Daily Saints : January 3- St Kuriakose Elias Chavara (1805-1871)
1805 ഫെബ്രുവരി 10-ാം തീയതി കൈനകരിയിലെ ചാവറ കുടുംബത്തിൽ കുര്യാക്കോസിന്റെയും മറിയത്തിന്റെയും മൂന്നാമത്തെ മകനായി കുര്യാക്കോസ് ഏലിയാസ് ജനിച്ചു. ജ്ഞാനസ്നാന നാമം കുര്യാക്കോസ് എന്നായിരുന്നെങ്കിലും കുഞ്ചാക്കോച്ചൻ എന്ന് അമ്മ ഓമനപ്പേരു നൽകി. അതിഭക്തയായിരുന്ന അമ്മ തോപ്പിൽ മറിയം, മകന്റെ ശാരീരികവും ആത്മീയവുമായ വളർച്ചയിൽ വളരെയധികം ശ്രദ്ധാലുവായിരുന്നു.
1811-ൽ, പണ്ഡിതനായ ഒരു ആശാന്റെ കീഴിൽ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. 1817 മുതൽ സർക്കാർ വിദ്യാലയത്തിൽ പഠനം തുടർന്നു. നിർമ്മലമായ മനഃസാക്ഷി കാത്തുസൂക്ഷിച്ച കുര്യാക്കോസ് വേണ്ട ഒരുക്കത്തോടു കൂടി ദിവ്യനാഥനെ സ്വീകരിച്ചു. 11-ാമത്തെ വയസ്സിൽ കുടുംബാന്തരീക്ഷത്തിൽ നിന്നും മാറി ദൈവത്തിനുവേണ്ടി സ്വയം സമർപ്പിച്ചുകൊണ്ടുള്ള ജീവിതം നയിക്കുവാൻ ഇടവകയിലെ വൈദികമന്ദിരത്തിൽ വികാരിയച്ചനോടൊത്ത് താമസമാക്കി. 1818-ൽ പള്ളിപ്പുറം സെമിനാരിയിൽ ചേർന്ന് പഠനമാരംഭിച്ചു.
1829 നവംബർ 29-ാം തീയതി കുര്യാക്കോസ്, അന്നത്തെ വരാപ്പുഴ വികാരി അപ്പസ്തോലിക്കായായിരുന്ന മൗരേലിയ സ്തബിലീനി മെത്രാനിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. പല എതിർപ്പുകളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്ത് 1831-ൽ മാന്നാനം കുന്നിൽ ചാവറയച്ചൻ ആദ്യത്തെ സന്യാസാശ്രമത്തിന് രൂപം നൽകി. 1855-ൽ തിരുസഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ച സഭയുടെ ശ്രേഷ്ഠനായി ചാവറയച്ചൻ തന്നെ നിയോഗിക്കെപ്പട്ടു. സാവകാശം സഭയുടെ പുതിയ ആശ്രമങ്ങൾ പലയിടത്തും സ്ഥാപിതമായി.
1866-ൽ ലെയോപ്പോൾഡ് മിഷനറിയോടു ചേർന്ന് സ്ത്രീകൾക്കുവേണ്ടി ഒരു സന്യാസ സമൂഹവും ചാവറയച്ചൻ ആരംഭിച്ചു. അദ്ദേഹം സീറോ മലബാർ സഭയുടെ വികാരി ജനറലായി അവരോധിതനായപ്പോൾ ആരാധനാനുഷ്ഠാനങ്ങളെ എല്ലാ പള്ളികളിലും ഒന്നുപോലെയാക്കുവാൻ ശ്രമിച്ചു. നിയതമായ ക്രമാനുഷ്ഠാനവിധി ചാവറയച്ചൻ തന്നെ എഴുതിയുണ്ടാക്കി. മൃതസംസ്കാര തിരുക്കർമ്മങ്ങൾ, തിരുനാൾ, നമസ്കാരം, ആരാധനാക്രമ കലണ്ടർ എന്നിവയെല്ലാം ക്രമീകരിച്ചു.
ജീവിതകാലം മുഴുവൻ ദൈവത്തിനും ദൈവജനത്തിനുമായി കഠിനാദ്ധ്വാനം ചെയ്ത ചാവറയച്ചൻ മാസങ്ങളോളം ദീർഘിച്ച രോഗക്ലേശങ്ങൾക്കൊടുവിൽ കൂദാശകൾ ഭക്തിപൂർവ്വം സ്വീകരിച്ച് ആത്മീയമക്കളുടെ പ്രാർത്ഥനകളുടെ മധ്യേ 1871 ജനുവരി 3-ാം തീയതി ദൈവസന്നിധിയിലേയ്ക്ക് യാത്രയായി. 2015 നവംബർ 23-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
വിചിന്തനം: എന്റെ മകനേ എന്റെ ഇഷ്ടം പോലെ നിന്നോടു പെരുമാറുന്നതിന് എന്നെ അനുവദിക്കുക. നിനക്ക് ഏറ്റവും നല്ലത് എന്താണെന്ന് എനിക്കറിയാം – ക്രിസാതാനുകരണം.
ഇതര വിശുദ്ധർ:
- വി. ബർട്ടില്ലാ (+687)
- വി. സോസിമൂസ്, അത്തനാസിയൂസ് (+303)
- ഫിന്റ്റാൻ (ആറാം നൂറ്റാണ്ട്)
- വി. സൈറിനൂസ് (+320)
- വി. ഫിൻലഫ് (ആറാം നൂറ്റാണ്ട്)
- ഫ്ളോറെന്റ്റിയൂസ് (നാലാം നൂറ്റാണ്ട്)
- വി. ഡാനിയൽ ഓഫ് പാദുവ(+168).
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group