സി. ജെസീനയുടെ മരണത്തിന്റെ നിഗൂഢതകൾ ചുരുളഴിയുന്നു

എറണാകുളം വാഴക്കാല ഡോട്ടേഴ്സ് ഓഫ് സെൻ്റ് തോമസ് (ഡി.എസ്.റ്റി) കോൺവെൻ്റിൽ അംഗമായ സി. ജെസീന തോമസിന്റെ (45) അകാലവിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും സി. ജെസീനയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ഒപ്പം അവരുടെ കുടുംബാംഗങ്ങളുടെയും സമൂഹാഗംങ്ങളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു. പ്രിയപ്പെട്ട സിസ്റ്ററിന്റെ മരണവുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾക്ക് വ്യക്തത നൽകേണ്ടത് ആവശ്യമാണെന്ന് കരുതുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചില മാനസികാസ്വാസ്ഥ്യങ്ങൾ നേരിട്ടിരുന്ന സിസ്റ്റർ ജെസീന ചികിത്സാ ആശ്യങ്ങൾക്കായാണ് സേവന മേഖലയായ ഉജ്ജയിനിൽ നിന്ന് കേരളത്തിൽ വന്നു താമസിച്ചിരുന്നത്. പത്ത് വർഷത്തോളമായി കാക്കനാട് കുസുമഗിരി മെന്റൽ ഹോസ്പിറ്റലിൽ വിഷാദ രോഗത്തിനുള്ള ചികിത്സയിലായിരുന്നു സിസ്റ്റർ. പതിനാറ് വർഷങ്ങൾക്ക് മുമ്പ് സി. ജെസീന നേരിട്ടു കാണാനിടയായ ഒരു അപകടമാണ് അവരുടെ മനസിന്റെ താളം തെറ്റിച്ചത്. ഉജ്ജൈൻ രൂപതയിൽ ചന്ദുക്കേടി മിഷൻ സ്റ്റേഷനിൽ സേവനം ചെയ്തിരുന്ന സി. ജെസീന 2004 ഓഗസ്റ്റ് 21- ന് ഉജ്ജൈനിലെ ഡി. എസ്. റ്റി സഭയുടെ പ്രെവിൻഷ്യൽ ഹൗസിൽ നിന്നും ഇൻ്റേണൽ ഓഡിറ്റിങ്ങിനായി വന്ന സി. സിജി കിഴക്കേപറമ്പിലിനെ തിരികെ അയയ്ക്കാനായി റോഡരികിൽ ബസ്സ് കാത്ത് നിൽക്കുമ്പോൾ അമിത വേഗത്തിൽ വന്ന ഒരു വാഹനം സി. സിജിയെ ഇടിച്ച് വീഴ്ത്തുകയും സിസ്റ്റർ സിജി തൽക്ഷണം മരണമടയുകയും ചെയ്തു. ദാരുണമായ ആ സംഭവത്തിന്റെ ദൃക്സാക്ഷിയായ സി. ജെസീന അതോടെ മാനസികമായി തളരുകയും പിന്നീടുള്ള നാളുകളിൽ ചില മാനസികാസ്വസ്ഥതകൾ പ്രകടിപ്പിച്ചുതുടങ്ങുകയും ചെയ്തു. അന്നുമുതൽ സിസ്റ്ററിന് ആവശ്യമായ ചികിത്സയും പരിചരണയും ശ്രദ്ധാപൂർവ്വം നൽകുന്നതിൽ ഡി.എസ്.റ്റി സന്യാസിനീ സമൂഹം വീഴ്ച വരുത്തിയിട്ടില്ല. 2011ൽ വിദഗ്ധ ചികിത്സയ്ക്കായി സി. ജെസീനയെ കേരളത്തിലേയ്ക്ക് കൊണ്ടുവരികയും ചികിത്സ ആരംഭിക്കുകയുമുണ്ടായി.

സി. ജെസീന 2009 ലും 2011 ലും ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുകയുണ്ടായപ്പോൾ അന്നത്തെ മേജർ സുപ്പീരിയേഴ്സ് മാതാപിതാക്കളെ വിളിച്ച് വിശദവിവരം പറയുകയും ഉണ്ടായിരുന്നു. 2011 ആയപ്പോൾ സി. ജെസീനയുടെ മാനസികാരോഗ്യം കൂടുതൽ മോശമായതോടെ കുടുംബാംഗങ്ങളുടെ താൽപര്യപ്രകാരം കുറച്ചുകാലം അവരുടെ മേൽനോട്ടത്തിൽ കേരളത്തിൽ ചികിത്സ നടത്തുകയും ചെയ്തിരുന്നു. ചികിത്സയ്ക്കായി കേരളത്തിൽ എത്തിയ 2011 മുതൽ നാലുവർഷം എറണാകുളം അങ്കമാലി അതിരൂപതയിലെ വാഴക്കാല കോൺവെന്റിൽ അംഗമായിരുന്ന സിസ്റ്റർ പിന്നീടുള്ള നാലുവർഷം തലശ്ശേരിയിലായിരുന്നു. വീണ്ടും 2019 നവംബർ മാസം മുതൽ, ചികിത്സാവശ്യത്തിനായി വാഴക്കാല ഇടവകയിലുള്ള കോൺവെൻ്റിലെ അംഗമായി സി. ജെസീന തിരികെയെത്തുകയായിരുന്നു. ഈ ലോക്ഡൗൺ കാലത്ത് സി. ജെസീന ഡിപ്രഷൻ പോലുള്ള അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും അടുത്തടുത്ത് ഡോക്ടറെ കണ്ട് നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി 14 രാവിലെ കടുത്ത ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടുന്നു എന്നറിയിച്ചതിനാൽ വിശ്രമിക്കാൻ മദർ സുപ്പീരിയർ പറഞ്ഞതനുസരിച്ച് ഞായറാഴ്ച ആയിരുന്നിട്ടും പള്ളിയിൽ പോകാതെ വിശ്രമത്തിലായിരുന്നു സി. ജെസീന. അതിനിടയ്ക്കും അവിടെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രണ്ട് സിസ്റ്റേഴ്സിനുള്ള പ്രഭാത ഭക്ഷണവും 10.30 ന് ചായയും മുറിയിൽ എത്തിച്ചു കൊടുത്തത് സി. ജെസീനയായിരുന്നു. ഏകദേശം പതിനൊന്ന് മണിവരെ സിസ്റ്റർ മഠത്തിൽ തന്നെ ഉണ്ടായിരുന്നതായി പലരും കണ്ടിരുന്നെങ്കിലും ഉച്ചയൂണിൻ്റെ സമയത്ത് എത്താത്തതിനെ തുടർന്ന് കോൺവെൻ്റിൽ ഉണ്ടായിരുന്ന മറ്റ് സിസ്റ്റേഴ്സ് അവരെ അന്വേഷിച്ച് മുറിയിൽ ചെന്നെങ്കിലും അവിടെ കണ്ടില്ല. കോൺവെൻ്റിലും പരിസരത്തും അന്വേഷിച്ചിട്ടും കാണാതെവന്നപ്പോൾ മേലധികാരികളെ അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. പിന്നീടുള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വൈകുന്നേരം ആറു മണിയോടെ സ​മീ​പ​ത്തെ പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ സി. ജെസീനയെ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയുന്നു. ഏതെങ്കിലും വിധത്തിലുള്ള ദുരൂഹതയോ, സി. ജെസീനയുടെ അകാലമരണത്തിൽ മറ്റാർക്കെങ്കിലും പങ്കോ ഉണ്ടെങ്കിൽ പോലീസ് അന്വേഷണത്തിൽ വെളിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

സി. ജെസീനയ്ക്ക് മനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി തങ്ങൾക്ക് അറിവില്ല എന്ന് ബന്ധുക്കൾ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി അറിയാനിടയായി. തികച്ചും വാസ്തവ വിരുദ്ധമാണ് അത്. അസ്വാസ്ഥ്യം സംബന്ധിച്ച വാസ്തവം അറിഞ്ഞിരുന്ന അടുപ്പമുള്ളവർ അക്കാര്യം പരസ്യപ്പെടുത്താത്തതിനാൽ ഒരുപക്ഷെ മറ്റധികം പേർ അറിഞ്ഞിരിക്കാനിടയില്ല. എന്നാൽ, ചികിത്സാ സംബന്ധമായ എല്ലാ റിപ്പോർട്ടുകളും അതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും സിസ്റ്ററിനെ ചികിൽസിച്ചിരുന്ന ഹോസ്പ്പിറ്റലിലുണ്ട്. പോലീസ് ഉദ്യോഗസ്ഥർ അത് പരിശോധിച്ച് ബോധ്യപ്പെട്ടതായാണ് അറിവ്.

ഞങ്ങളിൽ ഒരാളാണ് അകാലത്തിൽ പൊലിഞ്ഞിരിക്കുന്നത്. ആ തീരാദുഃഖത്തിനിടയിൽ ഇക്കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനിച്ചത് ചിലർ വ്യാജപ്രചാരണങ്ങൾക്കായി തുനിഞ്ഞിറങ്ങിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ്. ഗൂഢ ലക്ഷ്യങ്ങളോടെ ദുഷ്പ്രചാരണങ്ങൾ നടത്തുന്ന അത്തരക്കാരുടെ കെണികളിൽ അകപ്പെട്ട് വഞ്ചിതരാകരുതെന്ന് എല്ലാവരോടും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.

വോയ്‌സ് ഓഫ് നൺസ്