വാത്‌സിംഗ്ഹാം മാതാവിന്റെ തിരുനാൾ ഇംഗ്ലണ്ടിലെ ഔദ്യോഗിക ആഘോഷമാക്കണമെന്ന് അഭ്യർത്ഥിച്ച് സഭാ നേതൃത്വം

വാത്‌സിംഗ്ഹാം മാതാവിന്റെ തിരുനാൾ ഇംഗ്ലണ്ടിലെ ദേശീയതലത്തിലുള്ള ഔദ്യോഗിക ആഘോഷമാക്കണമെന്ന് അഭ്യർത്ഥിച്ച് കത്തോലിക്കാ സഭാ നേതൃത്വം. ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ മെത്രാൻ സമിതിയാണ് ഇതുസംബന്ധിച്ച അഭ്യർത്ഥന വത്തിക്കാന് സമർപ്പിക്കാൻ ഒരുങ്ങുന്നത്. ഇംഗ്ലണ്ടിലെ നസ്രത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഔർ ലേഡി ഓഫ് വാത്‌സിംഗ്ഹാം തീർത്ഥാടന കേന്ദ്രത്തിൽ സെപ്തംബർ 24നാണ് വാത്‌സിംഗ്ഹാം മാതാവിന്റെ തിരുനാൾ.

ഇക്കഴിഞ്ഞയാഴ്ച ലീഡ്‌സിൽ നടന്ന പ്ലീനറി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം മെത്രാൻ സമിതി കൈക്കൊണ്ടത്. തിരുക്കർമങ്ങൾക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്ട്രിക്ക് ഇതുസംബന്ധിച്ച് കൈമാറാനുള്ള അപേക്ഷ തയാറാക്കാൻ മെത്രാൻ സംഘം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യു.കെയിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള വിശ്വാസീസമൂഹം വാർഷിക തീർത്ഥാടനം നടത്തുന്ന മരിയൻ തീർത്ഥാടന കേന്ദ്രം കൂടിയാണ് ഔർ ലേഡി ഓഫ് വാത്‌സിംഗ്ഹാം ബസിലിക്ക.

വാത്‌സിംഗ്ഹാം മാതാവിന്റെ സന്ദേശവും നൂറ്റാണ്ടുകളുടെ പൗരാണികതയുമുള്ള ദൈവാലയത്തിന്റെ പ്രാധാന്യവും കൂടുതൽ പ്രഘോഷിക്കാൻ പുതിയ തീരുമാനം സഹായകമാകുമെന്ന് ഔർ ലേഡി ഓഫ് വാത്‌സിംഗ്ഹാം ബസിലിക്കാ റെക്ടർ മോൺ. ഫിലിപ്പ് മോഗർ അഭിപ്രായപ്പെട്ടു. 11-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മരിയഭക്തയായിരുന്ന പ്രഭ്വി റിച്ചൽ ഡിസ്ഡി ഫെവെച്ചാണ് വാൽസിംഗ്ഹാമിൽ ദൈവാലയം നിർമിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group