“കടുവ” സിനിമയിലെ വിവാദ ഡയലോഗ്…

കടുവ എന്ന സിനിമയിൽ ഭിന്നശേഷിക്കാരായ കുട്ടികളെ മാതാപിതാക്കളുടെ കർമ്മഫലമായി അവതരിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ക്ഷമ ചോദിച്ചു കൊണ്ട് ഷാജി കൈലാസ് ഇട്ട പോസ്റ്റ് വായിച്ചു. അതിൽ അത്തരത്തിലൊരു ഡയലോഗ് കൊണ്ടുവരാൻ ഇടയായ സാഹചര്യം സൂചിപ്പിക്കുന്നതിനിടയിൽ അദ്ദേഹം ഒരു ബൈബിൾ വാക്യം ഉദ്ധരിക്കുകയുണ്ടായി. അത് ഇങ്ങനെയാണു, “(‘പിതാക്കന്‍മാര്‍ പച്ചമുന്തിരിങ്ങ തിന്നു, മക്കളുടെ പല്ലു പുളിച്ചു’ എന്ന ബൈബിൾ വചനം ഓർമിക്കുക). മക്കളുടെ കർമഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യർ അത് ആവർത്തിക്കുന്നു.”

യഥാർത്ഥത്തിൽ ഷാജി കൈലാസ് ബൈബിളിലെ ഈ വചനം തെറ്റായിട്ടാണു മനസിലാക്കിയിരിക്കുന്നത്. അതെന്താണെന്ന് മനസിലാക്കാൻ ബൈബിളിൽ ഈ വചനം കാണാൻ കഴിയുന്ന ഭാഗങ്ങൾ ഉദ്ധരിക്കാം.

“പിതാക്കന്‍മാര്‍ പച്ചമുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ആ നാളുകളില്‍ അവര്‍ പറയുകയില്ല. ഓരോരുത്തനും അവനവന്റെ അകൃത്യം നിമിത്തമാണ് മരിക്കുക. പച്ചമുന്തിരിങ്ങതിന്നുന്നവന്റെ പല്ലേ പുളിക്കൂ.”‌ (ജറമിയ 31:29-30‌)

“പിതാക്കന്‍മാര്‍ പുളിക്കുന്ന മുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്തിന്? ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല. എല്ലാവരുടെയും ജീവന്‍ എന്‍േറതാണ്. പിതാവിന്റെ ജീവനെന്നപോലെ പുത്രന്റെ ജീവനും എനിക്കുള്ളതാണ്. പാപം ചെയ്യുന്നവന്റെ ജീവന്‍ നശിക്കും.” (എസക്കിയേൽ 18:2-4)

ഈ ഭാഗങ്ങൾ വായിച്ചാൽ ഷാജി കൈലാസ് മനസിലാക്കിയിരിക്കുന്നതുപോലെ അല്ല ബൈബിൾ ഇത് പഠിപ്പിക്കുന്നത് എന്ന് കാണാൻ സാധിക്കും. “പിതാക്കന്‍മാര്‍ പച്ചമുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു” എന്ന ഒരു പഴമൊഴി ഇസ്രായേലിൽ നിലവിലുണ്ടായിരുന്നുവെന്നും അത് ഇനി മുതൽ ആവർത്തിക്കരുതെന്നുമാണു യഥാർത്ഥത്തിൽ ബൈബിൾ പറയുന്നത്. പിതാക്കന്മാരുടെ പ്രവൃത്തികളുടെ ഫലം മക്കൾ അനുഭവിക്കേണ്ടി വരും എന്ന് പഞ്ചഗ്രന്ഥിയിൽ ആവർത്തിക്കുന്നുണ്ടെങ്കിലും (പുറപ്പാട് 20:5, 34:6-7, സംഖ്യ 14:18, നിയമാവർത്തനം 5:9) അത് മക്കളുടെ അംഗവൈകല്യവുമായൊന്നും കൂട്ടിക്കെട്ടരുതെന്ന് യേശുവും പുതിയ നിയമത്തിൽ പറയുന്നുണ്ട്. “അവന്‍ കടന്നുപോകുമ്പോള്‍, ജന്മനാ അന്ധനായ ഒരുവനെ കണ്ടു. ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ? യേശു മറുപടി പറഞ്ഞു: ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്.” (യോഹ 9:1-3).

മുൻതലമുറയിലെ പൂർവ്വീകരുടെ പ്രവൃത്തികളുടെ ഫലം പിൻതലമുറ അനുഭവിക്കാറുണ്ടെന്നുള്ളത് സത്യമാണു. അത് നന്മയായാലും തിന്മയായാലും. ജനിച്ചു വീഴുന്ന ഒരു കുഞ്ഞ് അനുഭവിക്കുന്ന സുഖമോ ദുഖമൊ ഒക്കെ അവന്റെ മാതാപിതാക്കളുടെ പ്രവൃത്തികൾക്കനുസരിച്ചായിരിക്കും. അവന്റെ വളർച്ചയിലും മാതാപിതാക്കളുടെ പ്രവൃത്തികൾക്ക് പ്രാധാന്യമുണ്ട്. പക്ഷെ ഒരുവൻ അന്ധനാകുന്നതൊ വികലാംഗനാകുന്നതൊ ഒന്നും അവന്റെ മാതാപിതാക്കൾ പാപം ചെയ്തതുകൊണ്ടല്ല. അങ്ങനെ ബൈബിളൊ ക്രിസ്തുവോ പഠിപ്പിക്കുന്നില്ല.

കടപ്പാട്: Fr. ബിബിൻ മഠത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group