അനുദിന വിശുദ്ധർ : ഡിസംബർ 1 – വിശുദ്ധ എലീജിയൂസ് ( 558- 659)

Daily Saints : December 1 – Saint Eligius

ഫ്രാൻസിലെ കാത്തോലാത്ത് എന്ന പ്രദേശത്ത് 558-ൽ ആണ് ഇദ്ദേഹം ജനിച്ചത്. ഏലോയി എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ദൈവഭക്തിക്ക് അതീവ പ്രാധ്യാന്യം നൽകിയ ഇദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ശിക്ഷണത്തിൽ ദൈവത്തിന്റെ പുത്രനായി തന്നെയാണ് വിശുദ്ധൻ വളർന്ന വന്നത്. മതഭക്തിയും സ്വഭാവ നൈർമ്മല്യവും ഇദ്ദേഹത്തിന്റെ കീർത്തി അത്യധികം വർധിപ്പിച്ചിരുന്നു. സ്വർണ്ണ പണിയിൽ വളരെയധികം പ്രാവിണ്യം നേടിയിരുന്ന ഇദ്ദേഹത്തിന്റെ ഭക്തി വളരെ വലുതായിരുന്നു. ദേവാലയത്തിലെ പ്രാർഥനകൾക്കും ആരാധനകൾക്കും വളരെ പ്രാധാന്യം നൽകിയ ഇദ്ദേഹം നല്ലൊരു പ്രാസംഗികൻ കൂടിയായിരുന്നു.

പാരീസിലെ ക്ലോട്ടയർ ദ്വീതിയൻ രാജാവ് ഇദ്ദേഹത്തോട് ഒരിക്കൽ സ്വർണ്ണവും രത്‌നകല്ലുകളും ഉപയോഗിച്ച് ഒരു കസേര ഉണ്ടാക്കുവാൻ ആവശ്യപ്പെട്ടു. വളരെ മനോഹരമായ രീതിയിൽ തന്നെ ഏൽപ്പിച്ച ജോലി പൂർത്തീകരിച്ച ഇദ്ദേഹത്തെ തന്റെ സ്വർണ്ണ ഖനികളുടെ നിയൻതാവായി രാജാവ് നിയമിച്ചു. അക്കാലത്തും മുൻപുമായി ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ട പല വിശുദ്ധരുടെ തിരുശേഷിപ്പുകളും കുഴിമാടങ്ങളും ഇദ്ദേഹമാണ് അലങ്കരിച്ചിരുന്നത്. ജോലി തുടങ്ങുന്നതിന് മുൻപ് പ്രാർത്ഥനയിൽ ഏർപ്പെടുന്ന വിശുദ്ധൻ, സമയം കിട്ടുമ്പോഴൊക്കെ പലവിധ സദ്ഗ്രന്ഥങ്ങൾ വായിക്കുന്നതിൽ തല്പരനായിരുന്നു.

യേശുവിന്റെ പാത പിന്തുടർന്ന് ദാരിദ്രത്തിൽ ജീവിക്കുവാൻ ഇഷ്ട്ടപ്പെട്ട ഇദ്ദേഹം തന്റെ വിലപ്പിടിപ്പുള്ള വസ്ത്രങ്ങൾ അടക്കം എല്ലാം പാവപ്പെട്ടവർക്കായി ദാനം ചെയ്തു. ലോകത്തിന്റെ പലവിധ പ്രലോഭനങ്ങൾക്കൊന്നും അദ്ദേഹത്തെ വംശംവദനാക്കുവാൻ കഴിഞ്ഞിരുന്നില്ല. പാവപ്പെട്ടവരെ സഹായിക്കുക എന്നത് ഒരഭിനിവേശമായി ഇദ്ദേഹം ഉൾക്കൊണ്ടിരുന്നു. അടിമകളെ വിലയ്ക്ക് വാങ്ങി സ്വതന്ത്രരാക്കുവാൻ ഇദ്ദേഹം അക്ഷീണം പരിശ്രമിച്ചു. ഇദ്ദേഹം സ്വതന്ത്രരാക്കിയ അടിമകളിൽ ഒരാളാണ് വിശുദ്ധ തോമസ്.

ഇദ്ദേഹത്തിന്റെ അളവറ്റ പാണ്ഡിത്യവും സുകൃതവും പരിഗണിച്ച് വിശുദ്ധനെ നോയണിലെ മെത്രാനായി നിയമിച്ചു. എന്നാൽ വീണ്ടും 2 കൊല്ലം ഒരുങ്ങി വൈദിക പട്ടം സ്വീകരിച്ചതിനു ശേഷമേ വിശുദ്ധൻ മെത്രാഭിക്ഷേകത്തിനു തയ്യാറായുള്ളൂ. എളിമയും ദാരിദ്രവും പലവിധ സുകൃതങ്ങളും കൂടെപ്പിറപ്പാക്കി പലവിധത്തിൽ യേശുവിനെ കാണുവാൻ ഇദ്ദേഹം അതിയായി ആഗ്രഹിച്ചു. 659-ൽ തന്റെ 71- വയസ്സിൽ വിശുദ്ധ എലീജിയൂസ് ദൈവസന്നിധിയിലേക്ക് ഉയർത്തപ്പെട്ടു.

ഇതര വിശുദ്ധർ :

 1. ചാൾസ് ഡി ഫോക്കോൾഡ് (1858 -1921 )
 2. അജെരിതൂസ് (521-591) വെർഡൂണിലെ മെത്രാൻ
 3. അനാനിയാസ് – അസീരിയായിലെ രക്തസാക്ഷി
 4. കാന്ത്രെസ് (അഞ്ചാം നൂറ്റാണ്ട്) മേസ്ട്രിക്ടിലെ മെത്രാൻ
 5. കസ്ട്രീഷ്യൻ (+137) മിലാനിലെ മെത്രാൻ
 6. എഡ്മണ്ട് (പതിനാറാം നൂറ്റാണ്ട്)
 7. അലക്‌സാണ്ടർ ബ്രിയന്റ് (1556-1581) രക്തസാക്ഷി
 8. കോൺസ്റ്റൻറൻ (+570)
 9. ഒളിസിയാറെഡ്‌സ് (+303)
 10. ഉർസീനൂസ് (+347 )
 11. ബേഴ്‌സ്വായിലെ മെത്രാൻ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group