിലുള്ള പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് നിസ്കാരത്തിന്റെ പേരിൽ ചിലർ അസ്വസ്ഥത പടർത്തുന്നത്. മറ്റു പലയിടത്തും എന്നപോലെ ഇവിടെയും പെൺകുട്ടികളാണ് ക്ലാസ്മുറിയിൽ നിസ്കാരം തുടങ്ങിയത്. സ്കൂൾ നിയമങ്ങൾക്ക് അനുസൃതമല്ലെന്നും അനുവദിക്കാനാവില്ലെന്നും അധികൃതർ പറഞ്ഞതോടെ പെൺകുട്ടികൾ മാതാപിതാക്കളുമായെത്തി ആവശ്യം ആവർത്തിക്കുകയായിരുന്നു.
മൂവാറ്റുപുഴ നിർമല കോളജിൽ നിസ്കരിക്കാൻ മുറി അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം വിദ്യാർഥിനികൾ ആൺകുട്ടികളുടെ പിന്തുണയോടെ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചത് കഴിഞ്ഞ ജൂലൈ 26നാണ്. നിസ്കാരമുറി അനുവദിക്കുന്ന പ്രശ്നമില്ലെന്നു നിർമല കോളജിന്റെ മാനേജ്മെന്റ് പറഞ്ഞതുപോലെ സെന്റ് ജോസഫ്സിലും മാനേജ്മെന്റ് കർശന നിലപാടെടുത്തു.
കെഇആർ (കേരള വിദ്യാഭ്യാസ ചട്ടം) പ്രകാരം പൊതുവിദ്യാലയങ്ങളിൽ സർക്കാർ അനുവദിച്ചുതന്നിട്ടുള്ള പ്രാർഥനാ സമയക്രമീകരണം വെള്ളിയാഴ്ചകളിൽ ഈ സ്കൂളിലും അനുവദിച്ചിട്ടുണ്ട്. അടുത്തുള്ള മോസ്കിൽ പോയി അതു നടത്താവുന്നതുമാണ്. എല്ലാ ദിവസവും ഇത് അനുവദിക്കാനാവില്ലെന്ന സ്കൂൾ മാനേജ്മെന്റിന്റെ നിലപാട് അംഗീകരിക്കുകയാണു വേണ്ടത്. അച്ചടക്കത്തോടെ അധ്യയനം നടത്തുകയും ജാതി-മത ഭേദമില്ലാതെ എല്ലാ വിദ്യാർഥികളെയും ചേർത്തുപിടിക്കുകയും ചെയ്യുന്ന കത്തോലിക്കാ സ്ഥാപനത്തെ വിവാദകേന്ദ്രമാക്കരുത്.
മറ്റൊരു മതത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്ന വിദ്യാലയത്തിൽ തങ്ങൾക്ക് അന്പലമോ പള്ളിയോ പ്രാർഥനാസൗകര്യമോ സമയമോ അനുവദിക്കണമെന്നു ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ആവശ്യപ്പെടാത്ത ഒരു രാജ്യത്ത് ഇങ്ങനെ ഒരു മതത്തിൽപ്പെട്ടവർ മാത്രം പെരുമാറുന്നത് എന്തുകൊണ്ടാണ്? മതമൗലികവാദമല്ലേ ഇത്? ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമല്ലെന്നും ശരിയത്തല്ല, ജനാധിപത്യ-മതേതര ഭരണഘടനയാണ് ഇവിടെയുള്ളതെന്നും ഈ കുട്ടികളോട് ആരു പറഞ്ഞുകൊടുക്കും? വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്കരിക്കുന്നതിനെക്കുറിച്ച് തീവ്രചിന്താഗതിയുള്ള മതനേതാക്കൾ സമൂഹമാധ്യമങ്ങളിൽ ഇട്ടിരിക്കുന്ന വീഡിയോകൾ കണ്ടു പഠിച്ചിട്ടാണ് സ്ഥല-കാല ബോധമില്ലാതെ കുട്ടികൾ വിദ്യാലയങ്ങളിലേക്കു വരുന്നത്.
ഒരു നേതാവ് പറയുന്നത്, ക്രിസ്ത്യാനികളുടെ സ്കൂളിൽ നിസ്കരിക്കാൻ പറ്റില്ലെങ്കിൽ പഠിത്തം നിർത്തണമെന്നാണ്. മറ്റൊരാൾ പറയുന്നത്, ഒന്നോ രണ്ടോ പേർ നിസ്കരിച്ചുതുടങ്ങിയാൽ സാവകാശം എല്ലാവരും ഒറ്റക്കെട്ടായി വന്നുകൊള്ളുമെന്നാണ്. ഈ വിവരക്കേടൊക്കെ എന്തോ സ്വാതന്ത്ര്യസമര പ്രഭാഷണമാണെന്നാണ് കുട്ടികൾ ധരിക്കുന്നത്.
എല്ലാത്തരം ആളുകളുമായി ഇടപഴകി നല്ല പൗരരായി ജീവിക്കാൻ പരിശീലനം ലഭിക്കേണ്ട കാലത്താണ് ചിലർ വിദ്യാലയങ്ങളിലേക്കും മതതീവ്രവാദം ഒളിച്ചുകടത്തുന്നത്. ഇതൊക്കെ കണ്ടില്ലെന്നു നടിക്കുന്നതല്ല മതേതരത്വമെന്ന് ഇടതു-വലതു രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും തിരിച്ചറിയുന്നത് കേരളത്തിന്റെ ഭാവിക്കു നല്ലതാണ്. ഇത്തരം വകതിരിവില്ലാത്ത മതപ്രകടനങ്ങൾ തങ്ങളുടെ സമുദായത്തെ കൂടുതൽ അന്യവത്കരിക്കുകയാണെന്ന് അതിലുള്ളവർ തിരിച്ചറിയണം.
നിർമല കോളജ് സംഭവത്തിൽ മാപ്പു പറയുകയും വിദ്യാർഥികളെ തിരുത്തുകയും ചെയ്ത മുസ്ലിം നേതാക്കളുടെ നിലപാട് പൊതുസമൂഹം തുറന്ന മനസോടെ സ്വാഗതം ചെയ്തിരുന്നു. അതു സഹിഷ്ണുതയുടെ ഭാഗമാണ്. പക്ഷേ, ആവർത്തിക്കുന്പോഴൊക്കെ ഒറ്റപ്പെട്ട സംഭവമെന്നു കരുതി തള്ളിക്കളയുന്നത് ആപത്തിനു നേർക്കുള്ള കണ്ണടയ്ക്കലാകും.
അതു സാധ്യമല്ല. ഉത്തരേന്ത്യയിൽ ഉൾപ്പെടെ ഹൈന്ദവ മാനേജ്മെന്റുകൾ നടത്തുന്ന സ്കൂളുകളിൽ ആരും നിസ്കരിക്കാൻ മുറി ചോദിച്ചതായി കാണുന്നില്ല. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളിൽ ഇതൊക്കെ ചെലവാകുമെന്ന ധാരണ ഇനിയാർക്കും വേണ്ട.
ക്ഷമിക്കുന്നതും സഹിക്കുന്നതും ദൗർബല്യമായി തെറ്റിദ്ധരിച്ചെങ്കിൽ തിരുത്താൻ സമയമുണ്ട്. നമുക്ക് സഹകരിച്ചു ജീവിച്ചാൽ മതി, സമ്മർദംകൊണ്ട് ആരെയും പൊറുതിമുട്ടിക്കേണ്ട. മറിച്ചായാൽ, ഇസ്ലാമോഫോബിയ കെട്ടുകഥയാണെന്നു പൊതുസമൂഹത്തെ ബോധിപ്പിക്കാൻ ഉടനെയൊന്നും സാധിക്കില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group