അമേരിക്കൻ ആക്ടിവിസ്റ്റും അധ്യാപികയുമായ ഹോർലി വഹ്ബയുടെ ലോകപ്രസിദ്ധമായ പുസ്തകമാണ് ‘Kindness Boomerang’ . ലോകത്തെ കുറെക്കൂടി ദയയുള്ളതാക്കി മാറ്റുവാനുള്ള 365 ചെറിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ഒരു ചെറിയ കൈപ്പുസ്തകം ആണത്. ഇത് കൂടാതെ ‘ലൈഫ് വെസ്റ്റ് ഇൻസൈഡ്’ എന്ന ഒരു ചെറിയ സംഘടനയും ആ സ്ത്രീ സ്ഥാപിച്ചു. ആ സംഘടന ആ പുസ്തത്തിന്റെ അതേ ലേബലിൽ ഇറക്കിയ വീഡിയോയും ലോക പ്രസിദ്ധമായിരുന്നു.
അത് ഇപ്രകാരമാണ്. ഒരു റോഡ് പണിക്കാരൻ റോഡിൽ വീണ ഒരു കുട്ടിയെ താങ്ങി എണീപ്പിക്കുന്നു. ആ കുട്ടി പിന്നീട് ഒരു പ്രായമായ സ്ത്രീ സഹായിക്കുന്നു. ആ സ്ത്രീ മറ്റൊരു യുവതിയെ സഹായിക്കുന്നു. അങ്ങനെ പരസ്പരം സഹായിക്കുന്നവരുടെ ഒരു ചങ്ങല സൃഷ്ടിക്കപ്പെടുന്നു. ഒടുവിൽ ഹ്രസ്വ ചിത്രം അവസാനിക്കുന്നത് ആദ്യത്തെ റോഡ് പണിക്കാരന് ഒരു സ്ത്രീ ഒരു കുപ്പി കുടിവെള്ളം വാങ്ങി കൊടുക്കുന്നതോടു കൂടിയാണ് . എന്ന് പറഞ്ഞാൽ ഒരാള് വേറൊരാളോട് കാണിച്ച ദയ മറ്റേതെങ്കിലും ഒരു രൂപത്തിൽ അയാളിലേക്ക് തന്നെ തിരിച്ചു വരുന്നു എന്ന് ചുരുക്കം.നമ്മൾ ചെയ്യുന്ന ഓരോ കാരുണ്യ പ്രവർത്തിയും നമ്മിലേക്ക് തന്നെ ഒരു ‘ബൂമറാംഗ്’ കണക്കെ തിരിച്ചു വരുന്നു എന്നുള്ളതാണ് ഹോർലിയുടെ നിരീക്ഷണം. ഈ ലോകമാകുന്ന കടലിൽ മുങ്ങി പോകാതെ ഒഴുകി നടക്കാനുള്ള ഒരു ‘ലൈഫ് ജാക്കറ്റ്’ ആണ് ദയ എന്നാണ് ആ സ്ത്രീയുടെ നിഗമനം.
എന്നാൽ നിർഭാഗ്യവശാൽ അധികം പേരും ഈ ‘ജാക്കറ്റ്’ എടുക്കുന്നില്ല എന്നതാണ് അപകടം. ഒട്ടും ദയയില്ലാത്ത കണ്ണിൽ ചോരയില്ലാത്തവരുടെ ഒരു കാലത്താണ് നമ്മൾ ജീവിക്കുക. ഒത്തിരി തിരക്കുകൾക്കിടയിൽ നമ്മൾ തിങ്ങി ഞെരുങ്ങുമ്പോൾ ഇവിടെ ഒരാൾക്ക് മറ്റൊരാളെ കേൾക്കുവാനോ സഹായിക്കുവാനോ അയാളോട് സഹാനുഭൂതിയോടെ പെരുമാറുവാനോ സമയമില്ല. എന്നാൽ അതിനിടയിയും നന്മയുടെ ചില തുരുത്തുകൾ നമുക്ക് കണ്ടു മുട്ടാനാകും.ഫ്രാൻസിസ് മാർപാപ്പയുടെ 2018ലെ ചിലിയിലെ സന്ദർശനമാണ് വേദി. ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തെ കാണുവാനായി കാത്തു നിൽക്കുന്നു. അവരെ അഭിവാദനം ചെയ്തുകൊണ്ട് തന്റെ മൊബൈൽ വാഹനത്തിൽ പാപ്പ മുന്നോട്ടു നീങ്ങി. അതിനിടയിൽ ആ വാഹനത്തിന് അകമ്പടി സേവിച്ചിരുന്ന ഒരു പോലീസ് ഓഫീസറായ യുവതി കുതിരയുടെ പുറത്തുനിന്ന് താഴെ വീഴുന്നു . അതു കണ്ട ഉടൻ പാപ്പാ തന്റെ വാഹനം നിർത്താൻ ആവശ്യപ്പെട്ടു. അദ്ദേഹം അതിൽനിന്നും പുറത്തിറങ്ങി ആ സ്ത്രീയുടെ അടുത്തെത്തി അവളെ എണീപ്പിച്ചു ആശ്വസിപ്പിച്ചു ആശുപത്രിയിലാക്കാൻ വേണ്ട നിർദ്ദേശവും നൽകി. കാരുണ്യത്തിന്റെ ആധുനിക കാലത്തെ ആൾ രൂപമായി കരുതപ്പെടുന്ന ഫ്രാൻസിസ് പാപ്പയുടെ അനുകരണീയമായ ഒരു മാതൃകയായിട്ടാണ് ഈ പ്രവർത്തിയെ മാധ്യമ ലോകം അന്ന് വിലയിരുത്തിയത്.
നമ്മുടെ കുടുംബ ബന്ധങ്ങളിലും സൗഹൃദങ്ങളുടെ ഇടയിയും അയൽപക്ക ബന്ധങ്ങക്കിടയിലും നാം അറിയാതെ ഒരു ക്രൂരത ഇന്ന് കടന്നുകൂടിയിരുന്നു. ഓരോ ദിവസവും നാം കേൾക്കുന്ന ദാരുണമായ വാർത്തകൾ മനുഷ്യൻ അടിസ്ഥാനപരമായി ഒരു മൃഗം തന്നെയാണ് എന്ന് സത്യം ഒരിക്കൽ കൂടി ഊട്ടി ഉറപ്പിക്കുന്നു.ഭക്ഷണം മോഷ്ടിച്ചതിന് ചെറുപ്പക്കാരനെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടം, പരിക്കേറ്റു കിടന്ന യാത്രികനെ വഴിയിൽ ഉപേക്ഷിച്ചിട്ട് കളഞ്ഞ സഹ യാത്രികൻ, പെറ്റമ്മയ്ക്ക് വിഷം നൽകി കൊന്നുകളഞ്ഞ മകൾ, സ്വന്തം കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കളഞ്ഞ അമ്മ അങ്ങനെ ക്രൂരതയുടെ ആൾരൂപങ്ങൾക്കു നടുവിലാണ് നമ്മൾ ജീവിക്കുക. ഉദരത്തിൽ കിടക്കുന്ന കുഞ്ഞു മുതൽ വൃദ്ധമന്ദിരത്തിൽ ഇരിക്കുന്ന പ്രായമായ മാതാപിതാക്കളുടെതൊണ്ടയിൽ നിന്നും പോലും അല്പം കനിവിനു വേണ്ടിയുള്ള യാചനയുടെ നിലവിളികൾ മുഴുകിക്കൊണ്ടിരിക്കുന്നു. അവർക്ക് മുന്നിൽ കാരുണ്യത്തിന്റെ പ്രവാചകൻമാർ ആകാനുള്ള വലിയ ഉത്തരവാദിത്തം നമുക്കുണ്ട്.
സത്യത്തിൽ എല്ലാ മതങ്ങളും മുന്നോട്ടു വെക്കുന്നത് ഈ കാരുണ്യത്തിന്റെ ദൈവ ശാസ്ത്രമാണ്. പക്ഷെ മനുഷ്യന്റെ ക്രൂരതയുടെ മുഖങ്ങളായി ഈ മതങ്ങൾ മാറുന്നു എന്നതാണ് സങ്കടം. ലോകത്തു നടന്ന രണ്ടു ലോക മഹായുദ്ധങ്ങളിൽ കൊല്ലപ്പെട്ടതിനേക്കാൾ ഏറെ മനുഷ്യർ മത വൈര്യത്താൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. മനുഷ്യനോട് മാത്രമല്ല സർവ്വ ജീവജാലങ്ങളോടും ഒരല്പം ദയയോടു കൂടി പെരുമാറാകാൻ കഴിയുക എന്നുള്ളതാണ് ഏറ്റവും വലിയ ആത്മീയത എന്ന് നമ്മൾ നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുനന്നു. ബഷീർ പറയുന്നത് പോലെ “ദാഹിച്ചു പറഞ്ഞ ഒരു മൃഗത്തിന് വെള്ളം കൊടുക്കുന്നത് പ്രാർത്ഥനയാണ്. ഒരു ചെടിയോ വൃക്ഷമോ വെള്ളമൊഴിച്ചു നട്ടുവളർത്തുന്നതും പ്രാർത്ഥന തന്നെ, സഹജീവികളെ സന്തോഷിപ്പിക്കുന്നതും ഒരു പുഷ്പത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതും ദുഃഖിതരെ ആശ്വസിപ്പിക്കുന്നത് രാവിന്റെയും പകലിന്റെയും ഭീതികളിൽ നിന്നും രക്ഷിക്കണമേ എന്ന് അപേക്ഷിക്കുന്നതും പ്രാർത്ഥന തന്നെ . അന്ധമായ പ്രാർത്ഥനയാകുന്നു ജീവിതം മുഴുവൻ .”
യൂട്യൂബിൽ കണ്ട ഒരു ചെറിയ വീഡിയോ പ്രകാരമാണ്: ഒരു കടയിൽ നിന്നും വിശപ്പ് അകറ്റാൻ ഭക്ഷണത്തിൻറെ ഒരു പൊതി മോഷ്ടിച്ചതിന് ഒരു പയ്യനെ കടക്കാരൻ കണക്കിനു ശാസിക്കുകയാണ്. ഒരു മധ്യവയസ്കൻ ആ കുട്ടിയുടെ ഭക്ഷണത്തിന്റെ പൈസ കൊടുത്തുകൊണ്ട് ആ ഭക്ഷണ പൊതി അവനു നല്കി ആ കുട്ടിയെ ആശ്വസിപ്പിച്ചു വീട്ടിലേക്ക് പറഞ്ഞയക്കുന്നു. വർഷങ്ങൾക്ക് ഇപ്പുറം അയാൾ ഒരു ഹോസ്പിറ്റലിൽ ചികിത്സക്കായി കിടക്കുകയാണ്. പരിശോധനയ്ക്ക് ശേഷം ബില്ലടക്കാൻ ചെന്ന അദ്ദേഹത്തിൻറെ കിട്ടിയ മറുപടി അയാളുടെ മെഡിക്കൽ ബില്ലുകൾ ആരോ അടച്ചു എന്നാണ്. ആ വീഡിയോ അവസാനിക്കുന്നത് ഇപ്രകാരമാണ് വർഷങ്ങൾക്കു മുമ്പ് അയാൾ സഹായിച്ച പഴയ കുട്ടിയാണ് ആ ഹോസ്പിറ്റലിലെ ഡോക്ടർ . അവൻ അയാളോട് വളരെ മൃദുലമായി മന്ത്രിക്കുന്നു: 20 വർഷങ്ങൾക്കു മുമ്പ് താങ്കൾ ഈ മെഡിക്കൽ ബില്ലിനുള്ള പണം അടച്ചു കഴിഞ്ഞിരിക്കുന്നു” എന്ന്.സംഗതി ഇത്രയേ ഉള്ളൂ നമ്മൾ ചെയ്യുന്ന ഓരോ നന്മ പ്രവർത്തിക്കും മറ്റേതെങ്കിലും രൂപത്തിൽ പ്രതിഫലം ഒരു ‘ബൂമറാംഗ്’ കണക്ക് നമ്മിലേക്ക് തിരിച്ചു വരും. അതിൽ ഒട്ടും സംശയമില്ല
വിശുദ്ധ ഗ്രന്ഥത്തിൽ അഷ്ടാംഗഭാഗ്യങ്ങൾ പറയുമ്പോൾ നൽകിയത് പോലെ തിരിച്ചു കിട്ടുമെന്ന് ഈശോ പറയുന്നത് ‘കരുണ’ എന്ന ഒരേ ഒരു പുണ്യത്തിലാണ്.
കരുണയുള്ളവരെ ഭാഗ്യവാന്മാർ നിങ്ങൾക്ക് കരുണ ലഭിക്കുമെന്നാണ്” ( മത്തായി5:7) പറയുന്നത്. അതുകൊണ്ടു നമുക്ക് കുറച്ചുകൂടി കാരുണ്യത്തോടെ കൂടി മറ്റുള്ളവരോട് വ്യാപിക്കാം. ദയയുടെ ബൂമറാംഗുകൾ നമുക്ക് നേരെ വരിക തന്നെ ചെയ്യും.
കടപ്പാട് :ഫാ. നൗജിൻ വിതയത്തിൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group