സർക്കാർ അലംഭാവം തുടരുന്നതിൽ പ്രതിഷേധിച്ച് കൊളംബോ ആർച്ച് ബിഷപ്പ് സ്വാതന്ത്ര്യദിന ആഘോഷപരിപാടികൾ ബഹിഷ്‌ക്കരിച്ചു…

2019-ത് ഈസ്റ്റർ ദിനത്തിൽ ദൈവാലയങ്ങളിലുണ്ടായ ചാവേർ ആക്രമണവും, ഈയിടെ ദൈവാലയത്തിൽനിന്ന് ഗ്രനേഡ് കണ്ടെടുത്ത സംഭവം എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ സർക്കാർ അലംഭാവം തുടരുന്നതിൽ പ്രതിഷേധിച്ച് കൊളംബോ ആർച്ച്ബിഷപ്പ് സ്വാതന്ത്ര്യദിന ആഘോഷപരിപാടികൾ ബഹിഷ്‌ക്കരിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പതിവായി കർദിനാൾ മാൽക്കം രഞ്ജിത്ത് അർപ്പിക്കുന്ന വിശേഷാൽ ദിവ്യബലി അദ്ദേഹം അർപ്പിച്ചില്ല.

ഗ്രനേഡ് കണ്ടെത്തിയ ബൊറെല്ലയിലെ ഓൾ സെയിന്റ്സ് ദൈവാലയത്തിലാണ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കർദിനാൾ പതിവായി ദിവ്യബലി അർപ്പിച്ചിരുന്നത്. അന്വേഷണത്തിൽ അലംഭാവം തുടരുന്ന സാഹചര്യത്തിൽ പ്രസ്തുത ദൈവാലയത്തിലെ തിരുക്കർമം റദ്ദാക്കാൻ കർദിനാൾ തീരുമാനിക്കുകയായിരുന്നു. സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ദൈവാലയ ശുശ്രൂഷി നിരപരാധിയാണെന്ന് ബോധ്യപ്പെട്ടിട്ടും വിട്ടയച്ചട്ടില്ലെന്ന് സഭാ വക്താവ് ചൂണ്ടിക്കാട്ടി.

‘വിശുദ്ധ സ്ഥലത്ത് ഗ്രനേഡ് കണ്ടെത്തിയ സംഭത്തിൽ ദൈവാലയശുശ്രൂഷിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇല്ലെന്നിരിക്കേ, അദ്ദേഹം ഇപ്പോഴും തടങ്കലിൽ കഴിയുന്നു എന്നത് ഞങ്ങളെ അസ്വസ്ഥരാക്കുന്നു. അദ്ദേഹത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്,’ ഫാ. സിറിൾ വ്യക്തമാക്കി.

തലസ്ഥാന നഗരിയായ കൊളംബോയ്ക്ക് സമീപമുള്ള ബൊറെല്ലയിലെ ദൈവാലയത്തിൽനിന്ന് ജനുവരി 11നാണ് ഗ്രനേഡ് കണ്ടെത്തിയത്. ദൈവാലയശുശ്രൂഷി ഉൾപ്പെടെ നിരവധിപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ യഥാർത്ഥ പ്രതിയെ പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. നാറാഹൻപിറ്റയിലെ സ്വകാര്യ ആശുപത്രിയിലും ബെല്ലൻവിള ക്ഷേത്രത്തിലും ഗ്രനേഡ് സ്ഥാപിച്ചതുമായി ബന്ധമുള്ള വിരമിച്ച ഡോക്ടറാണ് പിടിയിലായത്.അതേതുടർന്ന് മറ്റുള്ളവരെ വിട്ടയച്ചെങ്കിലും ദൈവാലയ ശുശ്രൂഷിയെ മോചിപ്പിക്കാൻ പൊലീസ് വിസമ്മതിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group