അനുദിനവിശുദ്ധർ : നവംബർ 23- വിശുദ്ധ ക്ലമന്റ് മാർപാപ്പ

Daily Saint: November 23- Pope St. Clement I

വി. ക്ലമന്റ് വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും സ്‌നേഹിതനും സഹപ്രവർത്തകനുമായിരുന്നു. 92-101 കാലയളവിൽ സേവനം ചെയ്ത വിശുദ്ധ ക്ലമന്റ് ആദ്യ മാർപാപ്പാമാരിൽ ഒരാളായിരുന്നു. വിശുദ്ധ ഇറേനിയൂസിന്റെ അഭിപ്രായത്തിൽ വിശുദ്ധ പത്രോസിനു ശേഷം പരിശുദ്ധ സിംഹാസനത്തിൽ അഭിഷിക്തനാകുന്ന മൂന്നാമത്തെ പാപ്പയാണ് വിശുദ്ധ ക്ലമന്റ്. വിശുദ്ധ ക്ലമന്റ് ഒരു രക്തസാക്ഷിയായി മരിച്ചിരിക്കുവാനാണ് കൂടുതലും സാധ്യത. റോമിൽ ജനിച്ച ക്ലമന്റ് 88-ൽ പാപ്പാസ്ഥാനത്തേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു. വി. പത്രോസിന്റെ നിർദ്ദേശങ്ങൾക്കനുസൃതം സ്ഥൈര്യലേപനം എന്ന കൂദാശ പാപ്പാ പുനരാവിഷ്‌കരിച്ചു. മതപരമായ ചടങ്ങുകളിൽ ‘ആമേൻ’ ആവിർഭവിച്ചത് ഈ കാലത്താണ്. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് വളരെ കുറച്ച്‌ മാത്രമേ വിവരമുള്ളൂ. ഫിലി. 4:3-ൽ വിശുദ്ധ പൌലോസ് പരാമർശിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സഹചാരി വിശുദ്ധ ക്ലമന്റ് ആണോ എന്ന കാര്യം തീർച്ചയില്ല. എന്നിരുന്നാലും വിശുദ്ധ ക്ലമന്റ് കൊറീന്തോസ്ക്കാർക്ക്‌ അയച്ച കത്തിന് ആധികാരികതയുണ്ട്. ഇതിൽ വിശുദ്ധൻ നിരന്തര സംഘർഷങ്ങളാൽ മുറിവേറ്റ ആ സമൂഹത്തിൽ ആധികാരികമായി ഇടപെടുന്നതായി കാണാം. ഇത് ആദ്യകാല പാപ്പാ ചരിത്രത്തിൽ എടുത്ത്‌ പറയാവുന്ന ഒരു പ്രവർത്തിയാണ്.

കത്തോലിക്കാസഭയുടെ ദിനംതോറുമുള്ള ആരാധാനാക്രമ പുസ്തകത്തിൽ ഇതിനെ കുറിച്ചുള്ള വിശദീകരണങ്ങൾ കാണാം. ഇദ്ദേഹത്തിന്റെ കാലയളവിലാണ് സഭാഭരണത്തിലെ ശുശ്രൂഷാക്രമം കൂടുതൽ നിയതമായ രൂപഭാവങ്ങൾ ഉൾക്കൊണ്ടതെന്നു വിശ്വസിക്കപ്പെടുന്നു. റോമിലെ മെത്രാൻ എന്ന നിലയിൽ കോറിന്തോസിലെ സഭാകാര്യങ്ങളിൽ അദ്ദേഹം ഇടപെട്ടു. അവർ അതിനെ അംഗീകരിച്ച് ആദരിച്ചു. ക്ലമന്റ് അഭിഷിക്തനായതിന്റെ 6-ാം വർഷം വീണ്ടും മതപീഡനം തുടങ്ങി. ഡൊമീഷ്യൻ ചക്രവർത്തിയായിരുന്നു ഇതിന്റെ സൂത്രധാരകൻ. അദ്ദേഹം സ്വയം വൈദികനായി പ്രഖ്യാപിച്ചു. അനേകം പേർ വിശ്വാസസംരക്ഷണത്തിനായി രക്തസാക്ഷികളായി. ഈ രക്തസാക്ഷികളുടെ കൂട്ടത്തിൽ അടിമകളും വിദേശികളും പ്രധാനികളായ റോമാക്കാരും പ്രഭുവംശജരും ഉണ്ടായിരുന്നു. ഈ രക്തസാക്ഷികളെല്ലാം തന്നെ ധീരതയോടെ ശാന്തരായും സന്തോഷത്തോടെയുമാണ് തങ്ങളുടെ വിശ്വാസം തെളിയിച്ചത്.

ജനങ്ങളോടുള്ള വിശുദ്ധന്റെ അത്യുത്സാഹം നിമിത്തം അദ്ദേഹത്തെ ദൂരെയുള്ള ഒരുപദ്വീപിലേക്ക് നാടുകടത്തി. അവിടെ സമാനമായി നാടുകടത്തപ്പെട്ട ഏതാണ്ട് രണ്ടായിരത്തോളം ക്രിസ്ത്യാനികളെ അദ്ദേഹം കണ്ടുമുട്ടി. അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. 6 മൈലുകളോളം ദൂരെ നിന്ന് വേണമായിരുന്നു അവർക്ക്‌ വെള്ളം കൊണ്ടുവരുവാൻ ഇതിനെ കുറിച്ച് അവർ വിശുദ്ധനോട് പരാതി പറഞ്ഞപ്പോൾ അദ്ദേഹം അവരെ ആശ്വസിപ്പിച്ച് കൊണ്ട് യേശുക്രിസ്തുവിനോട് “തന്റെ സാക്ഷ്യംവഹിക്കുന്നവർക്കായി ഒരു നീരുറവ തുറന്ന് തരണമേ” എന്നപേക്ഷിക്കുവാൻ ആവശ്യപ്പെട്ടു. ഇപ്രകാരം വിശുദ്ധൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കെ ദൈവത്തിന്റെ കുഞ്ഞാട് പ്രത്യക്ഷപ്പെടുകയും ആ പരിശുദ്ധ പാദങ്ങളിൽ നിന്നും അത്ഭുതകരമായ രീതിയിൽ നുരഞ്ഞു പൊങ്ങുന്ന ശുദ്ധജലത്തിന്റെ ഒരു തെളിനീരുറവ ഒഴുകുകയും ചെയ്തു. ഈ അത്ഭുതത്തിന് സാക്ഷ്യംവഹിച്ച അയൽവാസികളായ വിജാതീയർ പോലും ക്രിസ്തീയ വിശ്വാസികളായി മാറി. ഡൊമീഷ്യൻ ചക്രവർത്തി രാഷ്ട്രീയത്തിലും പിടിമുറുക്കി. അദ്ദേഹത്തിന്റെ ക്രൂരത നിമിത്തം അവസാനം അദ്ദേഹത്തെ അക്രമികൾ ക്രൂരമായി കൊലചെയ്തു. ഇദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന നേർവ മതമർദ്ദനം തുടർന്നു. അനേകം ക്രൈസ്തവർ രക്തസാക്ഷികളായി. ഈ സമയം ക്ലമന്റ് പാപ്പാ പല ഒളിസങ്കേതങ്ങളിലും മാറിമാറി താമസിച്ചുകൊണ്ട് സഭാശുശ്രൂഷയ്ക്കു നേതൃത്വം നൽകിക്കൊണ്ടിരുന്നു. അവസാനം ക്ലമന്റ് പിടിയിലായി നാടുകടത്തപ്പെട്ടു. എങ്കിലും അദ്ദേഹം തന്റെ ദൗത്യം തുടർന്നു. പട്ടാളക്കാരോടു പോലും തന്റെ വിശ്വാസം പ്രസംഗിച്ചു. അവസാനം രാഷ്ട്രദേവന്മാർക്ക് ബലിയർപ്പിക്കണമെന്ന ചക്രവർത്തി കല്പന അദ്ദേഹം നിരസിച്ചു.

ട്രാജൻ ചക്രവർത്തി ഇക്കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ, വിശുദ്ധന്റെ കഴുത്തിൽ ഒരു ഇരുമ്പ് നങ്കൂരം കെട്ടിവച്ചുകൊണ്ട്‌ വിശുദ്ധനെ കടലിലേക്കെറിയുവാൻ ആജ്ഞാപിച്ചു. അതിൻ പ്രകാരം വിശുദ്ധനെ കടലിലേക്കെറിഞ്ഞപ്പോൾ കൂടി നിന്ന ജനങ്ങൾ അദ്ദേഹത്തെ രക്ഷിക്കുവാൻ യേശുവിനോട് കരഞ്ഞപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ വിശുദ്ധനാകട്ടെ തന്റെ ആത്മാവിനെ സ്വീകരിക്കുവാനാണ് ദൈവത്തോടപേക്ഷിച്ചത്. തീരത്ത് കൂടിനിന്ന ക്രിസ്ത്യാനികൾ അദ്ദേഹത്തിൻറെ മൃതദേഹത്തിനായി ദൈവത്തോടപേക്ഷിച്ചപ്പോൾ മൂന്ന് മൈലോളം കടൽ ഉള്ളിലേക്ക് വലിയുകയും വിശുദ്ധന്റെ ശരീരം മാർബിൾ ചുണ്ണാമ്പ്കല്ല്‌ കൊണ്ടുണ്ടാക്കിയ ഒരു ചെറിയ പള്ളിയിൽ കല്ല്‌കൊണ്ടുള്ള മഞ്ചപ്പെട്ടിയിൽ കിടക്കുന്നതായി കാണപ്പെട്ടു. അദ്ദേഹത്തിൻറെ കഴുത്തിൽ കെട്ടിയ നങ്കൂരം അരികിൽതന്നെ ഉണ്ടായിരുന്നു.” ഏതാണ്ട് 858-867 കാലയളവിൽ നിക്കോളാസ്‌-I ന്റെ കാലത്ത്‌ വിശുദ്ധൻമാരായ സിറിലും, മെത്തോഡിയൂസും വിശുദ്ധന്റെ ഭൗതികശരീരം റോമിലേക്ക് കൊണ്ടുവരികയും അവിടെ അദ്ദേഹത്തിനായി ഒരു ദേവാലയം പണിയുകയും ചെയ്തു. പഴയകാലത്തെ ആരാധനാ സംവിധാനങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നു എന്ന കാരണത്താൽ ഈ ദേവാലയം റോമിൽ വളരെയേറെ ആദരിക്കപ്പെടുന്ന ദേവാലയങ്ങളിൽ ഒരു ദേവാലയമാണ്.

വിചിന്തനം: ദൈവവരപ്രസാദം പരോപകാരിയും സ്‌നേഹശിലയുമാണ്. അതിനു പ്രത്യേകതകളില്ല. അല്പംകൊണ്ടു തൃപ്തിപ്പെടുന്നു. വാങ്ങിക്കുന്നതിനേക്കാൾ കൊടുക്കുന്നത് കൂടുതൽ സൗഭാഗ്യദായകമെന്ന് കരുതുന്നു.

ഇതരവിശുദ്ധർ :

  1. അംഫിലീക്കോസ് (+400)മെത്രാൻ/
  2. ട്രൂജോ (+695)/
  3. കൊളുബൻ (559-615)/
  4. അലക്‌സാണ്ടർ (1220-1263)/
  5. ഫെലിസിറ്റസ് (രണ്ടാം നൂറ്റാണ്ട്)/
  6. പെറ്റേർണിയൻ (275-360) ഫാനോയിലെ മെത്രാൻ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group