Daily Saints : December 21- St. Peter Canisius (1527-1597)
1521-ൽ ജർമ്മനിയിലെ ‘നിമിഗ്വൻ’ എന്ന സ്ഥലത്ത് ജനിച്ച വി. പീറ്റർ കനീഷ്യസ് ഈശോ സഭയിൽ പ്രത്യേകം പരാമർശിക്കപ്പെടേണ്ട ഒരു വ്യക്തിത്വമാണ്. ജർമ്മനിയുടെ രണ്ടാമത്തെ അപ്പസ്തോലൻ എന്നാണ് വി. പീറ്റർ കനീഷ്യസ് അറിയപ്പെടുന്നത്. പാഷണ്ഡതകളിൽ നിന്ന് കത്തോലിക്കാ സഭയെ സംരക്ഷിക്കാനായി ജീവിതം മാറ്റിവച്ച വ്യക്തിത്വ0 കൂടിയാണ് വിശുദ്ധൻ. മധ്യയൂറോപ്പ് മുഴുവനും സുവിശേഷവൽക്കരിച്ചത് ഇദ്ദേഹം ഒറ്റക്കാണ് എന്ന് പറയാം. ഈ വിശുദ്ധൻ ധാരാളം കോളേജുകൾ സ്ഥാപിക്കുകയും, തന്റെ മഹത്തായ രചനകൾ മുഖാന്തിരം കത്തോലിക്കാ സഭക്ക് ഒരു പുനർജീവൻ നൽകുകയും ചെയ്തു. കൂടാതെ ആൽപ്സ് പർവ്വത പ്രദേശങ്ങളിൽ കത്തോലിക്കാ നവോത്ഥാനത്തിനുള്ള അടിത്തറയിട്ടത് ഈ വിശുദ്ധനാണ്.
ബാല്യം മുതൽ തന്നെ ഭക്തിതീക്ഷ്ണതയിൽ വളർന്നുവന്ന പീറ്റർ, പാഷണ്ഡതയേയും മതവിരോധത്തെയും അത്യധികം വെറുത്തിരുന്നു. അതിബുദ്ധിമാനായിരുന്ന പീറ്റർ അന്നത്തെ കാലത്തെ ഉന്നതമായ വിദ്യാഭ്യാസം സമ്പാദിച്ചു. വിദ്യാഭ്യാസത്തിനുശേഷം തന്റെ ദീർഘകാലത്തെ ആഗ്രഹാനുസരണം അദ്ദേഹം ഈശോസഭയിൽ പ്രവേശിച്ചു. ജർമ്മനിയിൽ നിന്ന് ഈശോസഭയിൽ ചേരുന്ന ആദ്യത്തെ വ്യക്തിയായിരുന്നു പീറ്റർ. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസിൽ അദ്ദേഹം പുരോഹിതനായി.
ഈ കാലത്താണ്ണു ഹെർമ്മൻ മെത്രാപ്പോലീത്താ സത്യസഭാ വിശ്വാസം ഉപേക്ഷിച്ചത്. ഇദ്ദേഹത്തിന്റെ സത്യവിശ്വാസ വിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ ചാൾസ് അഞ്ചാമൻ ചക്രവർത്തിയുടെ അടുക്കൽ സഹായം തേടുന്നതിനായി, പീറ്ററിനെയാണ് അയച്ചത്. അദ്ദേഹത്തിന്റെ ഈ ഉദ്യമം അവസാനം സഫലമാകുക തന്നെ ചെയ്തു. അന്നു മുതൽ അമ്പതു വർഷത്തേയ്ക്ക് കത്തോലിക്കാ സഭാവിശ്വാസത്തിനുവേണ്ടി പീറ്റർ അക്ഷീണം പോരാടി.
അതിശയകരമായ ശക്തിയോടും വിവേകത്തോടും കൂടി പീറ്റർ കത്തോലിക്കാ രാജാക്കന്മാരുടെയും മെത്രാന്മാരുടെയും ഭക്തിയെ വർദ്ധമാനമാക്കി. അക്കാലത്തെ പല സർവ്വകലാശാലകളെയും പീറ്റർ നവീകരണത്തിനു വിധേയമാക്കി. മാത്രമല്ല, നിരവധി പട്ടണങ്ങളെയും പ്രദേശങ്ങളെയും വിശുദ്ധൻ കത്തോലിക്കാ സഭയോട് ഐക്യെപ്പടുത്തുകയും ചെയ്തു. പലപ്പോഴും പൊതുവേദികളിൽ വച്ച് പാഷണ്ഡികളുമായി തർക്കത്തിലേർപ്പെടുകയും അവരുടെ സിദ്ധാന്തങ്ങളിലെ കപടതയെ ജനത്തിനു മുന്നിൽ തുറന്നുകാട്ടുകയും ചെയ്തു.
1547-ൽ നടന്ന ട്രെന്റ സൂനഹദോസിന്റെ പല സമ്മേളനങ്ങളിലും വിശുദ്ധൻ പങ്കെടുത്തിരുന്നു. സൂനഹദോസിന്റെ തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നതിനായി വിശുദ്ധൻ നിയമിതനായി. അതനുസരിച്ച് അദ്ദേഹം ജർമ്മനി, പോളണ്ട്, ആസ്ത്രിയാ, ബൊഹീമിയ മുതലായ രാജ്യങ്ങളിൽ സന്ദർശനം നടത്തി. ഈ തിരക്കുകൾക്കിടയിലും വിശുദ്ധൻ അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ക്രിസ്തീയതത്വങ്ങളെ അടിസ്ഥാനെപ്പടുത്തി അദ്ദേഹം എഴുതിയ വേദോപദേശ പുസ്തകം അനേക നൂറ്റാണ്ട് പാഠ്യപുസ്തകമായിരുന്നു. പന്ത്രണ്ടു ഭാഷകളിലായി അതിന്റെ ഇരുനൂറോളം പതിപ്പുകളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. കത്തോലിക്കാ വിശ്വാസ സംരക്ഷണത്തിനായി നിരവധി കോളേജുകൾ വിശുദ്ധൻ സ്വിറ്റ്സർലണ്ടിലും സ്വദേശത്തുമായി സ്ഥാപിച്ചു. 1597-ൽ തന്റെ 76ാമത്തെ വയസിൽ പീറ്റർ കനീഷ്യസ് ഇഹലോകവാസം വെടിഞ്ഞു.
വിചിന്തനം: ‘വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.’
ഇതരവിശുദ്ധർ :
- പീറ്റർ കനീഷ്യസ് (1521-1597) വേദപാരംഗതൻ
- അനസ്താസിയൂസ് (+609)
- ഗ്ലീസേരിയൂസ് (650)
- ടൂളിസിലെ ഹൊണാരാത്തൂസ് (മൂന്നാം നൂറ്റാണ്ട്)
- ജോണും ഫെസ്റ്റൂസും-രക്തസാക്ഷികൾ
- ആൻഡ്രൂ (1795-1839)
- സെവെറിനൂസ് (+300) ട്രെയറിലെ മെത്രാൻ
- ജോൺ വിൻസെന്റ് (ഏഴാം നൂറ്റാണ്ട്)
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group