ബംഗളൂരു : സാമൂഹിക പ്രവർത്തനത്തിലൂടെ സമൂഹത്തിലെ ദരിദ്രരെ സേവിക്കാനുo,സാമൂഹിക നീതി ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി.
ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസ് ഓഡിറ്റോറിയത്തിൽ നടന്നു വരുന്ന സിബിസിഐ 35-ാം ജനറൽ ബോഡി സമ്മേളനത്തിന്റെ മൂന്നാം ദിവസം സിബിസിഐയുടെ സാമൂഹിക സേവനവിഭാഗമായ കാരിത്താസ് ഇന്ത്യയുടെ പ്രവർത്തന റിപ്പോർട്ടിലാണു മെത്രാൻമാർ നിലപാട് വ്യക്തമാക്കിയത്.
ലോകത്തെ രണ്ടാമത്തെ വലിയ സന്നദ്ധ സംഘടനയാണ് കാരിത്താസ് ഇന്ത്യയെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കോവിഡ്, സംഘർഷം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങളിലും മാനവിക ഐക്യം, സാമൂഹിക സൗഹാർദം, സാമൂഹികനീതി, ആധ്യാത്മികത എന്നീ തലങ്ങളിലും ഉണർന്നു പ്രവർത്തിക്കാനായതായി ഫാ. പോൾ മൂഞ്ഞേലി പറഞ്ഞു.
സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യത്തെ 31 സംസ്ഥാനങ്ങളിലെ 5 കോടി 24 ലക്ഷം ജനങ്ങളിലേക്കു കാരിത്താസ് ഇന്ത്യക്ക് ഇറങ്ങിച്ചെല്ലാനായെന്ന് റിപ്പോർട്ടിൽ പറയുന്നു. 324 പങ്കാളികളുടെ സഹായത്തോടെ രാജ്യത്തെ 8,007 ഗ്രാമങ്ങളിലാണു സഹായമെത്തിച്ചത്. സ്ഥാപിതമായതിന്റെ വജ്രജൂബിലി വർഷത്തിൽ ഏറെ അഭിമാനാർഹമായ സേവനമാണ് രാജ്യത്തെ ജനങ്ങൾക്കുവേണ്ടി കാരിത്താസ് ഇന്ത്യ ചെയ്തുകൊണ്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
ചടങ്ങിൽ Courageously innovative: Catholic church @ Covid 19 എന്ന പുസ്തകം സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പ്രകാശനം ചെയ്തു. New Hopes New Horizons: Catholic Church’s Response to Covid 19 in India എന്ന ഗ്രന്ഥം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.
ചടങ്ങിൽ സന്നിഹിതരായിരുന്ന 200ഓളം ബിഷപ്പുമാർ കാരിത്താസ് ഇന്ത്യയുടെ സേവനപ്രവർത്തനങ്ങളിലും ഇടപെടലുകളിലും സന്തോഷവും സംതൃപ്തിയും പ്രകടിപ്പിച്ചു. കൂടുതൽ കരുത്തോടെ രാജ്യത്തെ ജനത്തെ സേവിക്കാൻ തങ്ങളെത്തന്നെ സമർപ്പിക്കുമെന്നു ബിഷപ്പുമാർ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
വിശുദ്ധ കുർബാനയോടെയാണു മൂന്നാം ദിവസത്തെ സമ്മേളന നടപടികൾ ആരംഭിച്ചത്.മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ് എമെരിറ്റസ് ഡോ. ബർണാഡ് മോറസ്, ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ആർച്ച്ബിഷപ് ഫെലിക്സ് ടോപ്പോ, ബിഷപ് ഡോ. പോൾ മൈപ്പാൻ, ബിഷപ് മാർ തോമസ് ഇലവനാൽ, ബിഷപ് ഡോ. ജറാൾഡ് അൽമെയ്ഡ, ബിഷപ് ഡോ. എം. ദേവദാസ് അംബ്രോസ്, ബിഷപ് എമെരിറ്റസ് ഡോ. ജോജി ഗോവിന്ദു, ബിഷപ് ഡോ. ജൂലിയസ് മറാൻഡി, ബിഷപ് ഡോ. സ്റ്റീഫൻ ലെപ്ച, ബിഷപ് എമെരിറ്റസ് ഡോ. ഗോഡ്ഫ്രെ ദെ റൊസാരിയോ എന്നിവർ വി. കുർബാനയിൽ കാർമികത്വം വഹിച്ചു.
ഇന്നലെ നടന്ന ആദ്യസെഷനിൽ സിബിസിഐ ജനറൽ സെക്രട്ടറി ആർച്ച്ബിഷപ് ഡോ. ഫെലിക്സ് മച്ചാഡോയും രണ്ടാം സെഷനിൽ ബിഷപ് ഡോ. ഇഗ്നേഷ്യസ് മാസ്ക്രിനാസും മോഡറേറ്റർമാരായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group