അനുദിന വിശുദ്ധർ: ഡിസംബർ 31- വി. സിൽവസ്റ്റർ ഒന്നാമൻ പാപ്പാ

Daily saints : December 31- Pope St. Sylvester 1st.

റോമിൽ ജനിച്ച ഇദ്ദേഹം പാപ്പായായി 314 ജനുവരി 31-ന് തിരഞ്ഞെടുക്കപ്പെട്ടു. കിരീടം ധരിക്കുന്ന ആദ്യത്തെ മാർപാപ്പായാണ് സിൽവസ്റ്റർ ഒന്നാമൻ. അദ്ദേഹം നിഖ്യായിൽ ആദ്യത്തെ കോൺസ്റ്റന്റയിൻ എക്യുമെനിക്കൽ കൗൺസിൽ സൂനഹദോസ് വിളിച്ചുകൂട്ടി. ഇവിടെ വച്ചാണ് ‘വിശ്വാസപ്രമാണം’ ആദ്യഭാഗം പ്രസിദ്ധീകരിച്ചത്. കർത്താവിന്റെ ഉയർപ്പിന്റെ ഓർമ്മയ്ക്കായി ഞായറാഴ്ച അവധി ദിവസമായി ആചരിക്കുന്നതിന് വ്യവസ്ഥ ചെയ്തു. വിശുദ്ധ കുരിശിലെ ആണി ഉപയോഗിച്ച് ഇരുമ്പുകിരീടം നിർമ്മിച്ചത് പാപ്പായാണെന്ന് വിശ്വസിക്കപ്പെടുന്നു.

തിരുസഭക്ക് അവളുടെ അടിച്ചമർത്തൽ നടത്തുന്നവരുടെ മേൽ താൽക്കാലികമായ വിജയം ലഭിച്ച സമയത്താണ് വിശുദ്ധ സിൽവെസ്റ്റർ പാപ്പാ പദവിയിലെത്തുന്നത്. ഏതാണ്ട് 21 വർഷത്തോളം അദ്ദേഹം തിരുസഭയെ നയിച്ചു. സഭയിൽ അച്ചടക്കം കൊണ്ടു വരികയും, നാസ്തികത്വത്തിനെതിരേയുള്ള ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്ത പാപ്പ നിഖ്യാ സമിതിയിൽ പങ്കെടുക്കുകയും, ആദ്യത്തെ എക്യുമെനിക്കൽ സമിതിയിൽ തന്റെ പ്രതിനിധികളെ അയക്കുകയും ചെയ്തു.

കോൺസ്റ്റന്റയിൻ ചക്രവർത്തി സഭാ സംരക്ഷകനാകുന്ന സന്ദർഭവും ഈ കാലത്തുണ്ടായി. ക്രിസ്തുമതത്തിൽ ഐക്യവും പുതുജീവനും പകർന്നത് അദ്ദേഹമാണ്. അദ്ദേഹം ഒരു ക്രിസ്ത്യാനിയെപ്പോലെ വർത്തിച്ചു. എന്നാൽ, ജ്ഞാനസ്‌നാനം സ്വീകരിച്ചിട്ടില്ലായിരുന്നു. അദ്ദേഹം മരണാസന്നനായപ്പോഴാണ് എവുസേബിയൂസ് മെത്രാൻ 337-ൽ അദ്ദേഹത്തിന് ജ്ഞാനസ്‌നാന ശുശ്രൂഷ നൽകിയത്. ഇദ്ദേഹത്തിന്റെ പാപ്പാ ഭരണകാലത്താണ് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കീഴിൽ റോമിൽ പ്രശസ്തമായ പല ദേവാലയങ്ങളും സ്ഥാപിതമായത്. ബസലിക്കയും അതിന്റെ ജ്ഞാനസ്നാന പീഠവും, സെസ്സോറിയൻ കൊട്ടാരത്തിലെ ബസലിക്ക (Santa Croce), വത്തിക്കാനിലെ സെന്റ്‌ പീറ്റർ ദേവാലയം, കൂടാതെ രക്തസാക്ഷികളുടെ കല്ലറകൾക്ക് മുകളിൽ അനേകം സെമിത്തേരി പള്ളികളും ഇതിൽപ്പെടുന്നു. ഇവയുടെ നിർമ്മിതിയിൽ വിശുദ്ധ സിൽവെസ്റ്റർ സഹായിച്ചിട്ടുണ്ടെന്നു നിസ്സംശയം പറയാം. അദേഹം കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ഒരു സുഹൃത്തായിരുന്നു.

ആര്യനിസത്തിന്റെ ഉപജ്ഞാതാവ് അലക്‌സാൺഡ്രിയായിലെ ആരിയൂസ് എന്ന പുരോഹിതനായിരുന്നു. പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള പാരമ്പര്യവിശ്വാസത്തെ അദ്ദേഹം എതിർത്തു. അദ്ദേഹത്തിന്റെ വാദം, ‘പുത്രൻ പിതാവിന് വിധേയനും പിതാവിന്റെ സത്തയിൽ നിന്നും വ്യത്യസ്തനും കുറഞ്ഞവനുമാണ്. എന്നായിരുന്നു. ആരിയൂസിന്റെ വാക്‌ധോരണിയിൽ ആകൃഷ്ടരായ അനേകം വൈദികരും പല മെത്രാന്മാരും ഈ പഠനങ്ങൾ ശരിയാണെന്നു വാദിച്ചു.

ദൈവശാസ്ത്രപരമായ ഈ വാദകോലാഹലങ്ങൾ സഭയിൽ രണ്ടു ചേരികളെ സൃഷ്ടിച്ചു. ഇതിൽ അസ്വസ്ഥനായ ചക്രവർത്തി, സഭാ സംരക്ഷകൻ എന്ന സ്ഥാനം സ്വയം ഏറ്റെടുത്തുകൊണ്ട് സഭയിലെ ആദ്യത്തെ സാർവ്വത്രിക സൂനഹദോസ് 325-ൽ നിഖ്യായിൽ വിളിച്ചുകൂട്ടി. 314 മെത്രാന്മാർ ഇതിൽ പങ്കെടുത്തു. കൗൺസിലിൽ സംബന്ധിക്കാനെത്തിയ മെത്രാന്മാരോടു മാർപാപ്പാ അറിയിച്ചത് “സഭയിൽ ഉണ്ടായിരിക്കുന്ന അഭിപ്രായഭിന്നതകളെ ഞാൻ യുദ്ധത്തേക്കാൾ ഭയെപ്പടുന്നു. ഭീതിദായകവും വേദനാജനകവുമാണത്” എന്നാണ്. തിരുസഭക്ക് സമാധാനത്തിന്റെ ഒരു പുതിയ യുഗം ഈ വിശുദ്ധൻ വാഗ്ദാനം ചെയ്തു. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന രക്തരൂക്ഷിതമായ അടിച്ചമർത്തലുകൾക്ക് ശേഷം വന്ന “സമാധാനത്തിന്റെ ആദ്യത്തെ പാപ്പാ” എന്ന് ഇദ്ദേഹം വിളിക്കപ്പെട്ടിരുന്നിരിക്കാം.

സഭയിൽ ഐക്യം പുനഃസ്ഥാപിക്കുവാൻ അദ്ദേഹം അവരെ ആഹ്വാനം ചെയ്തു. 325-ൽ സമ്മേളിച്ച നിഖ്യാ സൂനഹദോസ് മെയ് ഒന്നു മുതൽ ഓഗസ്റ്റ് വരെ നീണ്ടു. ഈ സൂനഹദോസ് നൽകിയ മഹത്തായ സംഭാവനയാണ് വിശ്വാസപ്രമാണവും ആര്യനിസത്തെ ശപിച്ചുകൊണ്ടുള്ള പ്രഖ്യാപനവും. കൗൺസിൽ സമ്മേളിച്ച് പതിനൊന്നു വർഷം കഴിഞ്ഞ് സിൽവെസ്റ്റർ ഒന്നാമൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. റോമൻ സംഗീത സ്കൂൾ ഇദ്ദേഹമാണ് സ്ഥാപിച്ചത്. വിശുദ്ധ പ്രിസില്ലയുടെ കല്ലറക്ക് മുകളിൽ അദ്ദേഹം ഒരു സെമിത്തേരി പള്ളി പണിതു. 335 ഡിസംബർ 31ന് മരണമടയുമ്പോൾ വിശുദ്ധനേയും ഈ പള്ളിയിലാണ് അടക്കം ചെയ്തത്.

വിചിന്തനം: “വരൂ, നമുക്ക് ഒരുമിച്ച് വിശുദ്ധരാകാം” – വി. റോസരല്ലോ.

ഇതര വിശുദ്ധർ :

  1. ബാർബേഷ്യൻ (അഞ്ചാം നൂറ്റാണ്ട്)
  2. സെൻസിലെ കൊളുംബാ (+273) രക്തസാക്ഷി
  3. ഹെർമസ് (+270) രക്തസാക്ഷി
  4. ഒഫാ (+1070)
  5. ഡൊണാത്താ-റോമൻ രക്തസാക്ഷികൾ സബീനിയാനും പൊട്ടെൻഷ്യാനും (390) രക്തസാക്ഷികൾ
  6. സോറ്റിക്കൂസ് (+350) ദരിദ്രരുടെ മധ്യസ്ഥൻ.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group