അനുദിന വിശുദ്ധർ: ഡിസംബർ 11- വിശുദ്ധ ഡമാസസ് ഒന്നാമൻ മാർപാപ്പ (305-384)

Daily Saints : December 11 – Pope Saint Damasus I

305-ൽ റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് വിശുദ്ധ ഡമാസസ് (ദമാസുസ്) ജനിച്ചത്‌. പ്രശസ്തനായ ഒരു പണ്ഡിതനായിരുന്ന അദ്ദേഹം, ലിബേരിയൂസ് പാപ്പായുടെ കീഴിൽ ഒരു വൈദിക വിദ്യാർത്ഥിയായിരിന്നു. ഇക്കാലയളവിൽ നിസിനെ വിശ്വാസ രീതിയിൽ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ലിബേരിയൂസ് പാപ്പാ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഒരു ലഹള പൊട്ടിപുറപ്പെട്ടു. ഭൂരിപക്ഷം പേരും ദമാസുസിനെയായിരുന്നു പിന്തുണച്ചിരുന്നത്. ഒരു മാസത്തിനുള്ളിൽ ലിബേരിയൂസിന്റെ പിൻഗാമിയായി 366 ഒക്‌ടോബർ 1-ാം തീയതി ദമാസുസ് പാപ്പായായി വാഴിക്കപ്പെട്ടു. എന്നിരുന്നാലും കുറച്ച്‌ ആളുകൾ ഈ തീരുമാനം അംഗീകരിച്ചില്ല. അവർ ഉർസിനസ്സിനെ ഔദ്യോഗിക പാപ്പാക്കെതിരായി വാഴിച്ചു. ഇതിനെ ചൊല്ലിയുള്ള അക്രമങ്ങൾ തുടർന്നതോടെ വലെൻഷിയൻ ചക്രവർത്തി ഈ തർക്കത്തിൽ ഇടപെടുകയും ഉർസിനസ്സിനെ പുറത്താക്കുകയും ചെയ്തു.

സമാധാനത്തിന്റെ ഈ കാലയളവിൽ ദമാസുസ് പാപ്പാ സഭയുടെ വികസനത്തിനായി പ്രവർത്തിച്ചു. പഴയ നിയമത്തേയും പുതിയനിയമത്തേയും അടിസ്ഥാനമാക്കി ഇദ്ദേഹം ധാരാളം ഗ്രന്ഥങ്ങൾ രചിച്ചു. വളരെകാലമായി അദ്ദേഹത്തിന്റെ സുഹൃത്തും സെക്രട്ടറിയുമായിരുന്ന വിശുദ്ധ ജെറോമിനെ ബൈബിളിന്റെ ലാറ്റിൻ പരിഭാഷ തയ്യാറാക്കുന്നതിനായി പ്രോത്സാഹിപ്പിച്ചു. ലാറ്റിൻ പരിഭാഷയുടെ മുഖ്യകൃതി സഭയുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. അദ്ദേഹം സ്വയം തന്നെ ചില ചെറുകാവ്യങ്ങൾ രചിച്ചിതെര്താട്ടുണ്ട്, ഈ കാവ്യങ്ങൾ അദ്ദേഹം വെണ്ണക്കൽ ഫലകങ്ങളിൽ ആലേഖനം ചെയ്ത് രക്തസാക്ഷികളുടേയും, പാപ്പാമാരുടേയും ശവകല്ലറകളിൽ സ്ഥാപിക്കുകയും ചെയ്തു.

എന്നാൽ രക്തസാക്ഷികളുടെ ശവകല്ലറകൾക്ക്‌ വേണ്ടി ഇദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മൂലമാണ് വിശുദ്ധൻ കൂടുതൽ അറിയപ്പെടുന്നത്. റോമിലെ ഭൂഗർഭാലയങ്ങളുടെ അറ്റകുറ്റപ്പണികൾ തീർത്ത് അവിടുത്തെ ശവകുടീരങ്ങൾ കേടുകൂടാതെ ഭംഗിയാക്കി നിലനിറുത്തുവാൻ ശില്പവിദഗ്ദ്ധരെ നിയമിക്കുകയും ചെയ്ത ഇദ്ദേഹം, ഉത്സാഹപൂർവ്വം മുൻപുണ്ടായ മതപീഡനങ്ങളിൽ മറക്കപ്പെട്ട രക്തസാക്ഷികളുടെ കല്ലറകൾ തിരഞ്ഞ് കണ്ടു പിടിക്കുകയും. അവയിലേക്കുള്ള നടപ്പാതകളും കൽപ്പടവുകളും വെട്ടി തെളിയിക്കുകയും അവിടേക്ക്‌ തീർതഥാടകരെ സ്വാഗതം ചെയ്യുകയും ചെയ്തു. നിലവിലുള്ള പള്ളികൾ മനോഹരമാക്കുകയും ചെയ്തു. ഇതിൽ സെന്റ്‌ പീറ്റേഴ്‌സ് ദേവാലയത്തിലെ ജ്ഞാനസ്നാന പീഠം നിർമ്മിക്കുകയും സെന്റ്‌ സെബാസ്റ്റ്യൻ ദേവാലയത്തിലെ നടപ്പാതകൾ നിർമ്മിക്കുകയും ചെയ്തു.

യാഥാസ്ഥിതിക വിശ്വാസ രീതികളുടെ കടുത്ത സംരക്ഷനായിരുന്നു വിശുദ്ധൻ. മാസെഡോണിയൂസ്, അപ്പോളിനാരിസ്‌ തുടങ്ങിയവർ പ്രചരിപ്പിച്ച മതാചാര രീതികളെ വിശുദ്ധൻ എതിർത്തു. കൂടാതെ കിഴക്കൻ നാസ്ഥികർക്കെതിരായും അദ്ദേഹം പ്രവർത്തിച്ചു. വലെൻഷിയൻ ചക്രവർത്തി കത്തോലിക്കാ വിശ്വാസിയായിരുന്നുവെങ്കിലും ആദേഹത്തിന്റെ സഹോദരനായിരുന്ന വലെൻസ്‌ നാസ്ഥികരുടെ സ്വാധീനത്തിൽ ആയിരുന്നു.

378-ൽ ഗോഥിക് വംശജരാൽ കൊല്ലപ്പെടുന്നത് വരെ അദ്ദേഹം കിഴക്കുള്ള മെത്രാൻമാരുമായി ലഹളയിൽ ആയിരുന്നു. അദ്ദേഹത്തിനു ശേഷം അധികാരത്തിൽ വന്ന തിയോഡോസിയൂസ് ചക്രവർത്തി യാഥാസ്ഥിതികരെ പിന്താങ്ങുകയും 381-ൽ രണ്ടാം എക്യുമെനിക്കൽ സമിതി കോൺസ്റ്റാന്റിനോപ്പിളിൽ വിളിച്ചു കൂട്ടുകയും ചെയ്തു. ഈ സമിതി നാസ്ഥികത്വത്തെ നിരാകരിച്ചുകൊണ്ട് പാപ്പായുടെ പ്രബോധങ്ങളെ സ്വീകരിക്കുകയും ചെയ്തു.

പാപ്പാ ഭരണത്തിന്റെ 16-ാം വർഷത്തിൽ തെയോദേസീയൂസ് ചക്രവർത്തി ചരിത്രപ്രസിദ്ധമായ ഒരു വിളംബരം പുറപ്പെടുവിച്ചു. ആ വിളംബരത്തിലൂടെ കത്തോലിക്കാ സഭ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിക്കെപ്പട്ടു. വി. പത്രോസ് പഠിപ്പിച്ചതും, ദമാസൂസ് ശിരസ്സായിരിക്കുന്നതുമായ വിശ്വാസസംഹിതയാണ്, റോമാ സാമ്രാജ്യത്തിന്റെ മതം എന്ന് ചക്രവർത്തി അസന്നിഗ്ദ്ധമായി ഉത്തരവിൽ വ്യക്തമാക്കി. മാർപാപ്പായുടെ സ്ഥാനത്തെ ആദ്യമായി പാശ്ചാത്യസഭയിലെ ‘അപ്പസ്‌തോലിക സിംഹാസനം’ എന്നു വിശേഷിപ്പിച്ചത് ദമാസൂസ് പാപ്പായാണ്.

വിശുദ്ധ പത്രോസിന്റെ സിംഹാസനം ദമാസുസ് പാപ്പായുടെ ഭരണത്തിൽ ബഹുമാനിക്കപ്പെട്ടത് പോലെ മറ്റൊരു കാലത്തും ബഹുമാനിക്കപ്പെട്ടിട്ടില്ല. റോമൻ അധീശത്വത്തിനായി അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു. പ്രഥമ ന്യായാലയമെന്ന നിലയിൽ പരിശുദ്ധ സഭയുടെ അധീശത്വത്തെ അംഗീകരിക്കുവാൻ അദ്ദേഹം ഭരണാധികാരികളെ പ്രേരിപ്പിച്ചു. അധികാര ശ്രേണിയിൽ അടുത്തതായി വരുന്നത് വിശുദ്ധ മാർക്കിന്റെ അലെക്സാണ്ട്രിയായും റോമിലേക്ക് പോകുന്നതിനു മുൻപ്‌ പത്രോസ് ഭരിച്ച അന്തിയോക്കുമാണ്. തന്റെ 80 വർഷക്കാലത്തെ ഭരണത്തിനു ശേഷം 384 ഡിസംബർ 11-ന് ആണ് കടുത്ത ദൈവഭക്തനായ ദമാസുസ് പാപ്പാ അന്ത്യനിദ്ര കൈകൊണ്ടത്.

വിചിന്തനം: ഈ ലോകത്തിൽ ആശ്വാസങ്ങൾ കണ്ടെത്തുന്ന സമ്പന്നർക്ക് ഹാ കഷ്ടം! ദരിദ്രർ ദൈവരാജ്യത്തിൽ പ്രവേശിക്കുമ്പോൾ സമ്പന്നർ പുറത്തുനിന്നു കണ്ണുനീർ തൂകും.

ഇതരവിശുദ്ധർ:

  1. ബർബബസ് (342) രക്തസാക്ഷി
  2. സ്തൂപസ്തനായ ഡാനി മൽ (+493)
  3. സിയാൻ (ആറാം നൂറ്റാണ്ട്) സന്യാസി
  4. എവുറ്റിക്കിയസ് (നാലാം നൂറ്റാണ്ട്)
  5. വിക്‌റ്റോറിക്കൂസും കൂട്ടരും (+289)
  6. പെൻസ് / ട്രാസൺ(+302)
  7. അസെപ്‌സിയൂസ് കെമെറ്റിലെ രക്തസാക്ഷി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group