ഡിസംബർ 02: വിശുദ്ധ ബിബിയാന…

ജൂലിയന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലാണ് വിശുദ്ധ ബിബിയാന രക്തസാക്ഷിത്വം വരിച്ചത്.ക്രിസ്തുവില്‍ വിശ്വസിച്ചിരുന്ന ഫ്ലാവിയന്‍, ദഫ്രോസ എന്നിവരായിരുന്നു വിശുദ്ധ ബിബിയാനയുടെ മാതാപിതാക്കള്‍. ദഫ്രോസയെ തലയറുത്ത് കൊലപ്പെടുത്തുകയും, റോമന്‍ പുരോഹിതനായിരുന്ന ഫ്ലാവിയനെ ചൂടാക്കിയ ഇരുമ്പ് കൊണ്ട് മുഖം പൊള്ളിക്കുകയും നാട്കടത്തുകയും ചെയ്തു.

ബിബിയാനയേയും അവളുടെ സഹോദരിയായ ദിമെട്രിയായേയും അവരുടെ എല്ലാ സമ്പാദ്യങ്ങളും കണ്ടുകെട്ടിയതിനു ശേഷം വീട്ടു തടങ്കലിലാക്കി. അഞ്ചു മാസത്തോളം ഈ സഹോദരിമാര്‍ ഉപവസിച്ചു. അവരെ ന്യായാപീഡത്തിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ വിശുദ്ധയുടെ സഹോദരിയായ ദിമെട്രിയാ അവിടെ വച്ച് മരണമടഞ്ഞു. ന്യായാധിപന്‍ വിശുദ്ധ ബിബിയാനയെ ഫുഫിനാ എന്ന സ്ത്രീക്ക് കൈമാറി.

ഈ സ്ത്രീ തന്റെ മുഴുവന്‍ കഴിവും ഉപയോഗിച്ച് വിശുദ്ധയെ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിച്ചെങ്കിലും അവരുടെ ശ്രമങ്ങളെല്ലാം വൃഥാവിലായി. അതിനേതുടര്‍ന്ന് വിശുദ്ധയെ ഈയം കൊണ്ടുള്ള മുള്ളാണികള്‍ നിറഞ്ഞ ചമ്മട്ടികൊണ്ടടിച്ച് കൊലപ്പെടുത്തി. നായ്ക്കള്‍ക്ക് ഭക്ഷണമാകാന്‍ വേണ്ടി അവളുടെ മൃതദേഹം വെളിമ്പ്രദേശത്തു വലിച്ചെറിഞ്ഞു. എന്നാല്‍ ഒരു നായപോലും വിശുദ്ധയുടെ മൃതദേഹത്തില്‍ സ്പര്‍ശിക്കുക പോലും ചെയ്തില്ല.

രണ്ടു ദിവസത്തിന് ശേഷം ജോണ്‍ എന്ന് പേരായ ഒരു പുരോഹിതന്‍ രാത്രിയില്‍ അവളുടെ മൃതശരീരം മറവു ചെയ്തു. റോമില്‍ പ്രത്യേകമായി ആദരിക്കപ്പെടുന്ന കന്യകമാരായ മൂന്ന് രക്തസാക്ഷികളില്‍ ഒരാളാണ് വിശുദ്ധ ബിബിയാന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group