വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവ സഭകൾ ബിജെപിയെ പിന്തുണയ്ക്കുന്നതു പോലെ കേരളത്തിലും ഉണ്ടാവണമെന്ന ആഗ്രഹo പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു.
വല്ലിംഗ്ടൺ ഐലൻഡിലെ ഹോട്ടൽ താജ് മലബാറിൽ ഇന്നലെ രാത്രി എട്ടിനു നടന്ന കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടുനിന്നു. എട്ടു മെത്രാന്മാര് പങ്കെടുത്തു.
റബറിന്റെ താങ്ങുവില വർധിപ്പിക്കണം, മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കണം, പരിവർത്തിത ക്രൈസ്തവരുടെ സംവരണത്തിനു നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ബിഷപ്പുമാർ പ്രധാനമന്ത്രിക്കു മുന്നിൽ ഉന്നയിച്ചു. വന്ദേഭാരത് ട്രെയിൻ സർവീസ് കേരളത്തിന് അനുവദിച്ചതിൽ നന്ദിയുണ്ടെന്നും ഇതുപോലുള്ള കൂടുതൽ പദ്ധതികൾ കേരളത്തിലേക്കെത്തിക്കണമെന്നും സഭാധ്യക്ഷന്മാർ ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതാണ്. 2023 മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നത് വിവിധ വിഭാഗ കർഷകർക്കു നേട്ടമുണ്ടാക്കും. ഭാരത സന്ദർശനത്തിനു മാർപാപ്പയെ ക്ഷണിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ (മലങ്കര ഓർത്തഡോക്സ് സഭ), മെത്രാപ്പോലീത്തമാരായ ജോസഫ് മാർ ഗ്രിഗോറിയോസ് (യാക്കോബായ സഭ), മാർ ഔഗിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ), കുര്യാക്കോസ് മാർ സേവേറിയോസ് (ക്നാനായ സുറിയാനി സഭ) എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ക്രൈസ്തവർക്കെതിരേ നടക്കുന്ന ആക്രമണ സംഭവങ്ങൾ അവസാനിപ്പിക്കാനുള്ള അടിയന്തര നടപടി ഉണ്ടാകണം തുടങ്ങി ഏഴ് ആവശ്യങ്ങളടങ്ങിയ കത്ത് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ പ്രധാനമന്ത്രിക്കു കൈമാറി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group