അനുദിന വിശുദ്ധർ: ഡിസംബർ 09- വിശുദ്ധ പീറ്റർ ഫൗരിയർ (1565-1640)

Daily Saints: December 09- St. Peter Fourier

നോട്ടർഡാം സന്യാസ സഭയുടെ സ്ഥാപകനായ വി. പീറ്റർ ഫുരിയർ 1565- നവംബർ 30ന് ഫ്രാൻസിലെ മാറ്റെയിൻ കോർട്ടിൽ ജനിച്ചു. തന്റെ പതിനഞ്ചാമത്തെ വയസ്സിൽ അദ്ദേഹത്തെ പോണ്ട്-എ-മൌസ്സൺ സർവ്വകലാശാലയിൽ ചേർത്തു. അദ്ദേഹത്തിന്റെ ദൈവഭക്തിയേയും അറിവിനേയും കുറിച്ച് അറിഞ്ഞ പല കുലീന കുടുംബങ്ങളും തങ്ങളുടെ മക്കളെ പഠിപ്പിക്കുവാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിശുദ്ധൻ പിന്നീട് ചൌമൌസ്സി ആശ്രമത്തിൽ വൈദീക പഠിതാവായി ചേരുകയും തന്റെ 24-മത്തെ വയസ്സിൽ 1589-ൽ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു.

അതിബുദ്ധിമാനായിരുന്ന പീറ്റർ, സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റു ബിരുദം നേടിയിരുന്നു. വി.തോമസ് അക്വീനാസിന്റെ ‘ദൈവശാസ്ത്ര സമാഹാരം’ എന്ന ഗ്രന്ഥം അദ്ദേഹത്തിനു കാണാപ്പാഠമായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇത്, അന്ന് ശക്തി പ്രാപിച്ചിരുന്ന കാൽവനിസ്റ്റ് പാഷണ്ഡതക്കെതിരെ പോരാടാൻ അദ്ദേഹത്തെ ശക്തനാക്കി. അദ്ദേഹത്തിന്റെ ആശ്രമാധിപതിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം സർവ്വകലാശാലയിൽ തിരിച്ചെത്തുകയും ദൈവശാസ്ത്രത്തിൽ അഗാധമായ പാണ്ഡിത്യം നേടുകയും ചെയ്തു. 1597-ൽ വിശുദ്ധൻ അഴിമതിയും, മതനിന്ദയും കൂടാതെ മതവിരുദ്ധവാദത്തിന്റെ ഭീഷണിയും നിലനിൽക്കുന്ന ജില്ലയിലെ മറ്റൈൻകോർട്ട് എന്ന ഇടവകയുടെ വികാരിയായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ നിരന്തരമായ പ്രാർത്ഥനയുടെയും, നിർദ്ദേശങ്ങളുടേയും ഉത്തമ മാതൃകയുടേയും ഫലമായി സഭ അവിടെ പുനസ്ഥാപിക്കപ്പെട്ടു.

അദ്ദേഹത്തിന്റെ വിശ്വാസത്തിലുറച്ച പ്രസംഗങ്ങളിലൂടെ പാഷണ്ഡതയുടെ വാദങ്ങളെ തകർക്കുവാൻ സാധിച്ചു. അനേകർ വീണ്ടും സത്യസഭയിലേയ്ക്കു തിരികെവന്നു. ജനങ്ങളുടെ ആദ്ധ്യാത്മികജീവിതത്തോടൊപ്പം സാമൂഹിക ജീവിതനിലവാരവും ഉയർത്തുന്നതിനായി പീറ്റർ നിരവധി സംഘടനകൾക്ക് ഇടവകയിൽ രൂപം നൽകി. കൂടാതെ സാമ്പത്തിക ഉന്നമനത്തിന്നായി ഒരു ബാങ്കും സ്ഥാപിച്ചു. വിശുദ്ധൻ തന്റെ ഇടവകാംഗങ്ങളുടെ ചെറിയ ചെറിയ താല്പര്യങ്ങൾ പോലും അവഗണിച്ചിരുന്നില്ല. രോഗികളെ സഹായിക്കുക, ദരിദ്രരോട് കരുണ കാണിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ വഴി അദ്ദേഹം പരസ്പരധാരണയിലുള്ള ഒരുതരം സഹായ സംഘം തന്നെ രൂപപ്പെടുത്തി. പുരുഷന്മാർക്കായി ‘സെന്റ്‌. സെബാസ്റ്റ്യൻ’, സ്ത്രീകൾക്കായി ‘ഹോളി റോസറി’, പെൺകുട്ടികൾക്കായി ‘ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ’ അല്ലെങ്കിൽ ‘ചിൽഡ്രൺ ഓഫ് മേരി’ എന്നീ മൂന്ന് സന്നദ്ധ സംഘടനകൾ വിശുദ്ധൻ സ്ഥാപിച്ചു. അക്കാലത്ത് ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന തിന്മകൾക്കെതിരായുള്ള ചില സംവാദങ്ങൾ വിശുദ്ധൻ ചിട്ടപ്പെടുത്തി.

ഈ സംവാദങ്ങൾ എല്ലാ ഞായറാഴ്ചകളിലും കുട്ടികൾ പൊതുജനങ്ങൾക്കായി വായിക്കുമായിരുന്നു. തന്റെ പ്രവർത്തനങ്ങൾ നിലനിൽക്കുന്നതിനായി 1598-ൽ വിശുദ്ധൻ നോട്രെ-ഡെയിം (Congregation of Notre-Dame) എന്ന സന്യാസിനീ സഭക്ക് രൂപം നൽകി. ഈ സഭ സൗജന്യമായി പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുമായിരുന്നു. ക്രമേണ ഈ സഭ പടർന്ൻ പന്തലിച്ചു.

1621-ൽ ടൌളിലെ മെത്രാന്റെ ഉത്തരവ് പ്രകാരം വിശുദ്ധൻ ലൊറൈനിലെ സന്യാസസഭകളിലെ നിയമങ്ങൾ പരിഷ്കരിക്കുവാനായി ലൊറൈനിൽ എത്തി. 1629-ൽ ‘ഔർ സേവിയർ’ എന്ന സന്യാസ സഭ സ്ഥാപിച്ചു. 1632-ൽ വിശുദ്ധൻ ഈ സന്യാസസഭയിലെ അധിപതിയായി നിയമിതനായി. സന്യാസിനികൾ പെൺകുട്ടികൾക്കായി ചെയ്യുന്നത് പോലെ തന്റെ സഭാംഗങ്ങളായ സഹോദരൻമാർ ആൺകുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് വിശുദ്ധൻ ആഗ്രഹിച്ചു. 1625-ൽ വിശുദ്ധൻ ജോൺ കാൽവിൻറെ സിദ്ധാന്തമായ ‘കാൽവിനിസം’ എന്ന പ്രോട്ടസ്റ്റന്റ് വിശ്വാസരീതി സ്വീകരിച്ച സാം എന്ന നാൻസിക്ക് സമീപമുള്ള പ്രദേശ വാസികളെ മാമോദീസ മുക്കുവാൻ നിയോഗിക്കപ്പെട്ടു.

ആറു മാസത്തിനുള്ളിൽ “പാവം അപരിചിതർ poor strangers” എന്ൻ അദ്ദേഹം വിളിക്കുന്ന ആ പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ മുഴുവൻ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ വന്നു. ‘House of Lorrain’ ആയുള്ള ബന്ധം കാരണം വിശുദ്ധന് ഗ്രേയിലേക്ക് ഒളിവിൽ പോകേണ്ടതായി വന്നു. അവിടെ വച്ച് തന്റെ 75-ആം വയസ്സിൽ വിശുദ്ധൻ സ്വർഗ്ഗത്തിലേക്ക് യാത്രയായി. 1730-ൽ ബെനഡിക്റ്റ് പതിമൂന്നാമൻ മാർപാപ്പാ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1897-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പാ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

വിചിന്തനം: ദൈവത്തിനു നീ കീഴ്‌പ്പെടുക; നിന്റെ ബുദ്ധിശക്തിയെ വിശ്വാസത്തിനു വിധേയമാക്കുക. എങ്കിൽ നിനക്കു വേണ്ടിടത്തോളം ഉപകാരപ്രദമായ വിജ്ഞാനപ്രകാശം ലഭിക്കും.

ഇതരവിശുദ്ധർ :

  1. ബാൾഡാ (ഏഴാം നൂറ്റാണ്ട്)
  2. സുഡോക്ക് (ഏഴാം നൂറ്റാണ്ട്)
  3. ഡോളിലെ മെത്രാൻ സിപ്രിയാൻ (+586) ഫ്രാൻസ്
  4. എഥെൽഗിവാ (+896)
  5. ജോർജോണിയാ (+375)
  6. ജവാൻ (1474-1548)
  7. ജുവാൻ (1474-1548)
  8. ലിയോകാഡിയാ (+303) സ്‌പെയിനിലെ രക്തസാക്ഷി
  9. വെറോണായിലെ പ്രെക്കൂസ് (+320) വെറോണയിലെ മെത്രാൻ
  10. അപേമ്യായിലെ ജൂലിയൻ (മൂന്നാം നൂറ്റാണ്ട്)
  11. പീറ്റർ ആഫ്രിക്കയിലെ രക്തസാക്ഷി

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group