1813-ലാണ് വിശുദ്ധ ജനിച്ചത്. തന്റെ പതിനേഴാമത്തെ വയസ്സ് മുതല്‍ തന്റെ ഇടവകയില്‍ ധ്യാനത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കുക, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ ചെയ്തുവന്നു. ഈ പ്രവര്‍ത്തികളിലെ അവളുടെ സാമര്‍ത്ഥ്യം കണക്കിലെടുത്ത്, അവളുടെ 24-മത്തെ വയസ്സില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായുള്ള ഒരു തൊഴില്‍ ശാലയില്‍ മേല്നോട്ടക്കാരിയായി നിയമിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം, രാത്രികളില്‍ ഈ പെണ്‍കുട്ടികള്‍ക്ക് പോകുവാന്‍ ഒരിടമില്ലെന്നു മനസ്സിലാക്കിയ വിശുദ്ധ ഈ പെണ്‍കുട്ടികള്‍ക്ക് രാത്രിയില്‍ നേരിടേണ്ടി വരുന്ന അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായി അവര്‍ക്ക് പാര്‍ക്കാന്‍ ഒരു സുരക്ഷിതമായ ഭവനം വേണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ മേലധികാരികള്‍ വിശുദ്ധയുടെ ഈ ആവശ്യം നിഷേധിച്ചു. ആ ജോലി ഉപേക്ഷിക്കുവാനുള്ള അവളുടെ തീരുമാനം വളരെപ്പെട്ടെന്നായിരുന്നു.
“നന്മ ചെയ്യുവാനുള്ള ഒരു ചെറിയ അവസരമെങ്കിലും നഷ്ടപ്പെട്ടാല്‍ എനിക്ക് ആ രാത്രി മനസ്സമാധാനത്തോട് കൂടി ഉറങ്ങുവാന്‍ കഴിയുകയില്ല” എന്ന് വിശുദ്ധ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ വിശുദ്ധ ജോലി ഉപേക്ഷിച്ചതിന് ശേഷം പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായി ഒരു പാര്‍പ്പിടം നിര്‍മ്മിക്കുകയും അതിനൊപ്പം ബധിരര്‍ക്കായി വിദ്യാലയം നടത്തുന്ന തന്റെ സഹോദരനെ സഹായിക്കുകയും ചെയ്തു.
തന്റെ 27-മത്തെ വയസ്സില്‍ അവള് മറ്റൊരു വാതില്ക്കല് നില്‍ക്കുകയാണ് – ‘ഹാന്‍ഡ് മെയിഡ്സ് ഓഫ് ചാരിറ്റി’ സന്യാസിനീ സഭയുടെ മേലധികാരിയായി അവള് നിയമിതയായി. പലവിധ രോഗങ്ങളാല്‍ ആശുപത്രികളില്‍ പീഡനമനുഭവിക്കുന്നവരെ സഹായിക്കുക എന്നതായിരുന്നു ഈ സന്യാസിനീ സഭയുടെ ലക്ഷ്യം. തന്റെ കൂട്ടുകാരായ ഗബ്രിയേലാ ബോനാറ്റി, മോണ്‍സിഞ്ഞോര്‍ പിന്‍സോണി തുടങ്ങിയവര്‍ക്കൊപ്പം ഈ സന്യാസിനീമാര്‍ നുഴഞ്ഞ് കയറ്റക്കാരാണെന്ന് വിചാരിച്ചിരുന്ന ആളുകളുടെ ബഹുമാനത്തിനു പാത്രമാകാന്‍ ഇവര്‍ക്ക് കഴിഞ്ഞു.
1848-ല്‍ വിശുദ്ധ തന്റെ ജീവിതം അവസാനിച്ചുവെന്നു തന്നെ കരുതി കാരണം വിശുദ്ധയുടെ കൂട്ടുകാരില്‍ ആദ്യം ഗബ്രിയേലയും, പിന്നീട് മോണ്‍സിഞ്ഞോര്‍ പിന്‍സോണിയും മരിച്ചു. അവരുടെ മരണത്തോടെ വിശുദ്ധ തീര്‍ത്തും നിസ്സഹായയും ആശ്രയിക്കുവാന്‍ കൂട്ടുകാരാരുമില്ലാത്തവളുമായിതീര്‍ന്നു. ഇക്കാലയളവിലാണ് യൂറോപ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അവരുടെ ജന്മദേശം ആക്രമിക്കപ്പെട്ടു. ഇത്തരം സാഹചര്യങ്ങളില്‍ പലരും മടിയും ഭയവും നിമിത്തം തങ്ങളുടെ കിടക്കമുറിയില് പുതപ്പിനടിയില്‍ കഴിച്ചുകൂട്ടുകയാണ് പതിവ്. എന്നാല്‍ വിശുദ്ധയാകട്ടെ തനിക്ക് മുന്നില്‍ വരുന്ന കാര്യങ്ങളില്‍ നിന്നും പുതിയ അവസരങ്ങള്‍ തിരയുകയാണ് ചെയ്തത്.
യുദ്ധത്തില്‍ ധാരാളം പേര്‍ക്ക് മുറിവേല്‍ക്കുകയും രോഗികളാക്കപ്പെടുകയും ചെയ്തു. വിശുദ്ധയും മറ്റ് കന്യകാസ്ത്രീകളും സൈനീക ആശുപത്രിയില്‍ രോഗികളെ പരിചരിക്കുകയും കൂടാതെ യുദ്ധമുഖത്ത് പോലും മുറിവേറ്റവര്‍ക്കും മരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ആത്മീയ ശാന്തിയും ശാരീരിക സൗഖ്യവും നല്കി. 1855-ല്‍ വിശുദ്ധ മരണമടഞ്ഞു. തന്റെ അവസാന വാതിലില്‍ കൂടി കടക്കുമ്പോഴും വിശുദ്ധ ഒട്ടും ഭയപ്പെട്ടിരുന്നില്ല. എന്നെന്നേക്കുമായി തന്റെ പ്രഭുവിന്റെ പക്കല്‍ പോകുന്ന ആനന്ദത്തിലായിരുന്നു വിശുദ്ധ.