അനുദിന വിശുദ്ധർ: ഡിസംബർ 30- രക്തസാക്ഷികളായ വിശുദ്ധ സബിനസും സഹ വിശുദ്ധരും.

Daily Saints : December 30- St. Sabinus & Other Saints

ക്രിസ്ത്യാനികൾക്കെതിരായി ഡയോക്ലീഷ്യനും മാക്സിമിയനും 303-ൽ പ്രസിദ്ധം ചെയ്ത വിളംബര പ്രകാരം അസ്സീസിയിലെ മെത്രാനായ സബീനൂസും വളരെയധികം വൈദികരും അറസ്റ്റു ചെയ്യപ്പെട്ട് തടവിലായി. വിശുദ്ധ സബിനുസ് ഇറ്റലിയിലെ പല നഗരങ്ങളിലേയും മെത്രാൻ ആയിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. എട്രൂരിയായിലെ ഗവർണർ ആയിരുന്ന വെനൂസ്റ്റിയൻ അവരെ തന്റെ പക്കൽ കൊണ്ടുവരികയും ‘ജൂപ്പീറ്ററിൻറെ’ ഒരു പ്രതിമ വിശുദ്ധന്റെ കയ്യിൽ നൽകികൊണ്ട് അതിനെ ആരാധിക്കുവാൻ ആവശ്യപ്പെട്ടു. വിശുദ്ധനാകട്ടെ നിന്ദാപൂർവ്വം ആ പ്രതിമ നിലത്തെറിഞ്ഞു പൊട്ടിച്ചു. ഇതിൽ കുപിതനായ വെനൂസ്റ്റിയൻ വിശുദ്ധന്റെ രണ്ടുകരങ്ങളും മുറിച്ചു കളയുവാൻ ഉത്തരവിട്ടു.

വിശുദ്ധന്റെ രണ്ടു പുരോഹിതാർത്ഥികളായ മാർസെല്ലുസ്, എക്സ്സുപെരാന്റിയൂസ് എന്നിവരും തങ്ങളുടെ വിശ്വാസത്തെ മുറുകെപിടിച്ചതിനാൽ അവരെ ചമ്മട്ടികൊണ്ടടിക്കുകയും, അമിതമായി പീഡിപ്പിക്കുകയും ചെയ്തു. ഇത്തരം പലവിധ പീഡനങ്ങൾ മൂലം അവർ രണ്ടുപേരും അധികം താമസിയാതെ മരണമടഞ്ഞു. സബിനുസിനെ കാരാഗ്രഹത്തിലടക്കുകയും, മാർസെല്ലുസ്, എക്സ്സുപെരാന്റിയൂസ് എന്നിവരുടെ മൃതദേഹങ്ങൾ അസ്സീസിയിൽ മറവ് ചെയ്യുകയും ചെയ്തു. സെറെനാ എന്ൻ പേരായ ഒരു വിധവ തന്റെ അന്ധനായ മകനെ വിശുദ്ധ സബിനുസിന്റെ പക്കൽ കൊണ്ടു വന്നു. കൈകൾ മുറിച്ച് നീക്കപ്പെട്ട വിശുദ്ധൻ അവരെ അനുഗ്രഹിക്കുകയും തൽഫലമായി ആ വിധവയുടെ മകന്റെ കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു.

ഇത് കണ്ട നിന്ന വിശുദ്ധന്റെ സഹതടവുകാർ ഉടനെ തന്നെ മാമോദീസ സ്വീകരിച്ചു. ഈ സംഭവം കണ്ണുകൾക്ക് അസുഖം മൂലം പീഡനമനുഭവിച്ചിരുന്ന ഗവർണറായ വെനൂസ്റ്റിയന്റെ മതപരിവർത്തനത്തിനു കാരണമാവുകയും ചെയ്തു. അദ്ദേഹവും, അദ്ദേഹത്തിന്റെ ഭാര്യയും, കുട്ടികളും പിന്നീട് ക്രിസ്തുവിനു വേണ്ടി തങ്ങളുടെ ജീവൻ നൽകിയതായി പറയപ്പെടുന്നു.

സ്പോലെറ്റോയിൽ വെച്ച് വിശുദ്ധ സബിനൂസിനെ മർദ്ദിച്ചു കൊലപ്പെടുത്തുകയും അവിടെ നിന്നും ഒരു മൈൽ അകലെ അടക്കം ചെയ്യുകയും ചെയ്തു. മഹാനായ വിശുദ്ധ ഗ്രിഗറി പറയുന്നതനുസരിച്ച് ഫെർമോ നഗരത്തിനടുത്തായി വിശുദ്ധൻറെ ആദരണാർത്ഥം ഒരു ദേവാലയം പണികഴിപ്പിക്കുകയും, സ്പോലെറ്റോയിലെ മെത്രാനായിരുന്ന ക്രിസാന്തസ്സിൽ നിന്നും വിശുദ്ധന്റെ തിരുശേഷിപ്പുകൾ ഈ ദേവാലയത്തിനായി ആവശ്യപ്പെടുകയും ചെയ്തു. അഗാധമായ പാണ്ഡിത്യവും വിശുദ്ധിയും നിറഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹം, വിശുദ്ധ അംബ്രോസ് അദ്ദേഹത്തിന്റെ രചനകൾ പ്രസാധനത്തിനു മുൻപ് വിമർശനത്തിനും തിരുത്തലുകൾക്കുമായി വിശുദ്ധ സബിനൂസിന് നൽകുമായിരുന്നു.

വിചിന്തനം: “മതപീഡനം വരുമ്പോഴാണ് മനസിലാക്കുക, ആരാണ് കൂലിക്കാരൻ, ആരാണ് നല്ല ഇടയൻ” (വി. ബെർണാർഡ് ). മൗനമായി സഹിക്കുകയായിരിക്കണം ഒരു ക്രിസ്ത്യാനിയുടെ ആദർശം.

ഇതര വിശുദ്ധർ:

  1. അനീസിമാ (+304) രക്തസാക്ഷി
  2. അനീസിയൂസ് (+407)
  3. സലോണിക്കായിലെ മെത്രാൻ എഗ്‌വിൻ (+717 )
  4. എവുജിൻ മിലാനിലെ മെത്രാൻ
  5. ലിസേരിയൂസ് (+200) റവേന്നായിലെ മെത്രാൻ
  6. റെയ്‌നീതിയൂസ് (+1077) അക്വീലായിലെ മെത്രാൻ
  7. സാബിനൂസ്(+303).
  8. വാഴ്ത്തപ്പെട്ട മാർഗരറ്റ് കൊളോണ (+1210)

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group