16% ക്രൈസ്തവ കുടുംബങ്ങളിൽ ഒരു കുട്ടി പോലുമില്ല .
20% മരണ നിരക്കും 14% ജനനനിരക്കും .
31% ജനനനിരക്ക് കുറഞ്ഞത് 6 വർഷങ്ങൾക്കുളളിൽ .
പാഴ്സി സിൻഡ്രം ബാധിച്ച് ക്രൈസ്തവ സമൂഹം .
2021 മാർച്ച് 19 മുതൽ 2022 മാർച്ച് 19 വരെ കത്തോലിക്കാ സഭ കുടുംബ വർഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഉത്തരവാദിത്വ പൂർണമായ മാതൃത്വത്തെയും പിതൃത്വത്തെയുംകുറിച്ച് വിശ്വാസികളെ ഓർമിപ്പിക്കാനും ദൈവം നൽകുന്ന മക്കളെ മാതാപിതാക്കൾ സന്തോഷപൂർവം സ്വീകരിക്കണമെന്ന സഭയുടെ നിലപാട് തന്റെ ജനത്തോടു വ്യക്തമാക്കാനും പാലാ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഇറക്കിയ സർക്കുലർ സഭയ്ക്ക് അഭിമാനമാണ്.
കുടുംബങ്ങൾ ഇന്നു വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന കാലമാണെന്നും കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി ഇവയെല്ലാം ഇന്നു വളരെ ക്ലേശകരമായ ദൗത്യങ്ങൾ ആണെന്നും ഈ സർക്കുലറിൽ ഓർമിപ്പിക്കുന്നു. കൂടുതൽ മക്കളുള്ള കുടുംബങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് ഒരാശ്വാസം എന്ന നിലയിൽ കുടുംബ വർഷത്തിൽ ചില ക്ഷേമപദ്ധതികളും സർക്കുലറിൽ പ്രഖ്യാപിക്കുന്നുണ്ട്. വലിയ കുടുംബങ്ങൾക്കു നൽകുന്ന ശ്രദ്ധ അനാവശ്യമായ പ്രോത്സാഹനമല്ല, മറിച്ച്, നൽകപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് കാണേണ്ടത്. സാമ്പത്തിക പരാധീനതയുടെയും മറ്റു ബുദ്ധിമുട്ടുകളുടെയും പേരിൽ ജീവനെ നശിപ്പിക്കാനുള്ള ചിന്തകൾ ഉണ്ടാകാതിരിക്കാനാണു ജീവന്റെ മൂല്യത്തെപ്പറ്റി ഉത്തമ ബോധ്യമുള്ള സഭ കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള കുടുംബങ്ങൾക്കു കൈത്താങ്ങാവുന്നത്.
മാധ്യമങ്ങളുടെ ഹിഡൻ അജൻഡ
സത്യത്തെ തമസ്കരിച്ചു കത്തോലിക്കാ സഭയുടെ വിശ്വാസ ബോധ്യങ്ങളെയും ജീവന്റെ മൂല്യത്തെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടുകളെയും അപകീർത്തിപ്പെടുത്താൻ ചില മാധ്യമ സിൻഡിക്കറ്റുകൾ അനാവശ്യമായി സർക്കുലറിലെ ആശയങ്ങൾ ദുർവ്യാഖ്യാനം ചെയ്തു സമൂഹ മധ്യത്തിലേക്ക് വലിച്ചിഴച്ചു ചർച്ചചെയ്യുന്നത് തീർത്തും പ്രതിഷേധാർഹമാണ്.
ചില ഗൂഢ ലക്ഷ്യങ്ങളോടെ, സഭയുടെ പ്രതിനിധികൾ എന്ന മട്ടിൽ സന്യാസം ഉപേക്ഷിച്ചുപോയവരുടെയും ശ്ലൈഹിക സംസ്കാരത്തെ നിരന്തരം വിമർശിക്കുന്നതിൽ ബദ്ധശ്രദ്ധരായിട്ടുള്ള ചിലരുടെയും സഹായത്തോടെ കത്തോലിക്കാ സഭയ്ക്കും ക്രൈസ്തവ സമൂഹത്തിനും എതിരേ ആക്രമണം അഴിച്ചുവിടുന്നത് അവസാനിപ്പിക്കുന്നതാണ് ഉചിതം.
ക്രൈസ്തവ വിശ്വാസി സമൂഹത്തിനു മുറിവേൽപ്പിക്കുന്ന പ്രസ്താവനകൾ നിക്ഷിപ്ത താത്പര്യത്തോടെ വിളിച്ചുപറയുന്നത് ജനാധിപത്യ ഭരണക്രമത്തിൽ ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല എന്നുമാത്രമല്ല, അതു ഭരണഘടനാ ലംഘനം കൂടിയാണ്.
ജനനനിരക്കും ക്രൈസ്തവ സമുദായവും
ക്രൈസ്തവ സമൂഹത്തിന്റെ ജനസംഖ്യ വർധിപ്പിച്ച് ഭൂമിയുടെ ഭാരം കൂട്ടുക എന്നത് സഭയുടെ ലക്ഷ്യമല്ല. ജനസംഖ്യ വളർച്ചാ മുരടിപ്പ് നേരിട്ട് ഒരു പാർസി സിൻഡ്രോം ബാധിച്ച അവസ്ഥയിലേക്കു സഭ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ പോലും സഭയുടെ കാഴ്ചപ്പാട് ഇതുതന്നെയാണ്.
2001ലെ സക്കറിയ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് 16 ശതമാനം ക്രൈസ്തവ കുടുംബങ്ങളിൽ ഒരു കുട്ടി പോലുമില്ല. 2012ൽ ജനിച്ച ക്രൈസ്തവ കുഞ്ഞുങ്ങളുടെ എണ്ണം ഒരുലക്ഷം ആയിരുന്നെങ്കിൽ 2018ൽ അത് 69,000 ആണ്, അതായത് 31 ശതമാനം കുറവ്. 20 ശതമാനം മരണനിരക്കും കേവലം 14 ശതമാനം ജനനനിരക്കുമുള്ള ഒരു സമൂഹമാണിത്. റീപ്ലേസ്മെന്റ് ലെവലിനേക്കാൾ എത്രയോ താഴെയാണ് ക്രൈസ്തവ സമൂഹത്തിന്റെ ജനനനിരക്ക് എന്ന് വിമർശകർ തിരിച്ചറിയണം.
സഭയും ജീവനും
കുടുംബങ്ങളെയും മനുഷ്യജീവനെയും ആദരിക്കണം എന്നതാണ് എക്കാലത്തെയും സഭയുടെ ഔദ്യോഗിക നിലപാട്. സഭ കുഞ്ഞുങ്ങളെ ഭാരമായി കാണുന്നില്ല. മക്കൾ ദൈവത്തിന്റെ ദാനമാണെന്ന് സഭ പഠിപ്പിക്കുമ്പോൾതന്നെ മക്കൾക്കു ജന്മം നൽകാനുള്ള മാതാപിതാക്കളുടെ അവകാശത്തിൽ സഭ ഒരിക്കലും കൈകടത്താറില്ല. ഉത്തരവാദിത്വ പൂർണമായ മാതൃത്വവും പിതൃത്വവും ആണ് സഭ അവരിൽനിന്ന് ആവശ്യപ്പെടുന്നത്. ജീവന്റെ സംരക്ഷണം സഭയുടെ പ്രഥമ ദൗത്യവുമാണ്. ജീവനെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നു ചിന്തിക്കുന്ന ആധുനിക കാലഘട്ടത്തിൽ ജീവനെ എങ്ങനെ മഹിമയോടെ സംരക്ഷിക്കാം എന്ന കാതലായ ചിന്തയാണ് സഭ സമൂഹത്തിനു മുമ്പിൽ വയ്ക്കുന്നത്.
ജീവന്റെ സുവിശേഷത്തിനു വേണ്ടിയുള്ള സഭയുടെ നിലപാടാണിത്. ജീവന്റെ മഹത്വവും ജീവനെ സംരക്ഷിക്കാനുള്ള സഭയുടെ പ്രതിബദ്ധതയും ആണ് അതിൽ കാണേണ്ടത്. ഭ്രൂണഹത്യയിലും ദയാവധത്തിലും സഭയുടെ നിലപാട് ഇതുതന്നെയാണ്. ജീവന് ക്രൈസ്തവ ജീവനെന്നോ ഹൈന്ദവ ജീവനെന്നോ, ഇസ്ലാം ജീവനെന്നോ വേർതിരിവില്ല, മനുഷ്യജീവൻ എന്ന ഒന്നേയുള്ളൂ. മറ്റു സമുദായങ്ങളുടെയും അവരിലെ മാതാപിതാക്കളുടെയും മക്കളെക്കുറിച്ചുള്ള അവകാശങ്ങളിലും സഭ കടന്നു കയറുന്നില്ല, മറിച്ച് അതിനെ മാനിക്കുന്നതേയുള്ളൂ.
അതുകൊണ്ടുതന്നെ കത്തോലിക്കാ സഭ നൽകുന്ന ഉപവി പ്രവർത്തനങ്ങൾ സഭയ്ക്ക് മാത്രമായിട്ടല്ല മറിച്ച് എല്ലാവർക്കും ആയിട്ടാണ്. സഭ നല്കിയിരിക്കുന്ന സേവനങ്ങൾ സ്വീകരിച്ചതു കത്തോലിക്കാ സമുദായം മാത്രമല്ല. സഭയുടെ സേവനമേഖലകളിൽനിന്ന് ഗുണം ലഭിച്ചിട്ടുള്ളത് ക്രൈസ്തവർക്കു മാത്രമല്ല, മറിച്ച് എല്ലാ സമുദായങ്ങൾക്കുമാണ്. മദർ തെരേസ ചേരികളിൽനിന്ന് അവഗണിക്കപ്പെട്ട മനുഷ്യജീവനെ ഉയർത്തിയെടുത്ത് മാറോടണച്ച് മനുഷ്യജീവനു മഹത്വം നൽകിയത് മതം നോക്കിയല്ല.
ഏകാന്തതയുടെ വിസ്ഫോടനം
ഇന്നു നടക്കുന്നത് ജനസംഖ്യാ വിസ്ഫോടനം അല്ല, മറിച്ച് ഏകാന്തതയുടെ വിസ്ഫോടനമാണ്. കേവലം ഒരു കുഞ്ഞിനു മാത്രം ജന്മം നൽകുമ്പോൾ അത് ആ കുഞ്ഞിനോടും തങ്ങളോടുതന്നെയും വരുംതലമുറയോടും മാതാപിതാക്കൾ ചെയ്യുന്ന ഒരു അപരാധമായി കാണേണ്ടിവരും. ഒരു കുട്ടി മാത്രമുള്ള മാതാപിതാക്കളുടെ മാനസിക സംഘർഷവും അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ഒരുവശത്ത്, ഏകാന്തതയുടെ ആഴക്കടലിൽ തന്റെ മാതാപിതാക്കളുടെ രക്തത്തിൽ പിറന്ന ഒരു സഹോദരനോ സഹോദരിയോ അവരുടെ മരണശേഷം തനിക്കില്ലല്ലോ എന്നുകരുതി താൻ ഒരു അനാഥനാണല്ലോ എന്ന ദുഃഖം പേറുന്ന കുട്ടികൾ മറുവശത്ത്.
അത്തരം രണ്ട് കുടുംബങ്ങൾ വിവാഹം വഴി ഒന്നിക്കുമ്പോൾ നാലു മാതാപിതാക്കളും ഭാര്യയും ഭർത്താവും ഒരു കുഞ്ഞു മടങ്ങുന്ന ചുരുങ്ങിയത് ഏഴു പേർക്കുള്ള ജീവസന്ധാരണത്തിന് വക കണ്ടെത്തേണ്ടി വരുന്ന മകനോ മകളോ, ഇതൊക്കെ ഉയർത്തുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ അവിടെ അവശേഷിക്കുകയാണ്. മദർ തെരേസ പറഞ്ഞതുപോലെ നിങ്ങൾ ഒരു ജീവന്റെ സംരക്ഷകരാകണമെങ്കിൽ ഒരു കുഞ്ഞിനെക്കൂടി സ്വീകരിക്കുക. ജീവൻ ഒരു അനുഗ്രഹമാണ് എന്ന സംസ്കാരമാണ് ജീവന്റെ സംസ്കാരം. ഈ കാലഘട്ടത്തിൽ നാം സൃഷ്ടിച്ചെടുക്കേണ്ടതും ഈ സംസ്കാരമാണ്, ഇതാണ് നമുക്ക് ആവശ്യം.
എണ്ണംകൂട്ടൽ അല്ല
എണ്ണം വർധിപ്പിക്കാൻ വേണ്ടി കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ അല്ല സഭ പറയുന്നത്, ജീവനെ സ്വീകരിക്കാനാണ്. മുയലുകളെപോലെ പെറ്റുപെരുകി ഏതുവിധേനയും എണ്ണം കൂട്ടാൻ അല്ല ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തത്, മറിച്ച് ജീവനെ സ്വീകരിച്ച് ഉത്തരവാദിത്വ പൂർണമായ മാതൃത്വവും പിതൃത്വവും അഭ്യസിക്കാനാണ്. ജനസംഖ്യാ വിസ്ഫോടനത്തെ ചോദ്യംചെയ്ത യൂറോപ്യൻ സമൂഹമിന്ന് അന്യംനിന്നുകൊണ്ടിരിക്കുന്ന ഒരു സംസ്കാരം ആയി മാറുകയാണ്. നാമൊന്ന് നമുക്കൊന്ന് എന്ന് ആഹ്വാനം അടിച്ചേൽപ്പിച്ച ചൈന ഇന്ന് കൂടുതൽ മക്കൾക്ക് ജന്മം കൊടുക്കുവാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ്. ജനസംഖ്യ ഒരു ബാധ്യതയല്ല മറിച്ചൊരു മൂലധനമാണ്(asset) എന്ന് നമ്മുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ആശുപത്രികളും വിദ്യാലയങ്ങളും ഉൾപ്പെട്ട ക്രൈസ്തവ സ്ഥാപനങ്ങൾക്ക് ജീവന്റെ മൂല്യത്തെയും മഹത്വത്തെയും ഉയർത്തിപ്പിടിക്കാൻ കടമയുണ്ട്. ഇത്തരം സ്ഥാപനങ്ങൾ ഉയർന്നുവന്നത് സമുദായത്തിലെ വിശ്വാസികളുടെ കൂട്ടായ പ്രയത്നത്തിലൂടെയാണ് . അതുകൊണ്ടുതന്നെ വിശ്വാസി സമൂഹത്തിന്റെ ഭൗതിക വളർച്ചയ്ക്കുവേണ്ടി അത് ഉപയോഗപ്പെടുത്തേണ്ടത് സഭയുടെ ദൗത്യവും കടമയുമാണ്. അതുതന്നെയാണ് മാർ ജോസഫ് കല്ലറങ്ങാട്ടും ഊന്നിപ്പറഞ്ഞത്.
“”മാതാപിതാക്കളേ, നിങ്ങളുടെ മക്കൾക്ക് നിങ്ങൾക്കു സമ്മാനിക്കാവുന്ന ഏറ്റവും വലിയ സമ്മാനം അവർക്കു സഹോദരനെയും സഹോദരിയെയും നൽകുക എന്നുള്ളതാണ്” എന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ആഹ്വാനത്തെ നമുക്ക് ഉയർത്തിപ്പിടിക്കാം.
ഡോ. ചാക്കോ കാളംപറമ്പിൽ
കടപ്പാട്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group