November 7 – വി. വില്ലിബ്രോർഡ് മെത്രാൻ (658-739)

നോർത്തമ്പർലാന്റിൽ 658-ൽ ഭക്തരായ മാതാപിതാക്കൻമ്മാരിൽ നിന്ന് വില്ലിബ്രോർഡ് ജനിച്ചു. ഏഴ് വയസ്സാകുന്നതിന് മുൻപ്തന്നെ ബാലനെ വി. വിൽഫ്രഡിന്റെ കീഴിലുള്ള ആശ്രമത്തിൽ പഠിക്കാനയച്ചു. വിശുദ്ധന്റെ പിതാവ് വിൽഗിസ് വാർദ്ധക്യത്തിൽ ഒരാശ്രമം സ്ഥാപിച്ച് അതിൽ താമസിച്ചു മരിക്കുകയാണ് ചെയ്തത്. 20 വയസ്സുള്ളപ്പോൾ വില്ലിബ്രോർഡ് ആബട്ടിന്റെ അനുവാദത്തോടെ ഉപരി പഠനത്തിനായി അയർലന്റിലേക്ക് പോയി. അവിടെ വി. എഗ്‌ബെർട്ടിന്റെയും വാഴ്ത്തപ്പെട്ട വിഗ്ബർട്ടിന്റെയും കീഴിൽ 12 വർഷം താമസിച്ചു. വിനയവും എളിമയും ശാന്തതയും അദ്ദേഹത്തിന്റെ പ്രകൃതിയെ എത്രയും മധുരമാക്കി. 38 മത്തെ വയസ്സിൽ  വില്ലിബ്രോർഡ് വൈദികനായി.

 ജർമനിയിൽ സുവിശേഷം പ്രസംഗിക്കാനാണ് ഫാദർ  വില്ലിബ്രോർഡിനെ നിയോഗിച്ചത്. വി. സ്വിഡ്ബെർട്ടും വേറെ പത്തു സന്യാസികളും അദ്ദേഹത്തിന്റെ കൂടെപ്പോയി. വി. സ്വിഡ്ബെർട്ട്, ബെർഗ്ഗിൻ മെത്രാനായി നിയമിതനായി. ഈ മിഷനറിമാരുടെ സുവിശേഷ പ്രസംഗം വമ്പിച്ച വിജയമായിരുന്നു. അന്നത്തെ രാജാവ് പെപ്പിൻ വില്ലിബ്രോഡിനെ മെത്രാനാകാൻ ശുപാർശ ചെയ്തു. വളരെ വൈമുഖ്യത്തോടെ അദ്ദേഹം മെത്രാൻ പദം സ്വീകരിച്ച് യൂട്രക്റ്റിൽ താമസിക്കാൻ തുടങ്ങി. പ്രസന്നവദനനും മധുരഭാക്ഷിയുമായ ആർച്ച് ബിഷപ്പ് അക്ഷീണം ദൈവത്തിന്റെ സഭയ്ക്കുവേണ്ടി അദ്ധ്വാനിച്ചു. അത്ഭുതകൾ അനേകം പ്രവർത്തിച്ചു. ദൈവത്തിനും മനുഷ്യനും സംപ്രീതനായി അമ്പതുകൊല്ലം അദ്ദേഹം യൂട്രിക്ട് മെത്രാപ്പോലീത്ത സ്ഥാനം വഹിച്ചു. ഫ്രീസിയരുയുടെ ഇടയിൽ അദ്ദേഹം വമ്പിച്ച വിജയം വരിച്ചു. ഹെലിഗോളാന്റിനും ഡെൻമാർക്കിലും അദ്ദേഹത്തിന് അത്രയും വിജയമുണ്ടായില്ല.

വിശുദ്ധ മാർട്ടിന്റെ പള്ളി അദ്ദേഹം പുതുക്കി പണിയുകയും ഇത് പിന്നീട് അവിടത്തെ പ്രധാന പള്ളിയാവുകയും ചെയ്തു. ഇതിനിടെ അദ്ദേഹം ലക്സംബർഗ്ഗിലുള്ള ഏക്‌ടെർനാച്ചിൽ ഒരു ആശ്രമം പണിതു. പെപിൻ എന്ൻ പേരായ ചാൾസ് മാർടെലിനെ അദ്ദേഹം ജ്ഞാനസ്നാനപ്പെടുത്തിയിരിന്നു. ഇദ്ദേഹം പിൽക്കാലത്ത്‌ ഫ്രാൻസിന്റെ രാജാവായി. വില്ലിബ്രോർഡ് പണിത പള്ളികളുടെ സംരക്ഷകനായിരുന്ന ചാൾസ് മാർടെൽ ഉട്രെച്ചിന്റെ പരമാധികാരം പിന്നീട് വിശുദ്ധനെ ഏൽപ്പിച്ചു.

വിശുദ്ധ വില്ലിബ്രോർഡ് ഡെന്മാർക്കിലും തന്റെ പ്രേഷിത പ്രവർത്തനം നടത്തിയിരുന്നു. ക്രൂരനായ രാജാവായിരുന്നു അക്കാലത്ത്‌ അവിടെ ഭരിച്ചിരുന്നത്. അദൃശമായ തടസ്സങ്ങളെ മുൻകൂട്ടി കണ്ട വിശുദ്ധൻ താൻ മാമ്മോദീസ മുക്കിയ മുപ്പതോളം കുട്ടികളുമായി തിരികെ ഉട്രെച്ചിലെത്തി. വാൾചെരെൻ ദ്വീപിലും അദ്ദേഹം തന്റെ സുവിശേഷ വേല ചെയ്തു. അവിടെ ധാരാളം പേരെ മതപരിവർത്തനം ചെയ്യുകയും കുറെ പള്ളികൾ പണിയുകയും ചെയ്തു. അവിടെ വച്ച് വിഗ്രഹാരാധകനായ ഒരു പുരോഹിതൻ വാളിനാൽ വെട്ടിയെങ്കിലും വിശുദ്ധനെ മുറിവേൽപ്പിക്കുവാൻ പോലും സാധിച്ചില്ല. ഈ പുരോഹിതൻ അധികം വൈകാതെ മരിച്ചു.

720-ൽ വിശുദ്ധ ബോനിഫസ്‌ വിശുദ്ധനൊപ്പം ചേർന്നു. മൂന്ന് വർഷത്തോളം അദ്ദേഹം വിശുദ്ധന്റെ കൂടെ ചിലവഴിച്ചതിനു ശേഷം ജർമ്മനിയിലേക്ക്‌ പോയി. ഉട്രെച്ചിൽ വിശുദ്ധൻ പിക്കാലത്ത് പ്രസിദ്ധിയാർജ്ജിച്ച ഒരുപാട്‌ സ്കൂളുകൾ പണിതു. ധാരാളം അത്ഭുതങ്ങൾ വിശുദ്ധന്റെ പേരിലുണ്ട്. കൂടാതെ പ്രവചനവരവും ഇദ്ദേഹത്തിനുണ്ടായിരുന്നതായി പറയുന്നു. 50 വർഷക്കാലത്തോളം അദ്ദേഹം മെത്രാനായി വിശ്രമമില്ലാതെ ജോലിചെയ്തു.

ഐറിസ്ലാന്റിലെ പെപ്പിന്റെ സഹായത്തോടുകൂടി ലക്‌സംബെർഗ്ഗിൽ ഏക് ടെർനാക്കിൽ ഒരാശ്രമം സ്ഥാപിച്ചു വാർധ്യക്യത്തിൽ അവിടേക്ക് താമസം മാറ്റി. ഒരേ സമയം അദ്ദേഹം ദൈവത്തെപോലെയും മനുഷ്യനെ പോലെയും ആദരിക്കപ്പെടുകയും മരിക്കുകയും ചെയ്തു. ലക്സംബർഗ്ഗിലുള്ള ഏക്‌ടെർനാച്ചിലെ ആശ്രമത്തിൽ ഈ വിശുദ്ധൻ അന്ത്യവിശ്രമം കൊള്ളുന്നു. 81 മത്തെ വയസ്സിൽ അദ്ദേഹം ഭാഗ്യമോടെ കർത്താവിൽ നിദ്ര പ്രാപിച്ചു .

വിചിന്തനം: “യഥാർത്ഥ തീക്ഷണത ദൈവസ്നേഹത്തിൽ അധിഷ്ഠിതമാണ്. അതിന് അലസത അറിഞ്ഞുകൂടാ, സദാ അദ്ധ്വാനിച്ചുകൊണ്ടിരിക്കും. അത് അഗ്നിപ്പോലെയാണ്, ഒരിക്കലും അതിന് തൃപ്‌തി വരികയില്ല.”  

  ഇതര വിശുദ്ധർ:

1. അക്കില്ലാസ്(+313) അലക്‌സാൻഡ്രിയായിലെ മെത്രാൻ.
2. അൽബിയിലെ മെത്രാൻ/ബ്ലിൻലിവൈറ്റ് (ഒമ്പതാം നൂറ്റാണ്ട്).
3. ബാനെസിലെ മെത്രാൻ/കുംഗാർ (ആറാം നൂറ്റാണ്ട്).
4. മെലാസിപ്പൂസ് (+360) രക്തസാക്ഷി.
5. റൂഫൂസ് (+400) മെറ്റ്‌സിലെ മെത്രാൻ.
6. ആക്റ്റൂസ്-രക്തസാക്ഷി/അച്ചില്ലാസ് (+313) രക്തസാക്ഷി.
7. ഏണസ്റ്റ് (+1148) ആബട്ട്‌.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group