അനുദിന വിശുദ്ധർ: ജനുവരി 05- വിശുദ്ധ ജോൺ ന്യുമാൻ

അനുദിന വിശുദ്ധർ: ജനുവരി 05- വിശുദ്ധ ജോൺ ന്യുമാൻ
Daily Saints : January 05- St. John Neumann

1811 മാർച്ച് 28ന് ബൊഹേമിയയിലെ പ്രചാറ്റിറ്റ്സ് ഗ്രാമത്തിലുള്ള ഒരു കാലുറ നെയ്ത്തുകാരന്റെ ആറു മക്കളിൽ ഒരാളായാണ് വിശുദ്ധ ജോൺ ന്യുമാൻ ജനിച്ചത്. തന്റെ അമ്മയിൽ നിന്നുമാണ് വിശുദ്ധൻ ദൈവഭക്തി ശീലിച്ചത്. അവളുടെ പ്രേരണയാൽ ജോൺ ബഡ് വെയിസിലെ സെമിനാരിയിൽ ചേർന്നു.

സെമിനാരി ജീവിതത്തിനിടക്ക് ഒരു സുവിശേഷകനായി അമേരിക്കയിൽ പോകണമെന്നായിരുന്നു ജോൺ ആഗ്രഹിച്ചിരുന്നത്. അങ്ങിനെ അദ്ദേഹം തന്റെ ജന്മദേശം വിടുകയും, 1836-ൽ ന്യൂയോർക്കിലെ മെത്രാനായിരുന്ന ജോൺ ഡുബോയിസിൽ നിന്നും പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. ദേവാലയങ്ങൾ പണിയുകയും, സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഏതാണ്ട് നാലു വർഷത്തോളം അദ്ദേഹം ബുഫാലോയിലും, പരിസര പ്രദേശങ്ങളിലുമായി ചിലവഴിച്ചു.

1840-ൽ വിശുദ്ധൻ ‘ഹോളി റെഡീമർ’ സഭയിൽ അംഗമായി. എട്ടു വർഷത്തിനു ശേഷം അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിച്ചു. പിയൂസ്‌ ഒമ്പതാമൻ പാപ്പായുടെ ഉത്തരവ്‌ പ്രകാരം വിശുദ്ധൻ ഫിലാഡെൽഫിയായിലെ നാലാമത്തെ മെത്രാനായി വാഴിക്കപ്പെട്ടു. എട്ടോളം ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം തന്റെ സുവിശേഷ വേലകളിൽ അദ്ദേഹത്തിന് തുണയായി. പൊതു വിഷയങ്ങൾക്ക്‌ പുറമേ മതപരമായ വിഷയങ്ങൾ കൂടി പഠിപ്പിക്കുന്ന സഭാ സ്കൂളുകൾക്ക് (the Parochial School System in America) വേണ്ടി പ്രവർത്തിച്ചവരിൽ ഒരു പ്രഥമ സ്ഥാനം വിശുദ്ധനുണ്ട്.

വിശുദ്ധന്റെ ജീവിതത്തിൽ പ്രത്യേകമായി എടുത്ത് പറയേണ്ട ഒരു കാര്യമാണ് റോമിൽ വെച്ച് പരിശുദ്ധ മാതാവിന്റെ അമലോൽഭവ പ്രമാണ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തത്. ഇദ്ദേഹത്തിന്റെ പ്രവർത്തന ഫലമായാണ് നാൽപ്പതു മണി ആരാധനാരീതി ഫിലാഡെൽഫിയാ രൂപതയിൽ ആരംഭിച്ചത്‌. ഇറ്റാലിയൻ ഭാഷ സംസാരിക്കുന്നവർക്കായി അമേരിക്കയിലെ ആദ്യത്തെ ദേവാലയം ഇദ്ദേഹമാണ് നിർമ്മിച്ചത്‌. വിശുദ്ധ ഫ്രാൻസിസിന്റെ മൂന്നാം സഭയിലെ ഗ്ലെൻ റിഡിൾ സന്യാസിനീ വിഭാഗത്തിന്റെ സ്ഥാപകനും വിശുദ്ധ ജോൺ ന്യുമാനാണ്.

1860 ജനുവരി 5ന്, തന്റെ 48-മത്തെ വയസ്സിൽ വിശുദ്ധൻ തെരുവിൽ തളർന്ൻ വീഴുകയും, തന്റെ സുവിശേഷ പ്രവർത്തനങ്ങളെല്ലാം ഉപേക്ഷിച്ച് കർത്താവിൽ അന്ത്യനിദ്ര പ്രാപിക്കുകയും ചെയ്തു.. ഫിലാഡെൽഫിയായിലെ സെന്റ്‌ പീറ്റേഴ്സ് ദേവാലയത്തിലെ താഴത്തേ പള്ളിയുടെ അൾത്താരക്ക് കീഴെ വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നു.

ഇതര വിശുദ്ധർ:

  1. അപ്പോളിനാരിസു സിൻക്ക്ലെത്തിക്കാ
  2. ഐറിഷു മഠാധിപയായ ചേരാ
  3. ബ്രിട്ടനിലെ കോൺ വോയോൺ
  4. റോമൻ വനിതയായ എമീലിയാനാ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group