Daily Saints : December 12 – St. jane frances de chantal (1572-1641)
1572 ജനുവരി 28ന് ഫ്രാൻസിലെ ദിജോണിലാണ് വിശുദ്ധ ജെയിൻ ഫ്രാൻസെസ് ചാന്റൽ ജനിച്ചത്. ബർഗുണ്ടിയിലെ ഭരണസഭയുടെ അദ്ധ്യക്ഷനായിരുന്നു വിശുദ്ധയുടെ പിതാവ്, കൂടാതെ ഹെൻറി നാലാമന്റെ വിജയത്തിനു കാരണമായ ഉടമ്പടിയുടെ കാലത്ത് അദ്ദേഹം റോയലിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്നു. വിശുദ്ധ 1592-ൽ ബാരോൺ ഡെ ചാന്റലിന്റെ പത്നിയായി ബൗർബില്ലിയിലുള്ള തെഫ്യൂഡൽ കൊട്ടാരത്തിൽ താമസമാക്കി. സഹനമനുഭവിക്കുന്ന ക്രിസ്തു വിശ്വാസികളെ പരിചരിക്കുന്ന വേളകളിൽ ഒന്നിലധികം പ്രാവശ്യം ദൈവം വിശുദ്ധയിലൂടെ അത്ഭുതങ്ങൾ പ്രവർത്തിച്ചിരുന്നതായി കാണുവാൻ കഴിയും. വിശുദ്ധയെ കുറിച്ച് വിശുദ്ധ ഫ്രാൻസിസ് ഡി സാലെസിന്റെ പ്രശംസാ ഗ്രന്ഥങ്ങളിൽ ബൗർബില്ലിയിൽ വിശുദ്ധയുടെ ജീവിതത്തെ കുറിച്ച് പരാമർശിക്കുന്ന ഭാഗത്ത് ഇപ്രകാരം പറഞ്ഞിട്ടുള്ളതായി കാണാം.
1601-ലെ ഒരു വെടിവെപ്പിൽ, വിശുദ്ധയെ തന്റെ 28-മത്തെ വയസ്സിൽ വിധവയാക്കികൊണ്ട് ബാരോൺ ഡെ ചാന്റൽ ആകസ്മികമായി മരണപ്പെട്ടു. ഹൃദയം തകർന്ന വിശുദ്ധ കന്യകാവൃതം സ്വീകരിക്കുവാൻ തീരുമാനമെടുത്തു. അവളുടെ എല്ലാ പ്രാർത്ഥനകളിലും അവൾ ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശം അപേക്ഷിച്ചു. അവളുടെ പ്രാർത്ഥന കേട്ട ദൈവം ഒരു ദർശനത്തിൽ ദൈവം അവൾക്കായി കാത്തു വച്ചിരിക്കുന്ന അവളുടെ ആത്മീയ നിയന്താവിനെ കാണിച്ചുകൊടുത്തു. തന്റെ മക്കളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി വിശുദ്ധ മോന്തെലോണിലുള്ള അവളുടെ ഭർത്താവിന്റെ പിതാവിന്റെ പക്കൽ പോയി അവിടെ താമസമാക്കി. അദ്ദേഹമാകട്ടെ കർക്കശക്കാരിയും ദുഷ്ടയുമായ ഒരു ദാസിയാൽ നയിക്കപ്പെടുന്നവനായിരുന്നു. എന്നാൽ അവൾ അത് വളരെ ക്ഷമയോടും മാന്യതയോടും കൂടി ഏഴു വർഷത്തോളം സഹിച്ചു. അവസാനം അവളുടെ നന്മ ആ വൃദ്ധന്റെയും ദാസിയുടെയും ദുഷ്ടലാക്കിനുമേൽ വിജയം നേടി.
1604-ലെ നോമ്പ് കാലത്ത് അവൾ ദിജോണിൽ തന്റെ പിതാവിന്റെ അടുത്തേക്കൊരു സന്ദർശനം നടത്തി. അവിടെ വെച്ച് അവൾ വിശുദ്ധ ഫ്രാൻസിസ് ഡി സാലെസിനെ കാണുവാനിടയായി. വിശുദ്ധനെ കണ്ടമാത്രയിൽ തന്നെ താൻ ദർശനത്തിൽ കണ്ട തന്റെ ആത്മീയ ഗുരു ഇദ്ദേഹമാണെന്ന് അവൾക്ക് മനസ്സിലാവുകയും അദ്ദേഹത്തെ തന്റെ മാർഗ്ഗനിർദ്ദേശകനായി സ്വീകരിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ ഈ രണ്ടു വിശുദ്ധരും തമ്മിൽ നടത്തിയ എഴുത്തുകളിൽ നല്ലൊരു ഭാഗം ഇപ്പോൾ ലഭ്യമല്ല. പരിശുദ്ധനായ ഈ മെത്രാന്റെ മരണത്തോടെ വിശുദ്ധ അതെല്ലാം നശിപ്പിച്ചു കളഞ്ഞു. തന്റെ 14 വയസായ മകന്റെ വിദ്യാഭ്യാസവും സുരക്ഷയും തന്റെ പിതാവിന്റെയും സഹോദരനായ ബോർജസിലെ മെത്രാപ്പോലീത്തയുടെ പക്കൽ സുരക്ഷിതമായപ്പോൾ വിശുദ്ധ തന്റെ ദൈവവിളി നിറവേറ്റുന്നതിനായി അന്നെസിയിലേക്ക് പോയി.
അവിടെ വിശുദ്ധ വിസിറ്റേഷൻ എന്ന സന്യാസിനീ സഭക്ക് തുടക്കം കുറിച്ചു. തന്റെ ശേഷിച്ച രണ്ടു പെണ്മക്കളെയും വിശുദ്ധ തന്റെ കൂടെ കൂട്ടിയിരുന്നു. മൂത്തവൾ സമീപകാലത്ത് വിശുദ്ധ ഫ്രാൻസിസ് ഡെ സാലെസിന്റെ സഹോദരനായ തോറൻസിലെ ബാരോണിനെ വിവാഹം ചെയ്തു. അമ്മയുടെ ആത്മീയ ജീവിതത്തിനുള്ള തീരുമാനത്തിൽ ദുഖിതനായ വിശുദ്ധയുടെ വീണ്ടുവിചാരമില്ലാത്ത മകനായ സെൽസെ-ബെനിഗ്നെ വിശുദ്ധയെ പോകുവാൻ അനുവദിക്കാതെ വാതിൽപ്പടിയിൽ കുറുകെ കിടന്നുകൊണ്ട് കരഞ്ഞു. ഇതു കണ്ട് നിന്ന ബെനിഗ്നെയുടെ ഗുരുവായ പുരോഹിതൻ വിശുദ്ധയോടു തന്റെ മകന്റെ കണ്ണുനീർ തന്റെ തീരുമാനത്തെ ഇളക്കുമോ? എന്ന് ചോദിച്ചു “ഇല്ല, ഒരിക്കലും ഇല്ല.” “പക്ഷെ ഞാൻ ഒരമ്മയും കൂടിയാണ്” എന്ന് മറുപടി കൊടുത്തുകൊണ്ട് വിശുദ്ധ തന്റെ ദൈവഹിതം നിറവേറ്റുവാനായി മകനെ മറികടന്നു പോയി.
1610-ജൂൺ 6 ഞായറാഴ്ചയാണ് തിരുസഭാ ചട്ടപ്രകാരം ‘വിസിറ്റേഷൻ’ സന്യാസിനീ സഭ നിലവിൽ വന്നത്. ഈ സഭയുടെ ലക്ഷ്യം അക്കാലത്തെ കർക്കശമായ സന്യാസ രീതികൾ പാലിക്കുവാൻ ആഗ്രഹമോ ശക്തിയോ ഇല്ലാത്ത യുവതികളുടെയും വിധവകളുടെയും ആത്മീയമായ ഉന്നതിയായിരുന്നു. നമ്മുടെ ഹിതവും ദൈവ ഹിതവും ഐക്യപ്പെടുത്തി കൊണ്ട് താൻ വിഭാവനം ചെയ്ത ഈ സന്യാസ ജീവിത രീതി യാഥാർത്ഥ്യമായി കാണുവാൻ വിശുദ്ധ ഫ്രാൻസിസ് ഡെ സാലെസ് അതിയായി ആഗ്രഹിച്ചിരുന്നു.
1622-ൽ വിശുദ്ധ വിശുദ്ധ ഫ്രാൻസിസ് ഡെ സാലെസ് മരണമടഞ്ഞപ്പോൾ ഈ സഭക്ക് ഏതാണ്ട് 13 മഠങ്ങൾ ഉണ്ടായിരുന്നു. വിശുദ്ധ ജെയിൻ ഫ്രാൻസെസ് മരിക്കുന്ന സമയം ആശ്രമങ്ങളുടെ എണ്ണം 86 ഉം വിശുദ്ധയായി പ്രഖ്യാപിക്കുന്ന സമയം 164 മായിരുന്നു.
വിശുദ്ധയുടെ ശേഷിച്ച ജീവിതം ഏറ്റവും ശ്രേഷ്ടതയാർന്ന നന്മ പ്രവർത്തികളുമായി ആശ്രമത്തിൽ തന്നെയായിരുന്നു. കാരുണ്യത്താൽ ഉത്തേജിപ്പിക്കപ്പെട്ടതും പരിത്യാഗത്തിന്റേതായ മനോഭാവവുമാണ് വിശുദ്ധ ഫ്രാൻസിസ് ഡി സാലെസിൽ മുന്നിട്ട് നിന്നിരുന്നതെങ്കിൽ വിശുദ്ധ ജെയിൻ ഫ്രാൻസെസിലാകട്ടെ അടിയുറച്ചതും പതറാത്തതുമായ മനോബലവുമായിരുന്നു പ്രബലമായിരുന്നത്. വിശുദ്ധ ഒരിക്കലും തന്റെ പെൺ മക്കൾ മാനുഷിക ദൗർബ്ബല്ല്യങ്ങൾക്ക് വഴിപ്പെടരുതെന്ൻ ആഗ്രഹിച്ചിരുന്നു. പരീക്ഷണങ്ങൾ വിശുദ്ധയുടെ ജീവിതത്തിൽ നിരന്തരം ഉണ്ടായികൊണ്ടിരുന്നു, എന്നിരുന്നാലും വിശുദ്ധ അതെല്ലാം ധൈര്യപൂർവ്വം നേരിട്ടു.
എന്നിരുന്നാലും വിശുദ്ധ ഒരു ലോല ഹൃദയ ആയിരുന്നു. 1627-ലെ റെ എന്ന ദ്വീപിലെ യുദ്ധത്തിൽ തന്റെ മകൻ മരിക്കുകയാണെങ്കിൽ ഒരു ക്രിസ്ത്യാനിക്ക് ചേർന്ന വിധം വേണം മരിക്കണമെന്നാണ് വിശുദ്ധ പ്രാർത്ഥിച്ചിരുന്നത്. സെൽസെ ബെനിഗ്നെ മാർക്വിസ് ഡി സെവിഗ്നെ എന്ന പേരായ വളരെ പ്രസിദ്ധയായ ഒരു മകളെ അവശേഷിപ്പിച്ചിട്ടാണ് മകൻ പോയത്. കുടുംബ പ്രശ്നങ്ങളെന്ന കുരിശുകളും വിശുദ്ധക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, പ്രത്യേകിച്ച് തന്റെ ജീവിതത്തിന്റെ അവസാന ഒമ്പത് വർഷങ്ങൾ വളരെയേറെ യാതനകൾ വിശുദ്ധക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്. വിശുദ്ധയുടെ മരണത്തിനു മൂന്ന് മാസം മുൻപ് വരെ ഇത് തുടർന്നു.
വിശുദ്ധയുടെ ദിവ്യത്വത്തിന്റെ കീർത്തി പരക്കെ വ്യാപിച്ചു. രാജ്ഞിമാരും, രാജകുമാരന്മാരും, രാജകുമാരിമാരും വിശുദ്ധയെ കാണുവാനായി ആശ്രമത്തിലെ സ്വീകരണമുറിയിൽ തടിച്ചു കൂടി. എവിടെയൊക്കെ വിശുദ്ധ മഠങ്ങളുടെ സ്ഥാപനത്തിന് പോകുന്നുവോ അവിടെയെല്ലാം ആളുകൾ വിശുദ്ധക്ക് ജയഘോഷങ്ങൾ മുഴക്കി, ഇതു കാണുമ്പോൾ വിശുദ്ധ ഇപ്രകാരം പറയുമായിരുന്നു “ഈ ജനങ്ങൾക്ക് എന്നെ അറിയില്ല, അവർ ആശയകുഴപ്പത്തിലായിരിക്കുകയാണ്. അവർക്ക് തെറ്റുപറ്റിയിരിക്കുന്നു.” 1641 ഡിസംബർ 13-ാം തീയതി വിശുദ്ധ തന്റെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. വിശുദ്ധയുടെ മൃതദേഹം അന്നെസിയിലെ വിസിറ്റേഷൻ ആശ്രമത്തിലെ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് ഡെ സാലെസിന്റെ മൃതദേഹത്തിനരികിലായി അടക്കം ചെയ്തു. 1751-ൽ വിശുദ്ധപദവിക്കായി നാമകരണം ചെയ്യപ്പെടുകയും, 1767-ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ആഗസ്റ്റ് 21 വിശുദ്ധയുടെ നാമഹേതു തിരുന്നാളായി അംഗീകരിച്ചു.
അനുകരിക്കാനാവാത്ത വിധം മനോഹരമായാണ് വിശുദ്ധയുടെ ജീവചരിത്രം വിശുദ്ധയുടെ സെക്രട്ടറിയായ ബൌഗാദിലെ മോൺസിഞ്ഞോർ ആയിരുന്ന മദർ ചൌഗി എഴുതിയത്. അവരുടെ മരണത്തിന് ശേഷം 1863-ൽ ലാവലിലെ മെത്രാൻ ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി. “Histoire de Sainte Chantal” എന്ന ഈ ഗ്രന്ഥത്തിന് അതർഹിക്കുന്ന പോലെ അഭൂതപൂർവ്വമായ വിജയമാണ് ഉണ്ടായത്.
വിശുദ്ധയുടെ രചനകൾ നല്ല ഒരു മതജീവിതത്തിനു വേണ്ട നിർദ്ദേശങ്ങൾ ഉൾകൊള്ളുന്നവയായിരുന്നു. ധാരാളം ചെറിയ രചനകളും വിശുദ്ധ നടത്തിയിരുന്നു. ഇതിൽ എടുത്ത് പറയാവുന്നത് “Deposition for the Process of Beatification of St. Francis de Sales” എന്നതായിരുന്നു, ഇവക്ക് പുറമേ ധാരാളം അമൂല്യമായ എഴുത്തുകളും. ഊർജ്ജസ്വലമായ ഈ രചനകളിൽ നിന്നു തന്നെ വിശുദ്ധയുടെ ജീവിത ഗുണങ്ങളുടെ ഒരു സംഗ്രഹം ദർശിക്കാനാവും.
വിചിന്തനം: ശിശുക്കളെപ്പോലെ സന്തോഷപൂർവ്വം സ്വയം താഴ്ത്തുവാൻ ലജ്ജിക്കുന്നവർക്കു ദുരിതം: എന്തെന്നാൽ സ്വർഗ്ഗരാജ്യത്തിന്റെ എളിയ വാതിൽക്കൽ കൂടി അവർക്ക് അകത്തു പ്രവേശിക്കുക സാധ്യമല്ല.
ഇതരവിശുദ്ധർ :
- അബ്രാ(260-342)
- അമ്മോണാരിയായും കൂട്ടരും (+250) രക്തസാക്ഷി
- അലക്സാണ്ടറും കൂട്ടരും (+250)
- കോൾമൽ (+650)
- കൊളുമ്പാ(+548)
- കൊറേന്തിയൂസ് (+490)
- മെത്രാൻ മാക്സെന്റിയൂസ് (+287) രക്തസാക്ഷി
- അഗാണാ(+790).
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group