ക്‌നാനായ സമുദായത്തിന്റെ സംഭാവനകള്‍ നിസ്തുലം : മാര്‍ ജോര്‍ജ് ആലഞ്ചേരി

കോട്ടയം :നൂറ്റാണ്ടുകളായി തനതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചു കൊണ്ട് കത്തോലിക്കാ സഭയുടെ അവിഭാജ്യഘടകമായി നിലനില്‍ക്കുന്ന ക്‌നാനായ സമുദായത്തിന്റെ സംഭാവനകള്‍ നിസ്തുലവും മാതൃകാപരവുമാണെന്നും അതിരൂപതയുടെയും ക്‌നാനായ സമുദായത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിലെ നിര്‍ണായക ചുവടുവയ്പാണ് അതിരൂപതാ അസംബ്ലിയെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോട്ടയം അതിരൂപതയുടെ നാലാമത് അസംബ്ലി കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭയ്ക്കും പൊതുസമൂഹത്തിനും അനന്യസംഭാവനകള്‍ നല്കിയ ക്‌നാനായ സമുദായാംഗങ്ങളായ അഭിവന്ദ്യ പിതാക്കന്മാരെയും വൈദികശ്രേഷ്ഠരെയും അല്മായ പ്രമുഖരെയും അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു. സമുദായത്തിന്റെയും കോട്ടയം അതിരൂപതയുടെയും സഭാത്മക വളര്‍ച്ചയില്‍ സഭയുടെ പരിപൂര്‍ണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. പൂര്‍വ്വികരുടെ പാതയില്‍ നിന്നും വ്യതിചലിക്കാതെ വിശ്വാസവും പാരമ്പര്യവും സഭയോടൊത്തു യാത്രചെയ്ത് തുടര്‍ന്നും സംരക്ഷിക്കുവാന്‍ ക്‌നാനായ സമുദായത്തിനു കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസംബ്ലിയില്‍ പങ്കെടുക്കുന്നവരെ അദ്ദേഹം അഭിനന്ദിക്കുകയും അസംബ്ലിക്ക് വിജയാശംസകള്‍ നേരുകയും ചെയ്തു. കോട്ടയം അതിരൂപതയുടെ അധികാരപരിധി ഭാരതം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന് സീറോമലബാര്‍ സിനഡ് പരിശുദ്ധ സിംഹാസനത്തിന് ശുപാര്‍ശ നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group