ഗ്രാൻഡ് പാരന്റ്സ് ഡേയിൽ പ്രായമായവരെ സന്ദർശിച്ചാൽ പൂർണ്ണ ദണ്ഡവിമോചനം

പ്രായമായവരെ ലോക വയോജന ദിനത്തിൽ സന്ദർശിച്ചാൽ പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്ന് പ്രഖ്യാപിച്ച് വത്തിക്കാൻ.

അപ്പസ്തോലിക പെനിടെന്ന്ഷറിയിൽ നിന്നാണ് ഡിക്രിയിലൂടെ ഇക്കാര്യം അറിയിച്ചത് . ജൂലൈ 24നാണ് ലോക വയോജന ദിനം. പ്രായമായവരെ അവർ ആയിരിക്കുന്ന സ്ഥലങ്ങളിൽ എത്തി സന്ദർശിക്കുകയോ, അതല്ലായെങ്കിൽ ഓൺലൈനിലൂടെ അവരെ കാണുകയോ ചെയ്യാം. ലോക വയോജന ദിനത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ അർപ്പിക്കുന്ന തിരുകർമ്മങ്ങളിലോ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മറ്റ് തിരുകർമ്മങ്ങളിലോ ഭാഗഭാക്കായാലും ദണ്ഡവിമോചനം നേടാൻ സാധിക്കും.

ചെയ്തു പോയ പാപങ്ങളുടെ താൽക്കാലിക ശിക്ഷ പൂർണ്ണമായോ അഥവാ ഭാഗികമായോ ഇളച്ചു കൊടുക്കുന്നതിനാണ് ദണ്ഡവിമോചനം എന്നു പറയുന്നത്. കുമ്പസാരിക്കുക, വിശുദ്ധ കുർബാന സ്വീകരിക്കുക, മാർപാപ്പയുടെ നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കുക തുടങ്ങിയ നിബന്ധനകൾ പാലിച്ചാൽ ദണ്ഡവിമോചനം ലഭിക്കും. അപ്പസ്തോലിക പെനിന്റെഷറിയുടെ മേജർ പെനിന്റെഷറി പദവി വഹിക്കുന്ന കർദ്ദിനാൾ മൗരോ പിയാസൻസയും, റീജന്റായ ഫാ. ക്രിസ്റ്റോഫ് നൈക്കലുമാണ് ഡിക്രിയിൽ ഒപ്പുവച്ചിരിക്കുന്നത്.

അനാരോഗ്യം ഉള്ള പ്രായമായവർക്കും, വീടുകളിൽ നിന്ന് പുറത്തു പോകാൻ പറ്റാത്തവർക്കും മാർപാപ്പയുടെ തിരുക്കർമ്മങ്ങളിലോ, അന്നേ ദിവസം നടക്കുന്ന മറ്റു തിരുക്കർമ്മങ്ങളിലോ പങ്കെടുത്ത് തങ്ങളുടെ പ്രാർത്ഥനകളും, വേദനകളും കാരുണ്യവാനായ ദൈവത്തിന് സമർപ്പിക്കാൻ സാധിച്ചാൽ ദണ്ഡവിമോചനം നേടാൻ സാധിക്കുമെന്ന് ഡിക്രിയിൽ പറയുന്നു. ഇതിനുവേണ്ടി പാപത്തിൽ നിന്ന് വിട്ടുനിൽക്കുകയും, സാഹചര്യം ഒത്തു വരുമ്പോൾ ദണ്ഡവിമോചനം നേടാൻ വേണ്ടി ചെയ്യേണ്ട മൂന്ന് നിബന്ധനകൾ പാലിക്കുകയും ചെയ്യണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group