സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ദൈവാലയ ശുശ്രൂഷിയായി 71 വര്‍ഷം പിന്നിട്ട കുട്ടപ്പന്‍ ചേട്ടന് ആദരവുമായി ഇടവക സമൂഹം. കാഞ്ഞിരപ്പള്ളി രൂപതയിലെ വാഴൂര്‍ ചെങ്കല്‍ തിരുഹൃദയപ്പള്ളി ദൈവാലയ ശുശ്രൂഷകനായി 71 വര്‍ഷം ശുശ്രൂഷ ചെയ്ത കുട്ടപ്പന്‍ ചേട്ടനെയാണ് ചെങ്കല്‍ ഇടവകസമൂഹം ആദരിച്ചത്. നേരത്തെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ കുട്ടപ്പന്‍ ചേട്ടനെന്ന് ഏവരും വിളിക്കുന്ന വാഴൂര്‍ മൈലക്കാവുങ്കല്‍ എം.ടി. മാത്യൂവിനെ പൊന്നാട അണിയിച്ച് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
വൈദികര്‍ക്ക് എന്നും സഹായിയും കൈത്താങ്ങുമായിരുന്ന കുട്ടപ്പന്‍ചേട്ടന്‍ അനേകരുടെ ആത്മീയ ജീവിതത്തില്‍ പരിശീലകനും വഴികാട്ടിയും സഹായിയുമായി. ദിവംഗതനായ ബിഷപ് മാര്‍ മാത്യു വട്ടക്കുഴിയുടെ ചെറുപ്പകാലങ്ങളില്‍ വിശുദ്ധ കുര്‍ബാനയില്‍ അള്‍ത്താര ശുശ്രൂഷകനായി പരിശീലിപ്പിച്ചത് കുട്ടപ്പന്‍ ചേട്ടനാണ്. കൂടാതെ പല വൈദികരുടെയും ചെറുപ്പകാലങ്ങളിലെ ഇദ്ദേഹത്തിന്റെ പരിശീലനം അവരുടെ വളര്‍ച്ചക്ക് കാരണമായി. സഹപാഠികളും സമപ്രായക്കാരും വിട്ടുപിരിഞ്ഞെങ്കിലും 91 -ാം വയസിലും ഏറെ ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ ദിനചര്യ തന്നെ ആണ് ആരോഗ്യത്തിന്റെ രഹസ്യം.
സഹപാഠിയായിരുന്ന പോള്‍ വടക്കേടത്ത് അച്ഛനോടൊപ്പം ദൈവാലയങ്ങളിലെ പെരുന്നാള്‍ കുര്‍ബാന സുറിയാനിയില്‍ ചൊല്ലുന്നതിനായി സന്തതസഹചാരിയായി കൂടെയുണ്ടാവും ഇദ്ദേഹവും. 50 വര്‍ഷക്കാലത്തോളം രണ്ട് കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്നും പുലര്‍ച്ചെ നാലുമണിക്ക് സൈക്കിളില്‍ പള്ളിയില്‍ എത്തുമായിരുന്നു. അതിരമ്പുഴ, അരുവിത്തറ തുടങ്ങിയ പള്ളികളില്‍ എല്ലാം തിരുനാളുകള്‍ക്ക് സൈക്കിളില്‍ പണ്ട് മുതലേ പോയിരുന്നു. ഇപ്പോള്‍ പുലര്‍ച്ചെ 3.30 ന് എഴുന്നേറ്റ് പ്രാര്‍ത്ഥിച്ച്, നാലു മണിക്ക് കാല്‍നടയായി ദൈവാലയത്തില്‍ എത്തും. പള്ളിയും ജീവിതവും രണ്ടായി കാണാത്ത കുട്ടപ്പന്‍ ചേട്ടന്‍ ഏറെ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണ്. എല്ലാ ദിവസവും പുലര്‍ച്ചയും ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരവും കരുണക്കൊന്തയും മറ്റു പ്രാര്‍ത്ഥനകളും ചൊല്ലും.ദൈവാലയത്തോടും ദൈവിക കാര്യങ്ങളോടും ഏറെ തീക്ഷ്ണത പുലര്‍ത്തുന്നു. ഫാ. എമ്മാനുവേല്‍ മങ്കന്താനം രൂപത കോര്‍പ്പറേറ്റ് മാനേജരും 13 വര്‍ഷക്കാലം ചെങ്കല്‍ പള്ളി വികാരിയുമായിരുന്നപ്പോള്‍ അദ്ദേഹത്തെ സഹായിക്കുന്നതിനായി രൂപതയിലെ വിവിധ പ്രദേശങ്ങളില്‍ പരീക്ഷാ പേപ്പറുകളുമായി പോകുകയും ഡിഇഒ, എഇഒ ഓഫീസുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു.സഹധര്‍മിണി അന്നമ്മ നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് നിത്യസമ്മാനത്തിനായി യാത്രയായി. നീണ്ട 91 വര്‍ഷക്കാലത്തെ ജീവിതകാലത്തിനിടയില്‍ സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളുമായി അനേകര്‍ വിട്ടുപിരിഞ്ഞെങ്കിലും ദൈവനിശ്ചയത്തിന് മുമ്പില്‍ പ്രാര്‍ത്ഥനയോടെ ആമ്മേന്‍ പറയുകയാണിന്ന് കുട്ടപ്പന്‍ ചേട്ടന്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group