അനുദിന വിശുദ്ധർ നവംബർ 20 : വിശുദ്ധ എഡ്മണ്ട് രാജാവ് Daily Saint- November 20: St. Edmund the Martyr

വെസ്റ്റ്‌-സാക്സൺസിന്റെ ഭരണകാലത്ത് 840 -ൽ ഇംഗ്ലണ്ടിലാണ് വിശുദ്ധ എഡ്മണ്ട് രാജാവ് ജനിച്ചത്. 802-ൽ എഗ്ബെർട്ട് രാജാവിന്റെ കാലം മുതൽ ‘വെസ്റ്റ്‌-സാക്സൺസ്’ ആയിരുന്നു മുഴുവൻ ഇംഗ്ലണ്ടിൻറെയും പരമാധികാരികൾ. എന്നിരുന്നാലും ചില ഭാഗങ്ങളിൽ ചില രാജാക്കൻമാർ ഭരണം നടത്തിയിരുന്നു. കിഴക്കൻ ഭാഗത്തെ ഒരു രാജാവായിരുന്നു ഒഫ്ഫാ തന്റെ തന്റെ കിരീടവും രാജകീയ അധികാരവും ഉപേക്ഷിച്ച് ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞ് ആത്മീയ ജീവിതം നയിക്കുവാൻ തീരുമാനിച്ചു. ഒമ്പതാം ശതകത്തിൽ ഡാനീഷ് സൈന്യത്തിന്റെ നിരന്തരമായ ആക്രമണങ്ങളെ തുടർന്ന് 855-ലെ ക്രിസ്മസ് ദിനത്തിൽ നോർഫോക്കിലെ വൈദികരും പ്രഭുക്കന്മാരും ചേർന്ന് അറ്റിൽബ റോവിൽ വച്ച് പഴയ ഇംഗ്ലീഷ്-സാക്സൺ രാജാക്കന്മാരുടെ പിന്തലമുറയിൽപ്പെട്ടവനും നന്മയിൽ വളരുകയും ചെയ്ത വിശുദ്ധ എഡ്മണ്ടിനെ ഏൽപ്പിച്ചു. വിശുദ്ധന് അപ്പോൾ പതിനഞ്ച് വയസ്സ് മാത്രം പ്രായമേ ഉണ്ടായിരുന്നുള്ളു.

അനേകം വിശിഷ്ടഗുണങ്ങളുടെ വിളനിലമായിരുന്ന എഡ്മണ്ട്, സങ്കീർത്തനങ്ങൾ ആദ്യന്തം ഹൃദിസ്ഥമാക്കിക്കൊണ്ട് പ്രതിദിനം മുടക്കം കൂടാതെ ദേവാലയശുശ്രൂഷയിൽ പങ്കെടുത്തുപോന്നു. സുദൃഢമായ ദൈവഭക്തിയും ധർമ്മനിഷ്ഠയും കൊണ്ട് ജനങ്ങൾക്കു സമർത്ഥമായ നേതൃത്വം നൽകുകയും ചെയ്തു. 855-ലെ ക്രിസ്തുമസ് ദിനത്തിൽ യൂർസ് എന്ൻ വിളിക്കപ്പെടുന്ന സ്റ്റൌറിലുള്ള ബുറും എന്ന രാജകീയ മാളികയിൽവച്ച് എല്മാനിലെ മെത്രാനായ ഹുൺബെർട്ടിനാൽ വിശുദ്ധൻ തന്റെ പൂർവ്വികരുടെ സിംഹാസനത്തിൽ അവരോധിതനായി. പ്രായത്തിൽ ചെറുപ്പമായിരുന്നാലും അദ്ദേഹം ദൈവഭക്തി, എളിമ, ദീനാനുകമ്പ തുടങ്ങിയ എല്ലാവിധ നന്മകളുടെയും വിളനിലമായിരുന്നു. ഒരു നല്ല രാജകുമാരൻറെ ഉദാഹരണമായിരുന്നു വിശുദ്ധൻ. മുഖസ്തുതിപാടകരുടേയും ഒറ്റുകാരുടേയും പ്രഖ്യാപിത ശത്രുവായിരുന്നു ഇദ്ദേഹം. തന്റെ ജനങ്ങളുടെ സമാധാനത്തിലും സന്തോഷത്തിലുമായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ ശ്രദ്ധയും. അതിനാൽ പക്ഷപാതരഹിതവും നീതിയുക്തവും മത-നിയമങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതുമായ ഒരു ഭരണത്തിനായി ഉത്സാഹിച്ചു.

തന്റെ ജനങ്ങളുടെ പ്രത്യേകിച്ച് പാവപ്പെട്ടവരുടെ പിതാവും, വിധവകളുടേയും, അനാഥരുടേയും സംരക്ഷകനും, ദുർബ്ബലരുടെ സഹായവും ആയിരുന്നു എഡ്മണ്ട് രാജാവ്. മതവും, ദൈവഭക്തിയും അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തുപറയാവുന്ന സവിശേഷതകൾ ആയിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് സന്യാസിമാർക്കും പുരോഹിതർക്കും പ്രാർത്ഥനകളും സങ്കീർത്തനങ്ങളും ഹൃദ്വിസ്ഥമായിരുന്നു. അതിനാൽ യാത്രവേളകളിലും, മറ്റവസരങ്ങളിലും പുസ്തകത്തിന്റെ സഹായം കൂടാതെ സങ്കീർത്തനങ്ങൾ ചൊല്ലുന്നതിന് അവർക്ക് കഴിഞ്ഞിരുന്നു.

പ്രാർത്ഥനകളും സങ്കീർത്തനങ്ങളും സ്വയം ഹൃദ്വിസ്ഥമാക്കുന്നതിനായി അദ്ദേഹം നോർഫോക് എന്നറിയപ്പെടുന്ന ഗ്രാമത്തിൽ താൻ പണികഴിപ്പിച്ച രാജകീയ ഗോപുരത്തിൽ ഏതാണ്ട് ഒരുവർഷക്കാലം പദവിയിൽ നിന്നും അധികാരത്തിൽ നിന്നും ഒഴിഞ്ഞുമാറികൊണ്ട് ജീവിച്ചു. ഡെന്മാർക്കുകാരുടെ ആക്രമണം വരെ ഏതാണ്ട് 15 വർഷക്കാലം ഈ വിശുദ്ധൻ രാജ്യം ഭരിച്ചു. അങ്ങനെയിരിക്കെ, ഡാനിഷ് സംഭവ-വിവരണ പുസ്തക പ്രകാരം ഡെന്മാർക്കിലെ രാജാവായ റെഗ്നെർ ലോഡ്ബ്രോഗ് താൻ ആക്രമിച്ച അയർലൻഡിൽ തടവിലാക്കപ്പെടുകയും അവിടെവച്ച് വധിക്കപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ക്രൂരഭരണത്തിൽ നിന്നും ജർമ്മനിയിലെ ലെവിസ് ദേബണയറിലേക്കൊളിച്ചോടിയ ഹാറാൾഡ് ക്ലാഗ് ക്രിസ്തീയവിശ്വാസം സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ പിൻഗാമികൾ വീണ്ടും വിഗ്രാഹാരാധനയിലേക്ക് വഴുതി വീണു.

അദ്ദേഹത്തിന് ശേഷം സിവാർഡ്-III, എറിക്ക്-I, എറിക്ക്-II എന്നിവർ ഭരണം നടത്തി. ഇതിൽ എറിക്ക്-II തന്റെ അവസാനകാലത്ത് വിശുദ്ധ അഞ്ചാരിയൂസിനാൽ മാമോദീസ സ്വീകരിച്ച് വിശ്വാസിയായി. ഇദ്ദേഹത്തിന്റെ കാലത്ത് റെഗ്നെർ ലോഡ്ബ്രോഗിന്റെ മക്കൾ നോർവേ കീഴടക്കിയതിന് ശേഷം ഇംഗ്ലണ്ട് ആക്രമിച്ചു. എറിക്ക്, ഒറെബിക്ക്, ഗോഡ്ഫ്രെ, ഹിംഗുവാർ, ഹുബ്ബാ, ഉൾഫോ, ബിയോണോ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. സാഹസികരും കടൽകൊള്ളക്കാരും ഉൾപ്പെടെ വടക്കൻ ഭാഗങ്ങളിൽ നിന്നും സംഘടിപ്പിച്ച വലിയൊരു സൈന്യവും ഇവർക്കുണ്ടായിരുന്നു. ഈ സഹോദരൻമാരിൽ ഏറ്റവും ക്രൂരനമാരും പിടിച്ചുപറിക്കാരുമായ ഹിംഗുവാർ, ഹുബ്ബാ എന്നിവർ ഇംഗ്ലണ്ടിൽ എത്തുകയും ശൈത്യകാലത്ത് കിഴക്കേ ആംഗ്ലിയയിൽ തമ്പടിക്കുകയും അവിടെ ഒരുടമ്പടിയുണ്ടാക്കുകയും ചെയ്തു.

വേനൽ കാലത്ത് അവർ വടക്കൻ പ്രദേശങ്ങളിലേക്ക് പോയി അവിടെ ട്വീട് നദീമുഖത്ത് എത്തി. പിന്നീട് നോർത്തംബർലാൻഡ്, മെർസിയ എന്നീ സ്ഥലങ്ങൾ കൊള്ളയടിച്ച്, വാളിനാലും തീയാലും ചുട്ടു ചാമ്പലാക്കിയതിനു ശേഷം ലിങ്കൺഷെയർ, നോർത്താംപ്ടൺഷയർ, കേംബ്രിജ്ഷയർ എന്നിവിടങ്ങളിലേക്ക് തിരിച്ചു. ക്രിസ്തുമതത്തോടുള്ള വിദ്വേഷത്താൽ കാമം, ക്രൂരത എന്നിവയുടെ പ്രതിരൂപമായ ഇവർ എല്ലാ പള്ളികളും ആശ്രമങ്ങളും നശിപ്പിച്ചു. കണ്ണിൽ കണ്ട പുരോഹിതരെയും സന്യാസിമാരെയും ക്രൂരമായി വധിച്ചു.

ബെർവിക്കിനു പിന്നീടുള്ള പ്രശസ്ഥമായ കോൾഡിംഗ്ഹാം ആശ്രമത്തിലെ സന്യാസിനികൾ തങ്ങളുടെ ജീവന് വിലകൽപ്പിക്കാതെ തങ്ങളുടെ കന്യകാത്വം നശിപ്പിക്കപ്പെടുമോ എന്ന ഭയത്താൽ ആശ്രമാധിപയായ വിശുദ്ധ എബ്ബായുടെ നേതൃത്വത്തിൽ തങ്ങളുടെ മൂക്കും മേൽചുണ്ടും മുറിച്ച് കളഞ്ഞു. ഈ രൂപത്തിൽ തങ്ങളെ കണ്ടാൽ കണ്ടാൽ അവർക്ക് വെറുപ്പ് തോന്നുകയും അതുവഴി തങ്ങളുടെ വിശുദ്ധി സംരക്ഷിക്കാം എന്നായിരുന്നു അവർക്ക് കണക്ക് കൂട്ടിയത്. അവരുടെ ചാരിത്രം കളങ്കപ്പെട്ടില്ലെങ്കിലും ആ ക്രൂരന്മാർ അവരെയെല്ലാവരെയും വാളിനിരയാക്കി.

ബാർഡ്നി, ക്രോയ്ലാൻഡ്, പീറ്റർബറോ, എലി, ഹൻഡിംഗ്ഡൺ എന്നിവിടങ്ങളിലെ ആശ്രമങ്ങൾ നിലംപരിശാക്കി. അവിടത്തെ അന്തേവാസികളെ ക്രൂരമായി കശാപ്പ് ചെയ്തു. പീറ്റർബറോയിലെ പള്ളിയുടെ അവശിഷ്ടങ്ങൾ ‘Monk’s-Stone’ എന്ന പേരോടു കൂടി ഒരു സ്മാരകം എന്ന നിലയിൽ സംരക്ഷിച്ചു വരുന്നു. ഒരു ആശ്രമാധിപൻറെയും, കുറെ സന്യാസിയുടെയും പ്രതിമകൾ ഇവിടെ കാണാൻ കഴിയും. 870-ൽ ഹിംഗുവാർ, ഹുബ്ബാ എന്നിവരാൽ കൊലചെയ്യപ്പെട്ട അവിടത്തെ സന്യാസിമാരെ അടക്കം ചെയ്തിട്ടുള്ള കുഴിക്ക് മുകളിലാണ് ഈ പ്രതിമകൾ ഉള്ളത്.

ചോരയുടെ മണമുള്ള ഈ കാടന്മാർ വിശുദ്ധ എഡ്മണ്ടിൻറെ പ്രദേശങ്ങളിലുമെത്തി. ആദ്യം കണ്ട പട്ടണമായ തെറ്റ്ഫോർഡിനു തീയിട്ട ശേഷം തങ്ങളുടെ കണ്ണിൽ കണ്ടതെല്ലാം അവർ ചവറു കൂനയാക്കി. ഉടമ്പടിയിൽ വിശ്വാസമുണ്ടായിരുന്ന അവിടത്തെ ജനങ്ങൾ തങ്ങൾ സുരക്ഷിതരാണ്‌ എന്ന് കരുതിയതിനാൽ തയ്യാറെടുപ്പൊന്നും നടത്തിയിട്ടില്ലായിരുന്നു. തദവസരത്തിൽ എഡ്മണ്ട് തികഞ്ഞ ദൈവാശ്രയബോധത്തോടു കൂടി ഗോലിയാത്തിനോടു യുദ്ധം ചെയ്ത ദാവീദിനെപ്പോലെ സധൈര്യം അവരെ നേരിടുവാൻ തീരുമാനിച്ചു. സുസജ്ജമായ ഒരു സൈന്യവ്യൂഹത്തോടു കൂടി രണഭൂമിയിലേയ്ക്കു പുറപ്പെട്ടു. തെറ്റ്‌ഫോർഡിൽ വച്ചുണ്ടായ യുദ്ധത്തിൽ ശത്രുക്കൾക്കു കനത്ത തിരിച്ചടി നൽകി. എന്നാൽ താരതമ്യേന വലിയ സൈന്യബലം സമാർജ്ജിച്ചു കൊണ്ട് ശത്രുസൈന്യം തിരിച്ചുവന്നു. വീണ്ടും യുദ്ധം കൊടുമ്പിരി കൊണ്ടു. എഡ്മണ്ട് കിണഞ്ഞു ശ്രമിച്ചിട്ടും പിടിച്ചുനിൽക്കാൻ കഴിയാതെ സഫോക്കിലെ ഒരു കൊട്ടാരത്തിലേയ്ക്കു പിൻവാങ്ങി.

ആക്രമണകാരികളുടെ നേതാവ് ഇങ്കുവാർ എഡ്മണ്ടിനോടു രമ്യതപ്പെടുന്നതിനുവേണ്ടി മതനിയമങ്ങൾക്കും സാമൂഹ്യനീതിക്കും വിരുദ്ധമായ ഏതാനും സന്ധിവ്യവസ്ഥകൾ ഉന്നയിച്ചു. എന്നാൽ എഡ്മണ്ടിന് അവ സ്വീകാര്യമായിരുന്നില്ല. അതിനാൽ വീണ്ടും യുദ്ധം തുടർന്നു. നരാധമൻമാരായ ശത്രുക്കൾ വിശുദ്ധന് പല പ്രലോഭനങ്ങളും നൽകി. എന്നാൽ അവയെല്ലാം തന്റെ മത വിശ്വാസത്തിനും തന്റെ ജനതയോടുള്ള നീതിക്കും എതിരാണെന്ന കാരണത്താൽ വിശുദ്ധൻ നിരസിച്ചു. തന്റെ മതത്തിനും മനസാക്ഷിക്കും എതിരായി ജീവിക്കുന്നതിലും ഭേദം വിശ്വാസത്തിനുവേണ്ടി മരിക്കുവാനായിരുന്നു വിശുദ്ധൻ ഇഷ്ടപ്പെട്ടിരുന്നത്. വിശുദ്ധൻ വേവ്നിയിൽ കുറച്ച് കാലം ഒളിവിൽ കഴിഞ്ഞിരുന്നുവെങ്കിലും ഒക്സൺ എന്ന സ്ഥലത്ത് വച്ച് ശത്രുക്കൾ അദ്ദേഹത്തെ വളഞ്ഞു. ശത്രുക്കൾ തന്ത്രപൂർവ്വം എഡ്മണ്ടിനെ പിടികൂടി. കനത്ത ചെങ്ങലയാൽ അവർ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി അവരുടെ ജനറലിന്റെ കൂടാരത്തിൽ എത്തിച്ചു. അവിടെ വച്ചും അവർ അദ്ദേഹത്തെ പ്രലോഭിപ്പിച്ചുവെങ്കിലും വിശുദ്ധനായ ഈ രാജാവ് തന്റെ മതം തനിക്ക് ജീവനേക്കാൾ വലുതാണ്‌ എന്ൻ പ്രഖ്യാപിച്ചുകൊണ്ട് അതെല്ലാം നിരസിച്ചു.

ഇതിൽ പ്രകോപിതനായ ഹിംഗുവാർ അദ്ദേഹത്തെ ഒരു കുറുവടികൊണ്ട് മർദ്ദിച്ചു. അതിനുശേഷം അദ്ദേഹത്തെ ഒരു മരത്തിൽ ബന്ധനസ്ഥനാക്കി ചാട്ടകൊണ്ടടിച്ചു മേലാകെ മുറിവേൽപ്പിച്ചു. വളരെയേറെ ക്ഷമാപൂർവ്വം വിശുദ്ധൻ ഇതെല്ലാം സഹിച്ചു. ഈ പീഡനങ്ങൾക്കൊന്നുംതന്നെ ക്രിസ്തുവിന്റെ നാമം വിളിക്കുന്നതിൽ നിന്നും വിശുദ്ധനെ പിന്തിരിപ്പിച്ചില്ല. ഇത് ശത്രുക്കളെ കൂടുതൽ പ്രകോപിതരാക്കുകയും അവർ ആ മരത്തെ വളഞ്ഞു നിന്നുകൊണ്ടു വിശുദ്ധന്റെ ശരീരത്തിന്റെ ഒരിഞ്ചുപോലും പുറത്ത് കാണാത്ത രീതിയിൽ ഒരു മുള്ളൻപന്നിയെന്ന കണക്കെ അസ്ത്രം കൊണ്ടു നിറച്ചു. വളരെ നേരത്തിനു ശേഷം ഹിംഗുവാർ ഈ ക്രൂരത നിറുത്തുകയും വിശുദ്ധൻറെ തല വെട്ടിമാറ്റുവാൻ ഉത്തരവിടുകയും ചെയ്തു.

അങ്ങനെ 870 നവംബർ 20ന് തന്റെ 29-മത്തെ വയസ്സിൽ തന്റെ ഭരണത്തിൻറെ പതിനഞ്ചാം വർഷം വിശുദ്ധൻ രക്തസാക്ഷിത്വം വരിച്ചു. വിശുദ്ധന്റെ ആയുധ-വാഹകന്റെയും, ഒരു ദ്രിക്സാക്ഷിയുടെയും വിവരണത്തിൽ നിന്നും വിശുദ്ധ ദുൻസ്റ്റാൻ ഇക്കാര്യങ്ങളെല്ലാം ഗ്രഹിച്ചു. ഇപ്പോൾ ഹോക്സോൺ അല്ലെങ്കിൽ ഹോക്സനെ എന്നറിയപ്പെടുന്ന ഈ സ്ഥലം അപ്പോൾ ഹെൻഗ്ലെസ്ടുൻ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. പിൽകാലത്ത് അവിടെ ഒരു സന്യാസിമഠം പണിയുകയും അതിനു വിശുദ്ധ എഡ്മണ്ടിന്റെ പേർ നൽകുകയും ചെയ്തു.

വിശുദ്ധൻറെ ശിരസ്സ് ഒരു മരകമ്പിൽ കുത്തി ശത്രുക്കൾ കൊണ്ടുപോയെങ്കിലും പിന്നീട് ഒരു കുറ്റികാട്ടിൽ എറിഞ്ഞു കളഞ്ഞു. പക്ഷെ ഇത് ഒരു പ്രകാശസ്തൂപത്തിന് നടുവിൽ അത്ഭുതകരമായ രീതിയിൽ കണ്ടെത്തുകയും ഹോസോണിലുള്ള വിശുദ്ധൻറെ മറ്റ് ശരീര ഭാഗങ്ങൾക്കൊപ്പം ചേർക്കുകയും ചെയ്തു. ഈ വിശുദ്ധ ഭൗതീകാവശിഷ്ടങ്ങൾ ഉടൻതന്നെ കിംഗ്‌സ്റ്റാൺ അല്ലെങ്കിൽ ബെഡ്റിക്സ്‌വർത്ത് എന്ന സ്ഥലത്തേക്ക് മാറ്റി അന്നുമുതൽ ആ സ്ഥലം എഡ്മണ്ട്സ്ബറി എന്ന പേരിൽ അറിയപ്പെട്ടു. കാരണം ഈ സ്ഥലം വിശുദ്ധ എഡ്മണ്ടിന് പൈതൃകസ്വത്തായി കിട്ടിയ സ്വന്തം പട്ടണമായിരുന്നു, അല്ലാതെ അവിടെ അദ്ദേഹത്തെ അടക്കം ചെയ്തു എന്ന കാരണത്താൽ അല്ലായിരുന്നു.

ഇംഗീഷ്-സാക്സൺ ഭാഷയിൽ ബറി എന്ൻ പറഞ്ഞാൽ കൊട്ടാരം അല്ലെങ്കിൽ രാജധാനി എന്നാണ് അർത്ഥം. അദ്ദേഹത്തെ അടക്കം ചെയ്തിടത്ത് അക്കാലത്തെ രീതി അനുസരിച്ച് മരംകൊണ്ടുള്ള ഒരു പള്ളി പണിതു. ഒരു വലിയ മരത്തിന്റെ കൊമ്പുകൾ ഒരേപൊക്കത്തിൽ മുറിക്കുകയും അടുപ്പിച്ചു അടുപ്പിച്ചു തറയിൽ കുഴിച്ചിടുകയും ഇടക്കുള്ള ഭാഗം മണ്ണും കുമ്മായവും കൊണ്ടു നിറക്കുകയും വഴി ഭിത്തികൾ നിർമ്മിക്കുകയും, ഇതിനു മുകളിലായി ഒരു മേഞ്ഞ മേൽക്കൂര ഉറപ്പിക്കുകയും ചെയ്തു. വളരെ മനോഹരമായിരുന്നു ഈ നിർമ്മിതി, അതിനാൽ തന്നെ ഏറ്റവും ശക്തരായ പാശ്ചാത്യ-സാക്സൺ രാജാക്കന്മാരുടെ നിർമ്മിതിയായ ഗ്ളാസ്റ്റെൻബറിയിലുള്ള രാജകീയ ആശ്രമത്തിന്റെ നിർമ്മാണവും ഈ രീതിയുടെ അടിസ്ഥാനത്തിൽ ആണ്.

പിൽക്കാലത്ത് ഇത് കല്ലുകൾകൊണ്ട് നിർമ്മിച്ചു. വിശുദ്ധന്റെ അമൂല്യമായ ഭൗതീകാവശിഷ്ടങ്ങൾ പല അത്ഭുതങ്ങൾക്കും കാരണമായിട്ടുണ്ട്. 920-ൽ എതേൽറെഡ് രാജാവിന്റെ ഭരണകാലത്ത് ടർക്കിൽ ദി ടെയിനിന്റെ നേതൃത്വത്തിലുള്ള കിരാതൻമാരുടെ ആക്രമണത്തെ ഭയന്ന് ഈ വിശുദ്ധ ഭൗതീകാവശിഷ്ടങ്ങളുടെ സൂക്ഷിപ്പുകാരും ഇത് ഒരിക്കലും ഉപേക്ഷിക്കാത്തവരുമായ എഗ്ൽവിൻ അല്ലെങ്കിൽ ഐൽവിൻ എന്ന സന്യാസിയും ലണ്ടനിലെ മെത്രാനായ അൽഫുണും ചേർന്ൻ ഇവ ലണ്ടനിലേക്ക് മാറ്റി. മൂന്ന് വർഷത്തോളം വിശുദ്ധ ഗ്രിഗറിയുടെ പള്ളിയിൽ സൂക്ഷിച്ചതിനുശേഷം 923-ൽ വീണ്ടും എഡ്മണ്ട്സ്ബറിയിലേക്ക് മാറ്റി.

മരംകൊണ്ടുണ്ടാക്കിയ ആ പഴയ പള്ളി ക്നൂട്ട് അഥവാ കനൂട്ടസ് രാജാവിന്റെ അവിടെ ഉണ്ടായിരുന്നു. തന്റെ പിതാവായ സ്വെയിൻ അഥവാ സ്വെണോ ഈ സ്ഥലത്തിനും ഭൗതീകാവശിഷ്ടങ്ങൾക്കും വരുത്തിയ കേടുപാടുകൾക്ക് പ്രായാശ്ചിത്വം എന്ന നിലയിൽ 1020-ൽ ഈ രക്തസാക്ഷിയായ വിശുദ്ധന്റെ ആദരണാർത്തം അവിടെ ഒരു മനോഹരമായ പള്ളിയും ആശ്രമവും പണികഴിപ്പിച്ചു. ഈ വിശുദ്ധന്റെ സമാനതകളില്ലാത്ത ദൈവഭക്തിയും എളിമയും സഹനശക്തിയും മറ്റ് നന്മകളും നമ്മുടെ ചരിത്രകാരന്മാർ എടുത്ത് പറഞ്ഞിട്ടുണ്ട്. പിൽക്കാല ഇംഗ്ലീഷ് രാജാക്കന്മാർ ഈ വിശുദ്ധനെ പ്രത്യേക മധ്യസ്ഥനും ഒരു രാജാവിനുവേണ്ട എല്ലാ നന്മകളുടെ ഒരു മാതൃകയുമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്.

ഹെൻറി ആറാമൻ മതപഠനം തന്റെ ജീവിതകാലം മുഴുവൻ തുടരുകയും വിശുദ്ധ എഡ്മണ്ട്സ്ബറിയിലെ ആശ്രമത്തിൽ അദ്ദേഹം നടത്തിയ ധ്യാനങ്ങൾ വഴി മറ്റെങ്ങും ലഭിക്കാത്തത്ര ആനന്ദവും സന്തോഷവും അനുഭവിക്കുകയും ചെയ്തു. 1222-ൽ ഈ വിശുദ്ധന്റെ നാമഹേതു തിരുന്നാൾ ഓക്സ്ഫോർഡ് നാഷണൽ കൗൺസിൽ രാജ്യത്തെ അവധി ദിവസങ്ങളിൽ ഉൾപ്പെടുത്തിയെങ്കിലും 1362-ൽ മെത്രാനായ സിമോൺ ഇസ്ലെപ്പിന്റെ വെട്ടിക്കുറക്കലിൽ ഈ ദിനം അവധിദിന പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു.

വിചിന്തനം: എന്റെ രക്ഷകാ, ഒന്നുകിൽ അങ്ങ് എന്റെ ജീവൻ സ്വീകരിക്കുക. അല്ലെങ്കിൽ പാപത്തിൽ നിന്ന് എന്നെ അകറ്റിനിറുത്തുക.

ഇതരവിശുദ്ധർ :

  1. ബാഡ്ഡൂസും കൂട്ടരും രക്തസാക്ഷികൾ
  2. അസേലിയൂസ് (+304) ആഫ്രിക്കയിലെ രക്തസാക്ഷി
  3. ബനീത്തു (+477) മിലാനിലെ മെത്രാാേലീത്താ
  4. ഡാനിയൂസ് (+300)
  5. ഇവാൽ (ആറാം നൂറ്റാണ്ട്) ഇംഗ്ലണ്ടിലെ മെത്രാൻ
  6. നേഴ്‌സസ്- രക്തസാക്ഷിയായ പേഴ്‌സ്യൽ മെത്രാൻ
  7. മാക്‌സെന്റ്യ- രക്തസാക്ഷിയായ ഐറിഷ് കന്യക
  8. യൂഡോ(+760) ബെനഡിക്റ്റൻ ആബട്ട്
  9. വാലോയിസിലെ ഫെലിക്‌സ് (+1212) സന്യാസി

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group