ഹൃദയം എന്ന അവയവത്തെ ശാരീരിക അവയവം എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കാമെങ്കിലും, പൂർണ്ണമായ അർത്ഥത്തിൽ ഹൃദയം എന്ന വാക്ക് അർത്ഥമാക്കുന്നത് നമ്മുടെ ചിന്തകളുടെയും ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും തീരുമാനങ്ങളുടെയും സ്വഭാവങ്ങളുടെയും ഉറവിടം എന്നാണ്. ഒരു മനുഷ്യന്റെ വിചാരങ്ങളും വികാരങ്ങളും തീരുമാനങ്ങളും വളരെ തീഷ്ണമായ ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നുപോയതിനു ശേഷമാണ് അയാൾ ഹൃദയത്തിൽ ശുദ്ധിയുള്ളവനായി മാറുന്നത്. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളുമാണെന്നു പറഞ്ഞ ഈശോ, അതോടൊപ്പം തന്നെ, ഫലം തരുന്നതിനെ കൂടുതൽ ഫലം കായ്ക്കാനായി പിതാവായ ദൈവം വെട്ടിയൊരുക്കുന്നു എന്നും നമ്മോടു പറഞ്ഞിട്ടുണ്ട്.
നമ്മുടെ ഹൃദയത്തിൽ വേരുപാകിയിരിക്കുന്ന അനാവശ്യമായുള്ളവ എല്ലാം അഗ്നിയിൽ ദഹിപ്പിച്ചും വെട്ടിയോരുക്കിയും, നമ്മുടെ എല്ലാ പ്രവർത്തികളുടെയും വിചാരങ്ങളുടെയും തീരുമാനങ്ങളുടെയും ആത്യന്തിക ലക്‌ഷ്യം വിശുദ്ധി ആയി മാറുമ്പോഴാണ് നമ്മൾ ഹൃദയശുദ്ധി ഉള്ളവരാകുന്നത്. ഒരല്പം പരിശ്രമിച്ചാൽ, മനുഷ്യരുടെ മുൻപിൽ നല്ലവനെന്ന് പേരെടുക്കുവാനും ഒട്ടേറെ ആരാധകരെ സമ്പാദിക്കുവാനും ഒക്കെ നമുക്ക് സാധിക്കുമായിരിക്കും. എന്നാൽ, ദൈവത്തിന്റെ പ്രകാശത്തിനു മുൻപിൽ അന്ധകാരത്തിനു സ്ഥാനമില്ല. ദൈവത്തിന്റെ പ്രകാശത്തിനു മുൻപിൽ നിൽക്കുമ്പോൾ, പാപമെന്നു ബോധ്യമുണ്ടായിട്ടും നമ്മൾ രഹസ്യത്തിൽ ചെയ്തുകൊണ്ടിരുന്ന എല്ലാ പ്രവർത്തികളും കർത്താവിന്റ വിധി ദിവസത്തിൽ വെളിപ്പെടും.
ലോകം വച്ചുനീട്ടുന്ന മാനുഷിക പ്രലോഭനങ്ങളോടുള്ള താൽപര്യം മനുഷ്യനിൽ ജൻമസിദ്ധമാണ്. നമ്മളിലെ ഈ പോരാട്ടത്തെ നമ്മേക്കാളും നന്നായി അറിയുന്ന ദൈവം, അവയെ എതിർത്തു നിൽക്കാനും ചെറുത്തു തോൽപിക്കാനും ആവശ്യമായ കൃപകൾ നമുക്കെല്ലാം ധാരാളമായി നൽകുന്നുണ്ട്. നമ്മെ ദൈവത്തിൽനിന്നും അകറ്റി നിർത്തിയിരിക്കുന്ന എല്ലാ അന്ധകാര ബന്ധനങ്ങളുടെയും കെട്ടുകൾ പ്രാർത്ഥനയിലൂടെയും അനുതാപത്തിലൂടെയും ഉപവാസത്തിലൂടെയും പൊട്ടിച്ചെറിഞ്ഞ്, ദൈവം നൽകുന്ന നിത്യജീവന്റെ വഴിയെ സഞ്ചരിക്കാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group