ഡിസംബർ 05: വിശുദ്ധ സാബ്ബാസ്..

ജോണ്‍- സോഫിയ ദമ്പതികളുടെ മകനായാണ് വിശുദ്ധ സാബ്ബാസിന്റെ ജനനം. വിശുദ്ധന്റെ പിതാവായ ജോണ്‍ ഒരു സൈനിക കമാന്‍ഡര്‍ ആയിരുന്നു. സൈനീകാവശ്യം സംബന്ധിച്ച് ഒരിക്കല്‍ ഇദ്ദേഹത്തിനു അലെക്സാണ്ട്രിയായിലേക്ക് പോകേണ്ടതായി വന്നു. അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹത്തെ അനുഗമിച്ചു. തങ്ങളുടെ 5 വയസ്സുകാരനായ മകനെ അവന്റെ ഒരു അമ്മാവന്റെ സംരക്ഷണയില്‍ ഏല്‍പ്പിച്ചിട്ടായിരുന്നു അവരുടെ യാത്ര. അവന് എട്ട് വയസ്സ് പ്രായമായപ്പോള്‍ അവന്‍ അടുത്തുള്ള വിശുദ്ധ ഫ്ലാവിയാന്റെ ആശ്രമത്തില്‍ ചേര്‍ന്നു. ദൈവീക-വരമുള്ള ഈ കുട്ടി വിശുദ്ധ ലിഖിതങ്ങളും പ്രമാണങ്ങളും വളരെ പെട്ടെന്ന് തന്നെ സ്വായത്തമാക്കുകയും വിശുദ്ധ ലിഖിതങ്ങളുടെ ഒരു പണ്ഡിതനാവുകയും ചെയ്തു. ആശ്രമ ജീവിതം ഉപേക്ഷിച്ച് വിവാഹം കഴിക്കുവാന്‍ വേണ്ടിയുള്ള മാതാ-പിതാക്കളുടെ ഉപദേശങ്ങളെല്ലാം വൃഥാവിലായി. തന്റെ 17-മത്തെ വയസ്സില്‍ അദ്ദേഹം മതപരമായ ചടങ്ങുകള്‍ക്കുള്ള ആശ്രമ വേഷങ്ങള്‍ ലഭിച്ചു.

ഉപവാസങ്ങളും പ്രാര്‍ത്ഥനയും നിറഞ്ഞ വളരെ മാതൃകാപരമായ ഒരു ജീവിതമായിരുന്നു വിശുദ്ധന്‍ നയിച്ചിരുന്നത്. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള ദൈവീകവരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്തു വര്‍ഷത്തോളം വിശുദ്ധ ഫ്ലാവിയന്റെ ആശ്രമത്തില്‍ ചിലവഴിച്ചതിന് ശേഷം അദ്ദേഹം മറ്റ് ആശ്രമങ്ങളിലേക്ക് പോയി. വിശുദ്ധന്റെ 30 വയസ്സ് വരെയുള്ള ആശ്രമ ജീവിതം വളരെയേറെ വിനയവും അനുസരണയും നിറഞ്ഞതായിരുന്നു.

പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഒരു ഗുഹയിലുള്ള ഏകാന്ത വാസത്തിന്റേതായിരുന്നു. എന്നിരുന്നാലും ചിലപ്പോഴെല്ലാം അദ്ദേഹം തന്റെ ഗുഹ വിട്ട് ആശ്രമത്തില്‍ വരികയും അവിടത്തെ ദൈവീക ശുശ്രൂഷകളില്‍ പങ്ക് ചേരുകയും മറ്റു സഹോദരന്‍മാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് തന്റെ ഗുഹ വിട്ട് പുറത്ത് വരാനുള്ള അനുവാദം നിഷേധിക്കപ്പെട്ടു. അഞ്ചുവര്‍ഷകാലത്തോളം അദ്ദേഹം തന്റെ ഗുഹയില്‍ കഠിനയാതനകള്‍ അനുഭവിച്ചു കൊണ്ടു ചിലവിട്ടു.

കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ക്രമേണ ആശ്രമജീവിതം ആഗ്രഹിച്ചുകൊണ്ടു ആളുകള്‍ അദ്ദേഹത്തിന് ചുറ്റും കൂടുവാന്‍ തുടങ്ങി. സന്യാസിമാരുടെ എണ്ണം കൂടുകയും ഗുഹാശ്രമങ്ങളുടെ എണ്ണവും കൂടി. ഒരിക്കല്‍ അദ്ദേഹം നടന്ന് പോകുമ്പോള്‍ അഗ്നിയുടെ ഒരു സ്തൂപം അദ്ദേഹത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അതിനകത്തായി ദേവാലയത്തിന്റെ ആകൃതിയിലുള്ള ഒരു വിസ്താരമേറിയ ഗുഹ അദ്ദേഹം ദര്‍ശിച്ചതായി പറയപ്പെടുന്നു.

വിശുദ്ധ സാബ്ബാസ് അനേകം ആശ്രമങ്ങള്‍ പണികഴിപ്പിച്ചു. വിശുദ്ധ സാബ്ബാസിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ധാരാളം അത്ഭുതപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. തന്റെ ഗുഹാശ്രമത്തിനുള്ളില്‍ ഒരു ചെറിയ അരുവി ഒരു കിണര്‍പോലെ രൂപപ്പെടുകയും, ജലത്തിന് ക്ഷാമം നേരിട്ട കാലത്ത് പോലും അവിടെ മഴപെയ്യുകയും, ധാരാളം രോഗശാന്തി നല്‍കുകയും, പിശാചുക്കളെ ഒഴിവാക്കുകയും തുടങ്ങി ധാരാളം അത്ഭുതകരമായ പ്രവര്‍ത്തങ്ങള്‍ ഇദ്ദേഹം മുഖാന്തിരം നടന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group